പ്രക്ഷുബ്ധമായ തെക്കൻ ചൈനാക്കടൽ! ആശങ്കയുണർത്തുന്ന ചൈനീസ് നീക്കങ്ങൾ, മറ്റൊരു യുദ്ധത്തിലേക്കോ?
Mail This Article
ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ദക്ഷിണ ചൈനാക്കടലിലെ സുരക്ഷാഭീഷണിയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പേരെടുത്തു പരാമർശിച്ചില്ലെങ്കിലും ഈ മേഖലയിലെ ചൈനീസ് പ്രവർത്തനങ്ങളെ കുറ്റപ്പെടുത്തിയായിരുന്നു ക്വാഡ് അംഗരാജ്യങ്ങളുടെ പ്രതിനിധികൾ സംസാരിച്ചത്.ഫിലിപ്പീൻസും ചൈനയും തമ്മിൽ കടലിൽ നടക്കുന്ന ഉരസലുകളിലും ക്വാഡ് ആശങ്ക രേഖപ്പെടുത്തി.
ക്വാഡിനെതിരെ ചൈനയും രംഗത്തുവന്നിരുന്നു. തെക്കൻ ചൈനാക്കടൽ സമീപകാലത്ത് ഏറ്റവും വലിയ സംഘർഷങ്ങൾ നടക്കുന്ന മേഖലയാണ്.ദിവസങ്ങൾ തോറും അനേകം ചൈനീസ് യുദ്ധവിമാനങ്ങൾ തയ്‌വാന്‌റെ വ്യോമമേഖല ലംഘിച്ചു പറക്കുന്നു. തികഞ്ഞ അക്രമണോത്സുകത പുലർത്തുന്നതുമായ ഈ അഭ്യാസങ്ങൾ തയ്‌വാൻ ജനതയെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. തദ്ദേശീയമായ സ്ഥിരതയും സമാധാനവും നഷ്ടപ്പെടുന്നത് ലോകത്തിലെ തന്നെ പ്രമുഖ വ്യാപാര –വ്യാവസായിക ഹബ്ബുകളിലൊന്നായ തായ്‌വാനെ കുഴപ്പത്തിലാക്കുന്നുണ്ട്.
യുഎസിന്‌റെ ശ്രദ്ധയും തയ്‌വാനിലാണ്. ഓക്കസ് പ്രതിരോധമുന്നണിയിലൂടെയും തങ്ങളുടെ മറ്റ് അംഗരാജ്യങ്ങളുടെ നാവിക സാന്നിധ്യത്തിലൂടെയും തെക്കൻ ചൈനാക്കടലിൽ ചൈനയ്‌ക്കെതിരായ ഒരു വന്മതിൽ ഒരുക്കാൻ യുഎസ് അശ്രാന്ത പരിശ്രമത്തിലാണ്. ചൈന തയ്‌വാനിൽ അധിനിവേശം നടത്തിയാൽ ഒരു മൂന്നാം ലോകയുദ്ധത്തിലേക്കാകും സ്ഥിതിഗതികൾ മാറുകയെന്നു വരെ ചില നിരീക്ഷകർ വാദമുയർത്തുന്നു. ഈ വാദം ഊതിപ്പെരുപ്പിച്ചതാണെങ്കിലും.മുൻപ് ബിൽക്ലിന്റന്റെ കാലത്ത് തയ്‌വാൻ പ്രശ്നമുയർന്നപ്പോൾ തെക്കൻ ചൈനാക്കടലിലൂടെ യുഎസ് നേവിയുടെ കാരിയർ ഗ്രൂപ്പുകൾ കടന്നുപോയി. ചൈനയെ വിരട്ടി നിർത്താൻ അന്നതു മതിയായിരുന്നു. എന്നാൽ ഇന്നതു പോരാ, ചൈനീസ് നേവിയും ശക്തമാണ്. അതിസങ്കീർണമായ മിസൈൽ വേധ സംവിധാനങ്ങളും ഇന്നു ചൈനയ്ക്കുണ്ട്.
തെക്കൻ ചൈനാക്കടലിൽ തങ്ങളുടെ ശക്തിപ്രകടനങ്ങൾ യുഎസ് ഇടയ്ക്കിടെ നടത്താറുണ്ട്. തങ്ങളുടെ സഖ്യകക്ഷികളായ ബ്രിട്ടൻ, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയവരുടെ നാവികസേനകളെ പങ്കെടുപ്പിച്ച് നാവികാഭ്യാസങ്ങളും നടത്താറുണ്ട്.തെക്കൻ ചൈനാക്കടലിൽ യുഎസ് തങ്ങളുടെയും സഖ്യസേനകളുടെയും സാന്നിധ്യം ശക്തമാക്കിയതും ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവരുമായി ‘ഓക്കസ്’ ത്രികക്ഷി സുരക്ഷാമുന്നണി ഉണ്ടാക്കിയതും ചൈനയെ ചൊടിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് ഓസ്ട്രേലിയയ്ക്ക് ആണവ മുങ്ങിക്കപ്പലുകൾ നൽകാനെടുത്ത തീരുമാനവും പ്രകോപനപരമായാണ് ചൈന വീക്ഷിച്ചത്.