600 ലോഹകഷ്ണങ്ങൾ 5 കിലോമീറ്റർ ദൂരം ചിതറിത്തെറിക്കുന്ന ഷെല്ലുകൾ; പാക് ഡ്രോണുകൾ അതിർത്തി കടക്കില്ല!
Mail This Article
മോസ്‌കോയില്‍ നടന്ന ആര്‍മി 2024 ഇന്റര്‍നാഷണല്‍ മിലിറ്ററി ടെക്‌നിക്കല്‍ ഫോറത്തിനിടെ ഡ്രോണ്‍ നിര്‍മാതാക്കളായ അണ്‍മാന്‍ഡ് സിസ്റ്റംസ് ഗ്രൂപ് ഒരു പ്രഖ്യാപനം നടത്തി. റഷ്യക്കുള്ളിൽ നിന്നു മാത്രമല്ല പുറത്തു നിന്നും വലിയ തോതില്‍ ഡ്രോണിനായി ആവശ്യം ഉയരുന്നുണ്ട്. പ്രത്യേകിച്ച് ബെലാറസില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും. ഈ റഷ്യന്‍ കമ്പനിയുടെ പ്രഖ്യാപനം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഒരു പ്രശ്‌നത്തിനുള്ള സൂചനയായിരുന്നു. എന്നാൽ ഇപ്പോഴിതാ ഡ്രോണുകളുടെ ഒരു കൂട്ടത്തെപ്പോലും ചെറുക്കുന്നതിനും ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി ഉയർന്ന സ്‌ഫോടകശേഷിയുള്ള പ്രീ-ഫ്രാഗ്‌മെന്റഡ് ഷെല്ലുകൾ ഉൾപ്പെടുത്തുകയാണ് ഇന്ത്യൻ നാവികസേന.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) 30 എംഎം ഹൈ എക്‌സ്‌പ്ലോസീവ് പ്രിഫോംഡ് ഫ്രാഗ്‌മെന്റേഷൻ (എച്ച്ഇപിഎഫ്) ഷെല്ലിന്റെ നിർമാണ രേഖ നേവൽ ആർമമെന്റ് ഇൻസ്‌പെക്‌ഷൻ ഡയറക്ടർ ജനറലിന് (ഡിജിഎൻഎഐ) കൈമാറി. പൂനെ.ഡിആർഡിഒയുടെ പൂനെ ആസ്ഥാനമായുള്ള ലബോറട്ടറിയായ ARDE വികസിപ്പിച്ചെടുത്ത ഈ 30mm HEPF ഷെൽ, ഡ്രോണുകൾക്കെതിരായ ഇന്ത്യൻ നാവികസേനയുടെ പോരാട്ട ശേഷി കൂടുതൽ വർദ്ധിപ്പിക്കും.
ഷെല്ലുകളുടെ പോരാട്ടശേഷി
ജബൽപൂരിലെ നേവൽ ആർമമെന്റ് ഇൻസ്‌പെക്ടറേറ്റുമായി സഹകരിച്ചാണ് ഷെല്ലുകളുടെ ഗൺ ഫയറിങ് പ്രൂഫ് ടെസ്റ്റുകൾ നടത്തിയത്. എകെ 630 നാവിക തോക്കുകൾ ഘടിപ്പിച്ച കപ്പലുകളിൽ നിന്ന് ഈ ഷെല്ലുകൾ തൊടുക്കാം .
ഉയർന്ന സ്‌ഫോടകശേഷിയുള്ള പ്രീ-ഫ്രാഗ്‌മെന്റഡ് (എച്ച്ഇപിഎഫ്) ഷെല്ലുകൾക്ക്അഞ്ച് കിലോമീറ്റർ പരിധിയിൽ സെക്കൻഡിൽ 850 മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന 600 ഓളം ലോഹ കഷ്ണങ്ങൾ ചിതറിത്തെറിപ്പിക്കാൻ കഴിയും. തൽവാർ ക്ലാസ്, നീലഗിരി ക്ലാസ് ഫ്രിഗേറ്റുകൾ, എല്ലാ കോർവെറ്റുകളും, ദീപക് ക്ലാസ് ഫ്ലീറ്റ് ടാങ്കറുകളും, സന്ധ്യക് ക്ലാസ് സർവേ വെസലുകളും എകെ-630 തോക്ക് സംവിധാനമാണ് ഉപയോഗിക്കുന്നത്.
ഡ്രോണുകൾ വാങ്ങിക്കൂട്ടി പാകിസ്ഥാൻ
പാക്കിസ്ഥാനിലേക്ക് ഡ്രോണുകള്‍ കൂടുതലായി വരുന്നു എന്നതിനര്‍ഥം അതിര്‍ത്തി വഴി ആയുധങ്ങളും ലഹരിവസ്തുക്കളും ഇന്ത്യയിലെത്താനുള്ള സാധ്യത കൂടുന്നു എന്നതു കൂടിയാണ്.അടുത്തിടെ ബിഎസ്എഫ് സേനയും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ പഞ്ചാബിലെ താണ്‍ തരന്‍ ജില്ലയില്‍ നിന്നും ചൈനീസ് നിര്‍മിച DJI മാവിക് 3 ഡ്രോണുകള്‍ ലഭിച്ചിരുന്നു. മികച്ച ഗുണനിലവാരത്തില്‍ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തുന്നതിനും തടസങ്ങളെ ഒഴിവാക്കി പറക്കുന്നതിനും പേരുകേട്ടവയാണ് ഇത്തരം ഡ്രോണുകള്‍. പരമാവധി 46 മിനുറ്റു വരെ ഇത്തരം ഡ്രോണുകള്‍ക്ക് നിര്‍ത്താതെ പറക്കാനാവും.
ഈ വര്‍ഷം മാത്രം അതിര്‍ത്തി കടന്നെത്തിയ 137 ഡ്രോണുകളാണ് ഇന്ത്യയിലെ സുരക്ഷാ സേനകള്‍ പിടികൂടിയത്. ഈ ഡ്രോണുകളില്‍ നിന്നും 28 ആയുധങ്ങളും 160 കിലോഗ്രാം ഹെറോയിനും പിടികൂടിയിരുന്നു. ആയുധങ്ങളില്‍ രണ്ട് എകെ തോക്കുകളും ഉള്‍പ്പെടുന്നുണ്ടെന്ന് ബിഎസ്എഫ് ഐജി അതുല്‍ ഫുല്‍സേല അടുത്തിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.നേരത്തെ പാക്കിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകള്‍ 3-4 കിലോഗ്രാം ഭാരവും വഹിച്ചാണ് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയിരുന്നത്. പറക്കുമ്പോള്‍ ഉണ്ടായിരുന്ന ശബ്ദവും ഡ്രോണുകളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 500 ഗ്രാമില്‍ താഴെ മാത്രം ഭാരം വഹിച്ചുകൊണ്ട് നിശബ്ദമായാണ് ഡ്രോണുകള്‍ എത്തുന്നത്. രാത്രിയിലും ഇവക്ക് സഞ്ചരിക്കാനാവുമെന്നത് സൈന്യത്തിന്റെ ജോലി വര്‍ധിപ്പിക്കുന്നു.