എമർജൻസി ലാൻഡിങ്, 3 കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരെ കാണാതായി; തിരച്ചിലിനായി കപ്പലുകളും എയർക്രാഫ്റ്റും, സാഹസിക ദൗത്യം
Mail This Article
തിങ്കളാഴ്ചയാണ് പോർബന്തർ തീരത്തു നിന്നും 45 കിലോമീറ്റർ അകലെയുള്ള കാർഗോ മോടോർ ടാങ്കറായ ഹരിലീലയിൽനിന്നും അടിയന്തര സഹായാഭ്യർഥന കോസ്റ്റ് ഗാർഡിനു ലഭിച്ചത്. ഹരിലീലയിലെ പരുക്കേറ്റ ജീവനക്കാരനെ പുറത്തെത്തിക്കാൻ സഹായിക്കണമെന്നായിരുന്നു ആവശ്യം. രക്ഷാദൗത്യത്തിനായി എത്തിയതായിരുന്നു കോസ്റ്റ് ഗാര്‍ഡിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററായിരുന്ന ധ്രുവ്. രക്ഷാദൗത്യത്തിനിടെ അറബിക്കടലിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിച്ച ഹെലികോപ്റ്ററിലെ മൂന്നു കോസ്റ്റ് ഗാർഡ് (ഐസിജി) അംഗങ്ങളെ കാണാതായെന്ന റിപ്പോർട്ടാണ് വരുന്നത്.
അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് കടലിൽ പതിച്ചു. നാല് ജീവനക്കാരിൽ ഒരാളെ രക്ഷിച്ചെങ്കിലും മൂന്നു പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി. രക്ഷാപ്രവർത്തനങ്ങൾക്കായി നാല് കപ്പലുകളും രണ്ടു വിമാനങ്ങളും വിന്യസിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.
ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് എത്താൻ സാധിച്ചതായും രക്ഷാദൗത്യം പുരോഗമിക്കുകയാണെന്നുമാണ് ലഭിക്കുന്ന വിവരം. സംഭവം നടക്കുമ്പോൾ ഹെലികോപ്റ്ററിൽ രണ്ട് പൈലറ്റുമാരും രണ്ട് എയർക്രൂ ഡൈവർമാരും ഉണ്ടായിരുന്നുവെന്ന് മറ്റൊരു മുതിർന്ന ഐസിജി ഉദ്യോഗസ്ഥൻ പറഞ്ഞു.
പൈലറ്റുമാർക്കും എയർക്രൂ ഡൈവർമാർക്കും ഇതുപോലുള്ള അടിയന്തര സാഹചര്യങ്ങളിൽ വിമാനത്തിൽ നിന്ന് രക്ഷപ്പെടാൻ പരിശീലനം നൽകിയിട്ടുള്ളതാമെന്നും. എന്നാൽ ഈ സംഭവത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥൻ പറയുന്നു.
റോട്ടറി വിംഗ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH)
'ധ്രുവ്' എന്നും അറിയപ്പെടുന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) 4-5 ടൺ ക്ലാസിലുള്ള തദ്ദേശീയമായി നിർമ്മിച്ച ഇരട്ട എൻജിൻ, മൾട്ടി റോൾ, മൾട്ടി മിഷൻ ഹെലികോപ്റ്ററാണ്. രണ്ട് TM 333-2B2 ടർബോമെക്ക എഞ്ചിനാണ് ALH-ന് കരുത്ത് പകരുന്നത്.