മൊബൈൽ ഹാക്കിങ് ഭീതിയിൽ ഹിസ്ബുല്ല ഉപയോഗിച്ച 'സിംപിൾ' പേജർ? എങ്ങനെ പൊട്ടിത്തെറിക്കും?
Mail This Article
ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളായ പ്രദേശങ്ങളിൽ നൂറുകണക്കിനു പേജറുകൾ പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ടുകൾ. 9 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനു ഹിസ്ബുല്ല അംഗങ്ങൾ അടക്കം 2,750 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇസ്രയേലിനു നേരെയാണ് ഹിസ്ബുല്ല സംശയം ഉയർത്തുന്നത്.
എന്താണ് ഒരു പേജർ, എന്തിനാണ് ഇത് ഉപയോഗിക്കുന്നത്?
മൊബൈൽ ജനകീയമാകുന്നതിനു മുൻപുള്ള കമ്യൂണിക്കേഷൻ ഡിവൈസായിരുന്നു പേജർ. മോട്ടറോള ഉൾപ്പടെയുള്ള കമ്പനികളാണ് പേജർ ജനങ്ങൾക്കിടയിലേക്കു അവതരിപ്പിച്ചത്ബെല്‍റ്റിലോ മറ്റേോ ഘടിപ്പിക്കുന്ന രീതിയിലുള്ള ചെറിയ ഉപകരണമായാണ് ഇത് നാം കണ്ടിട്ടുള്ളത്.
പേജർ അഥവാ ബീപ്പർ എന്നും അറിയപ്പെടുന്നു, ഇത് സ്വീകരിക്കുന്നതിനും ചില സന്ദർഭങ്ങളിൽ ഹ്രസ്വ സന്ദേശങ്ങളോ അലേർട്ടുകളോ അയയ്‌ക്കുന്നതിനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ചെറിയ, പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണമാണ്.
ഒരു ബേസ് സ്റ്റേഷൻ, അഥവാ ഏകീകൃത കേന്ദ്രത്തിൽനിന്നുമാണ് പരസ്പരം സാധാരണയായി സന്ദേശം കൈമാറുന്നത്. ടു-വേ പേജറുകളും ഉപയോഗിക്കാറുണ്ട്. ടെക്സ്റ്റ് മെസേജിന്റെ അടിസ്ഥാനരൂപം പോല ഉപയോക്താക്കൾക്ക് ഇതിൽ ഹ്രസ്വമായ വാചകങ്ങൾ ആശയ വിനിമയം ചെയ്യാൻ കഴിയും.
പേജറുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ട്രാൻസ്മിഷൻ: ഒരു പേജിങ് സിസ്റ്റത്തിലേക്ക് ഒരു സന്ദേശം അയയ്ക്കുന്നു.
സ്വീകരണം: പേജിങ് സിസ്റ്റം പരിധിക്കുള്ളിലെ എല്ലാ പേജറുകളിലേക്കും സന്ദേശം എത്തുന്നു.
ഡിസ്പ്ലേ: സന്ദേശമെത്താൻ ഉദ്ദേശിച്ചയാളുടെ കോഡുള്ള പേജർ വൈബ്രേറ്റ് ചെയ്യുകയോ ബീപ് ചെയ്യുകയോ ചെയ്യുന്നു, സന്ദേശം സ്ക്രീനിൽ പ്രദർശിപ്പിക്കും.
എപ്പോഴാണ് പേജറുകൾ ഉപയോഗിച്ചത്?
1990-കളുടെ അവസാനത്തിൽ, മൊബൈലിനു മുൻപുള്ള കാലഘട്ടത്തിലാണ് പേജറുകൾ വ്യാപകമായി ഉപയോഗിച്ചത്. പെട്ടെന്നുള്ളതും വിശ്വസനീയവുമായ ആശയവിനിമയം ആവശ്യമുള്ള തൊഴിലുകളിൽ ഡോക്‌ടർമാർ, നഴ്‌സുമാർ, എമർജൻസി സർവീസ് ഉദ്യോഗസ്ഥർ എന്നിവര്‍ മോശമായ സെല്ലുലാർ സർവീസുകളുണ്ടായിരുന്ന സാഹചര്യത്തിൽ ഇത് ജനപ്രിയമായി ഉപയോഗിച്ചിരുന്നു.
എന്തിനാണ് ഹിസ്ബുല്ലയ്ക്ക് ഇപ്പോഴും പേജർ?
ലൊക്കേഷനും നീക്കങ്ങളും മറ്റും ഇസ്രയേൽ രഹസ്യ സംഘടനകൾ കണ്ടുപിടിക്കാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ഒഴിവാക്കി കുറഞ്ഞ സാങ്കേതികവിദ്യയുള്ള പേജറുകൾ ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത്.
മൊബൈൽ ഫോണുകളെ അപേക്ഷിച്ച് പേജറുകൾ ഒരു പരിധിവരെ സ്വകാര്യത വാഗ്ദാനം ചെയ്തിരുന്നു. അവ കണ്ടെത്താൻ കഴിയുമെങ്കിലും, പേജർ ആശയവിനിമയങ്ങൾ തടസ്സപ്പെടുത്തുകയോ നിരീക്ഷിക്കുകയോ ചെയ്യുന്നത് പലപ്പോഴും ബുദ്ധിമുട്ടാണെന്ന് കരുതിയിരുന്നത്.
ഒരു മൊബൈൽ ഫോൺ നെറ്റ്‌വർക്ക് തടസപ്പെടുകയോ ഒരു സെൽ ടവർ നീക്കം ചെയ്യുകയോ ചെയ്‌താൽപ്പോലും പേജറിലെ ആശയവിനിമയത്തെ ബാധിക്കില്ലെന്നതും വിദൂര ഗ്രാമങ്ങളിലുള്‍പ്പടെ ഈ സംവിധാനം ഉപയോഗിക്കാൻ കാരണമായി
മാത്രമല്ല മൊബൈൽ ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പേജറുകൾക്ക് പൊതുവെ ദൈർഘ്യമേറിയ ബാറ്ററി ലൈഫ് ഉണ്ട്, പലപ്പോഴും ഒറ്റ ചാർജിൽ ദിവസങ്ങളോളം നീണ്ടുനിൽക്കും. .
പൊട്ടിത്തെറിച്ചത് ലിഥിയം ബാറ്ററി, പക്ഷേ
പൊട്ടിത്തെറിച്ച പേജറുകൾ സമീപ മാസങ്ങളിൽ ഹിസ്ബുല്ല ഉപയോഗിച്ചു തുടങ്ങിയ പുതിയ മോഡലാണെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.പേജറുകളിൽ ലിഥിയം ബാറ്ററികൾ ഘടിപ്പിച്ചിരുന്നുവെന്നും അവയാണ് സ്ഫോടനത്തിന് കാരണമായതെന്നും കരുതുന്നു.
ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകളുടെ ബാറ്ററി ചൂടുപിടിച്ചു പൊട്ടിത്തെറിക്കുന്ന രീതിയിൽ ഇസ്രയേൽ ഹാക്കിങ് നടത്തിയെന്നാണു പ്രധാന ആരോപണം. സെൽഫോണുകൾ, ലാപ്‌ടോപ്പുകൾ, വൈദ്യുത വാഹനങ്ങൾ തുടങ്ങിയ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ബാറ്ററികൾക്ക് 1,100 ഡിഗ്രി ഫാരൻഹീറ്റ് (590 ഡിഗ്രി സെൽഷ്യസ്) വരെ താപനിലയിൽ കത്താനാകും.
മറ്റൊരു ആരോപണവും ഏറ്റവും പുതിയതായി എത്തി. പേജറുകളിൽ ചെറിയ സ്ഫോടകവസ്തുക്കളുണ്ടാകാനുള്ള സാധ്യതയാണ് ഇത് പറയുന്നു. ഡ്രോൺ ഉപയോഗിച്ച് പ്രത്യേക തരംഗങ്ങൾ അയച്ച് സ്ഫോടനം സൃഷ്ടിക്കുന്ന സാങ്കേതികയായിരിക്കാമെന്നും ചിലർ അഭിപ്രായപ്പെടുന്നു.
സങ്കീർണ്ണമായ ഹാക്കിങ് ടെക്നിക്കുകൾക്ക് വിധേയമല്ലാത്ത താരതമ്യേന ലളിതമായ സാങ്കേതികവിദ്യയാണ് പേജറുകൾ ഉപയോഗിക്കുന്നതെന്നതിനാൽ എങ്ങനെയാണ് സ്ഫോടനം നടന്നതെന്നതിന്റെ യാഥാർഥ്യം അന്വേഷണ വിഷയമായിരിക്കുകയാണ്.