ADVERTISEMENT

കഴിഞ്ഞവർഷം ഒക്ടോബറിൽ പസിഫിക് സമുദ്രത്തിൽ തെക്കൻ ചൈനാക്കടലിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാത വസ്തുവിൽ ഇടിച്ച് തകരാർ സംഭവിച്ച അമേരിക്കൻ ആണവ മുങ്ങിക്കപ്പൽ യുഎസ്എസ് കണക്ടിക്കറ്റ് യുഎസിലെ മാതൃതുറമുഖമായ ബ്രെമർട്ടണിലെത്തി. കിസാപ്-ബ്രെമർട്ടൺ നേവൽബേസിലേക്ക് പതിനായിരം കിലോമീറ്ററിലധികം സഞ്ചരിച്ചശേഷമാണ് കപ്പൽ എത്തിയത്. ഇപ്പോഴും തകരാറുള്ള കപ്പലിന്‌റെ സമഗ്രമായ അറ്റകുറ്റപ്പണികൾ ബ്രെമർട്ടണിലെ പജറ്റ് സൗണ്ട് നേവൽ ഷിപ്യാഡിൽ നടക്കും.

രാജ്യാന്തര രാഷ്ട്രീയരംഗത്ത് കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു യുഎസ്എസ് കണക്ടിക്കറ്റിനുണ്ടായ അപകടം. ഇതിനുള്ളിലുണ്ടായിരുന്ന യുഎസ് നാവികർക്കു ഗുരുതരമല്ലാത്ത പരുക്കുമുണ്ടായിട്ടുണ്ട്. സീവൂൾഫ് ക്ലാസിലുള്ള ഈ മുങ്ങിക്കപ്പലിനെ ഇടിച്ച വസ്തു ഏതെന്നുള്ളത് ഇപ്പോഴും അജ്ഞാതമാണ്. ചൈനയുടെ ഇടപെടൽ ഇതിനു പിന്നിലുണ്ടോയെന്ന സംശയം അക്കാലത്ത് വ്യാപകമായി ഉയർന്നിരുന്നു.

മുങ്ങിക്കപ്പലിന്റെ പ്രവർത്തനത്തെ ആഘാതം ബാധിച്ചിട്ടില്ലെന്നും കപ്പൽ ഇപ്പോഴും സുരക്ഷിതമായ സ്ഥിതിയിലാണെന്നും അന്ന് യുഎസ് നാവികസേന അറിയിച്ചിരുന്നു.ആണവ പ്രൊപ്പൽഷൻ സംവിധാനങ്ങൾക്കോ മറ്റു കാതലായ ഭാഗങ്ങൾക്കോ നാശമുണ്ടായിരുന്നില്ല. തയ്വാന്റെ വ്യോമമേഖലയിലേക്കുള്ള ചൈനീസ് യുദ്ധവിമാനങ്ങളുടെ കടന്നുകയറ്റത്തെച്ചൊല്ലി യുഎസും ചൈനയും തമ്മിലുള്ള ആശയവിനിമയം പ്രക്ഷുബ്ദമായ സമയത്താണ് ഇതെന്നുള്ളത് രാജ്യാന്തര വിദഗ്ധരുടെ ശ്രദ്ധ ക്ഷണിച്ചു.

ചൈനയെ പ്രതിരോധിക്കാൻ തെക്കൻ ചൈനാക്കടലിൽ തങ്ങളുടെ സ്വാധീനം കൂട്ടുന്നതിന്‌റെ ഭാഗമായിട്ടു നടത്തിയ കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പ് 21 എന്ന നാവികാഭ്യാസത്തിൽ പങ്കെടുക്കാനായിരുന്നു യുഎസ്എസ് കണക്റ്റിക്കറ്റ്  എത്തിയത്. 1998ൽ കമ്മിഷൻ ചെയ്യപ്പെട്ട മുങ്ങിക്കപ്പലായ കണക്റ്റിക്കറ്റിന് 108 മീറ്ററാണ് ആകെ നീളം.

15 ഓഫിസർമാരും 101 നാവികരുമടങ്ങിയ യൂണിറ്റാണ് ഇതിലുണ്ടാകാറുള്ളത്.2003ൽ ആർക്ടിക് പര്യടനത്തിനിടെ ഈ മുങ്ങിക്കപ്പലിനെ ഒരു ധ്രുവക്കരടി ആക്രമിച്ചത് ലോകശ്രദ്ധ നേടിയ സംഭവമാണ്.2012-17 കാലയളവിൽ വമ്പൻ അറ്റകുറ്റപ്പണികൾ നടത്തി നവീകരിച്ച ശേഷം 2018ൽ കണക്റ്റിക്കറ്റ് വീണ്ടും നീറ്റിലിറങ്ങി. ഇപ്പോഴുള്ള മടക്കയാത്രയിൽ ആദ്യം യുഎസ് ബേസായ ഗുവാമിലെത്തിച്ച് പ്രാഥമിക അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com