ADVERTISEMENT

ടെക്‌നോളജി ഡെവലപ്‌മെന്റ് ഫണ്ടിനു കീഴില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ. യുദ്ധ ടാങ്കുകള്‍ക്ക് ആവശ്യമായ സെഗ്മെന്റഡ് റബര്‍ ട്രാക്കുകള്‍(എസ്ആര്‍ടി) നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കുകയാണ് ഡിആര്‍ഡിഒയുടെ ലക്ഷ്യം. അടുത്തിടെ ഡിആര്‍ഡിഒ പുറത്തിറക്കിയ സോറാവാര്‍ ടാങ്കില്‍ ഉപയോഗിച്ചിരിക്കുന്നതു പോലുള്ള റബര്‍ ട്രാക്കുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. ലഡാക്ക് അടക്കമുള്ള തന്ത്രപ്രധാന യുദ്ധ മേഖലകളില്‍ ഇത്തരം ലൈറ്റ് ടാങ്കുകളുടെ സാന്നിധ്യം നിര്‍ണായകമാണ്.

പരമ്പരാഗതമായി യുദ്ധ ടാങ്കുകളില്‍ ഉരുക്കുകൊണ്ടുള്ള ട്രാക്കുകളാണ് ഉപയോഗിക്കുന്നത്. ഗുണത്തിനൊപ്പം ദോഷവും ഇതുകൊണ്ടുണ്ട്. ഒരു വിധം തടസങ്ങളെയെല്ലാം തകര്‍ത്തു മുന്നേറാന്‍ ടാങ്കുകള്‍ക്ക് കരുത്തു നല്‍കുന്നതില്‍ ഈ ട്രാക്കുകള്‍ നിര്‍ണായകമാണ്. അതേസമയം തടിയും കനവുമുമേറിയ ഈ ഉരുക്കു ട്രാക്കുകള്‍ ടാങ്കുകള്‍ക്ക് അമിത ഭാരമാവുകയും ചെയ്യും. ഇത് ഫലത്തില്‍ ഇന്ധനക്ഷമതയേയും ടാങ്കിന്റെ സുഗമമായ പ്രവര്‍ത്തനത്തേയും ബാധിക്കും.

ടാങ്കുകള്‍ ഓടുന്ന സമയത്ത് വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെടുമെന്നതാണ് മറ്റൊരു പ്രശ്‌നം. രഹസ്യ ദൗത്യങ്ങളിലും നിരീക്ഷണങ്ങളിലും ഇത്തരം ടാങ്കുകള്‍ ഉപയോഗിക്കുന്നതിനെ ഇക്കാരണത്താല്‍ പിന്നോട്ടു വലിക്കുകയും ചെയ്യും. ഇനി റോഡുകളിലൂടെയും മറ്റും ഉരുക്കു ട്രാക്കുള്ള ടാങ്കുകള്‍ കൊണ്ടുപോയാല്‍ റോഡ് തകരാനും സാധ്യത ഏറെയാണ്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള ഒറ്റ പരിഹാരമായാണ് സെഗ്മെന്റഡ് റബര്‍ ട്രാക്കുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. റബറും ഉരുക്ക് അല്ലെങ്കില്‍ പ്രത്യേകതരം കയറുകളും കൂട്ടിയോജിപ്പിച്ചാണ് ഇവ നിര്‍മിക്കുക.

ഉരുക്കു ട്രാക്കുകളെ അപേക്ഷിച്ച് ഭാരം കുറവാണെന്നതാണ് എസ്ആര്‍ടികളുടെ പ്രധാന ഗുണം. ഇത് ടാങ്കിന്റെ ഭാരം 40% മുതല്‍ 50% വരെ കുറക്കാന്‍ സഹായിക്കും. ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാനും കൂടുതല്‍ ഭാരം കൊണ്ടുപോവാനുമെല്ലാം ഇത് സഹായിക്കും. ടാങ്കിനുള്ളില്‍ ഇരിക്കുന്നവര്‍ക്ക് കൂടുതല്‍ അനായാസമായിരിക്കും യാത്രയെന്നതാണ് മറ്റൊരു ഗുണം. അനാവശ്യമായ ശബ്ദവും കുലുക്കവുമെല്ലാം എസ്ആര്‍ടികളുടെ വരവോടെ ഇല്ലാതാവും. ഫലത്തില്‍ സൈനിക ദൗത്യങ്ങളുടെ കാര്യക്ഷമത വര്‍ധിക്കാന്‍ ഇത് സഹായിക്കും. ഉരുക്കു ട്രാക്കുകളെ അപേക്ഷിച്ച് റോഡുകളില്‍ കുറഞ്ഞ കുഴപ്പങ്ങള്‍ മാത്രമേ ഇത്തരം ടാങ്കുകള്‍ വരുത്തുകയുള്ളൂ.

14 മുതല്‍ 20 ടണ്‍ വരെ ഭാരമുള്ള ഇന്ത്യന്‍ നിര്‍മിത ടാങ്കുകള്‍ക്കു വേണ്ടി പ്രത്യേകം എസ്ആര്‍ടികള്‍ നിര്‍മിക്കുകയെന്നതാണ് ഡിആര്‍ഡിഒയുടെ പദ്ധതി. കുറഞ്ഞത് 300 എംഎം വീതിയുള്ളതും നിലവിലെ സ്‌പ്രോക്കറ്റ് ഡിസൈനിന് ആനുപാതികമായ 140എംഎം ട്രാക്ക് പിച്ച് ഉള്ളവയുമായ എസ് ആര്‍ ടികളാണ് നിര്‍മിക്കേണ്ടത്. ഉരുക്കു ട്രാക്കിനെ അപേക്ഷിച്ച് കുറഞ്ഞത് 30% ഭാരം കുറയണം. മൂവായിരം കിലോമീറ്ററെങ്കിലും സഞ്ചരിക്കാനുള്ള ആയുസുണ്ടാവണം. -40ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയെ അതിജീവിക്കാന്‍ സാധിക്കണം. എന്നീ സവിശേഷതകളുള്ള എസ്ആര്‍ടികള്‍ നിര്‍മിക്കുകയാണ് സ്റ്റാര്‍ട്ട്അപ്പുകള്‍ മുമ്പാകെ ഡിആര്‍ഡിഒ വെക്കുന്ന ആവശ്യം.

English Summary:

The Defence Research and Development Organisation (DRDO) has announced a new project under its Technology Development Fund (TDF) scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com