ബോയിങ് സ്റ്റാർലൈനറിൽനിന്നും 'ഭയപ്പെടുത്തുന്ന' വിചിത്ര ശബ്ദം, നാസയുടെ വിശദീകരണം ഇങ്ങനെ
Mail This Article
ആരോ തട്ടുന്നതു പോലുള്ള ശബ്ദം- ഇത്തരമൊരു ശബ്ദമാണ് സ്റ്റാർലൈനറിൽനിന്നും പകർത്തിയ ഓഡിയോയിലുണ്ടായിരുന്നത്. ബഹിരാകാശയാത്രികനായ ബുച്ച് വിൽമോർ, ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്ററിലെ മിഷൻ കൺട്രോൾ റേഡിയോയിലൂടെ ശബ്ദത്തെ കുറിച്ച് അന്വേഷിച്ചതോടെയാണ്. ഈ ഓഡിയോ റെക്കോർഡ് എക്സിൽ പ്രചരിക്കാൻ ആരംഭിച്ചത്. സംഭവം ഇങ്ങനെയായിരുന്നു. വിൽമോർ സ്പീക്കറുകൾക്ക് അടുത്തായി ഒരു ഫോൺ റെക്കോർഡിലിട്ടു ഉയർത്തിപ്പിടിച്ചപ്പോഴാണ് വിചിത്ര ശബ്ദം കേൾക്കാൻ ആരംഭിച്ചത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്കിടെ ഉണ്ടായ തകരാറിനാൽ നിലവിൽ പ്രതിസന്ധിയിലായ ബോയിങിന്റെ സ്റ്റാര്‍ലൈനർ പേടകത്തെച്ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ ഇതോടെ വർദ്ധിച്ചു.ഇപ്പോഴിതാ സ്റ്റാർലൈനറിൽ നിന്ന് വരുന്ന നിഗൂഢമായ ശബ്ദത്തിൽ നാസ മൗനം വെടിഞ്ഞു.
ഇത്തരം ശബ്ദങ്ങള്‍ ഒരു "സാധാരണ" സംഭവമാണെന്ന് ബഹിരാകാശ ഏജൻസി ഉറപ്പുനൽകി, അത് ക്രൂവിനോ സ്റ്റാർലൈനറിനോ തന്നെ ഭീഷണിയല്ലെന്നും സ്റ്റാർലൈനർ നിശ്ചയിച്ച സമയത്തു ഭൂമിയിലേക്കു മടങ്ങുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ നാസ പറയുന്നു.
ബഹിരാകാശ നിലയവും സ്റ്റാർലൈനറും തമ്മിലുള്ള ഓഡിയോ കോൺഫിഗറേഷന്റെ ഫലമാണ് സ്പീക്കറിൽ നിന്നുള്ള ഫീഡ്‌ബാക്ക്. ബഹിരാകാശ നിലയത്തിൻ്റെ ഓഡിയോ സിസ്റ്റം സങ്കീർണ്ണമാണ്, ഒന്നിലധികം ബഹിരാകാശവാഹനങ്ങളും മൊഡ്യൂളുകളും പരസ്പരം ബന്ധിപ്പിക്കാൻ അനുവദിക്കുന്നു, മാത്രമല്ല ശബ്ദവും പ്രതികരണവും അനുഭവപ്പെടുന്നത് സാധാരണമാണെന്നും നാസ പറയുന്നു.മൊഡ്യൂൾ ക്രൂ ഇല്ലാതെയായിരിക്കും മടങ്ങുന്നത്. 2025 ഫെബ്രുവരിയിൽ സ്‌പേസ് എക്‌സിൻ്റെ ക്രൂ-9 വഴി വിൽമോറും വില്യംസും മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നാസ അടുത്തിടെ സ്ഥിരീകരിച്ചു.