ADVERTISEMENT

കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആത്മഹത്യ ചെയ്ത സാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു കൂടതൽ പ്രതികരണങ്ങളും വാർത്തകളും പുറത്തുവന്ന ദിവസമായിരുന്നു ഇന്ന്. സാബുവിന്റെ ഭാര്യയുടെ പ്രതികരണം, കട്ടപ്പന മുൻ ഏരിയ സെക്രട്ടറിയുടെ ഭീഷണി സന്ദേശം തുടങ്ങി മരണവുമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങൾ പുറത്തുവന്നു. ഇന്നത്തെ പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം

പണത്തിനായി സാബു പലതവണ ബാങ്കില്‍ കയറിയിറങ്ങിയെന്ന് ഭാര്യ മേരിക്കുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ചത് ഈ ബാങ്കിലാണ്. ചികിത്സയ്ക്ക് ആവശ്യത്തിനുള്ള പണത്തിനായാണ് ബാങ്കിനെ സമീപിച്ചത്. രണ്ടുലക്ഷം ചോദിച്ചപ്പോള്‍ ബാങ്കില്‍നിന്ന് ആകെ നല്‍കിയത് 80,000 രൂപയാണെന്നും മേരിക്കുട്ടി പറഞ്ഞു.

സാബുവിനെ സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറി വി.ആർ.സജി ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്തുവന്നു. ഇയാൾ റൂറൽ ഡെവലപ്മെന്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് കൂടിയാണ്. താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു സജിയോട് ഫോൺ സംഭാഷണത്തിൽ പറയുന്നു. താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും സാബു പറയുന്നുണ്ട്. 

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലഫ്. ഗവർണർ വി.കെ.സക്സേന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അനുമതി നൽകി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഗവർണറുടെ നടപടി. 

പാർട്ടി നടപടി നേരിട്ട പി.കെ.ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് പദവികളിൽനിന്നു നീക്കി. കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് പാലക്കാട് സിപിഎം ജില്ല സെക്രട്ടേറിയറ്റ് അറിയിച്ചു. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എൻ.മോഹനനായിരിക്കും പുതിയ സിഐടിയു ജില്ലാ പ്രസിഡന്റ്. 

മുണ്ടക്കൈ–ചൂരൽമല പുനരധിവാസ കരടു പട്ടിക അംഗീകരിക്കില്ലെന്ന് ദുരിതബാധിതർ. പട്ടികയിൽ ഇനിയും ഒട്ടേറെ പേർ ഉൾപ്പെടാനുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പട്ടികയിൽ ആക്ഷൻ കമ്മിറ്റി പ്രതിഷേധം അറിയിക്കും. എന്നാൽ ഇതു കരടു പട്ടിക മാത്രമാണെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും സർക്കാർ അറിയിച്ചു. 

English Summary:

Today's Recap: All about major incidents that happened today (21–12–2024)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com