ADVERTISEMENT

ലോകം മുഴുവൻ ശ്രദ്ധ നേടിയ ലബനനിലെ പേജർ പൊട്ടിത്തെറിയിൽ ഇസ്രയേലിന്റെ ഇലക്ട്രോണിക് ആക്രമണ രീതികൾ ചർച്ചയാകുകയാണ്. ഇസ്രയേലിലെ ഒരു സൈനിക യൂണിറ്റ് ഇതുമായി ബന്ധപ്പെട്ട് വാർത്തകളിലും നിറയുന്നുണ്ട്. യൂണിറ്റ് 8200. ലോകത്തിലെ തന്നെ ഏറ്റവും ആക്രമണോത്സുകതയുള്ള ഹൈടെക് ചാരസംഘടനയാണ്. ഇസ്രയേൽ സൈന്യത്തിലെ ഏറ്റവും അംഗസംഖ്യയുള്ള ഒറ്റ സൈനിക യൂണിറ്റ്. പതിനായിരക്കണക്കിനു പേരാണ് ഇതിലുള്ളത്. 18–25 വരെ വയസ്സുള്ളവരാണ് ഇതിൽ സിംഹഭാഗവും. പേജർ പൊട്ടിത്തെറി സംഭവത്തിൽ ഈ യൂണിറ്റിന് നിർണായകമായ പങ്കുണ്ടായിരുന്നെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ.

Image Credit:mikkelwilliam/IstockPhotos
Image Credit:mikkelwilliam/IstockPhotos

ഒരു സൈനികവിഭാഗം പ്രവർത്തിക്കുന്നതു പോലെയല്ല, മറിച്ച് ഒരു കോർപറേറ്റ് കമ്പനിയുടെ രീതിയിലാണ് യൂണിറ്റ് 8200 പ്രവർത്തിക്കുന്നത്. കംപ്യൂട്ടർ സാങ്കേതികവിദ്യയിലും കോഡിങ്ങിലും സമർഥരായ വിദ്യാർഥികളെ സ്കൂൾ തലത്തിൽ തന്നെ സ്കൗട്ടിങ് വഴി കണ്ടെത്തും. തിരഞ്ഞെടുത്തവരെ മാഗ്ഷിമിം എന്ന പരിശീലന പരിപാടിയിലൂടെ സൈബർ യുദ്ധമുറകളിലും ഹാക്കിങ്ങിലും അഗ്രഗണ്യരാക്കിയ ശേഷമാണ് യൂണിറ്റ് 8200ൽ അംഗത്വം നൽകുന്നത്. താമസിക്കാതെ, പെട്ടെന്നു തീരുമാനങ്ങളെടുക്കാൻ കഴിവുള്ള, ഏതു സിസ്റ്റവും ഹാക്കു ചെയ്യാൻ ശേഷിയുള്ള സൈനികരായി ഇവർ മാറും.

ചെറുപ്പത്തിലേ കൃത്യമായി പരിശീലിപ്പിക്കുന്നതിനാൽ യൂണിറ്റ് 8200ൽ നിന്നു പുറത്തിറങ്ങുന്നവർക്ക് വലിയ വിലയാണ് സൈബർ കമ്പനികൾ നൽകുന്നത്. ഇവരിൽ പലരും സ്വന്തമായി സ്റ്റാർട്ടപ്പുകളും തുടങ്ങാറുണ്ട്. ഇത്തരമൊരു സംരംഭമായിരുന്നു എൻഎസ്ഒ ഗ്രൂപ്പും. ഇവരാണ് കുപ്രസിദ്ധമായ പെഗസസ് സോഫ്റ്റ്‌വെയർ നിർമിച്ചത്. ഇസ്രയേലി ഇന്റലിജൻസ് വൃത്തങ്ങളുമായി ബന്ധപ്പെട്ടാണ് യൂണിറ്റ് 8200 പ്രവർത്തിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ യൂണിറ്റിന്റെ ഉപഭോക്താക്കൾ ഇസ്രയേലി ഇന്റലിജൻസ് ഓഫിസർമാരാണ്.

Representative Image. Image Credit: Gorodenkoff/shutterstock.com
Representative Image. Image Credit: Gorodenkoff/shutterstock.com

അനലിറ്റിക്സ്, ഡേറ്റ മൈനിങ്, ഇന്റലിജൻസ് മാനേജ്മെന്റ് തുടങ്ങിയ പ്രക്രിയകളെല്ലാം സ്വയം ചെയ്യാനുള്ള ശേഷി യൂണിറ്റിനുണ്ട്. പുറത്തു നിന്നുള്ള ഒറ്റ ഉൽപന്നങ്ങളോ സേവനങ്ങളോ ഇവർ സ്വീകരിക്കാറില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. യൂണിറ്റ് 8200 ന്റെ രഹസ്യാത്മകത ഈവിധം നിലനിർത്താൻ ഇവർക്കു കഴിയുന്നു.

1952 ലാണ് ഈ യൂണിറ്റ് സ്ഥാപിക്കപ്പെടുന്നത്. ഇസ്രയേലിലെ ജാഫയിലായിരുന്നു ആദ്യ ഓഫിസ്. പിന്നീട് ഇത് ജിലോട് ജംക്‌ഷനിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഇവർക്കു കീഴിൽ യൂണിറ്റ് ഹത്സാവ് എന്ന പേരിൽ മറ്റൊരു യൂണിറ്റുണ്ട്. സമൂഹമാധ്യമങ്ങൾ പോലെയുള്ള പൊതു സൈബർ ഇടങ്ങളിൽ നിന്നു ശേഖരിക്കുന്ന വിവരങ്ങൾ ഇന്റലിജൻസിനായി എങ്ങനെ ഉപയോഗിക്കാം എന്നതാണ് ഇവരുടെ ലക്ഷ്യം.

Representative Image. Image Credit: PeopleImages.com - Yuri A/shutterstock.com
Representative Image. Image Credit: PeopleImages.com - Yuri A/shutterstock.com

സിഗ്നലുകൾ ശേഖരിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനായി നെജേവ് മരുഭൂമിയിൽ വലിയ ഒരു സ്റ്റേഷനും ഇവർക്കുണ്ടെന്നു കരുതുന്നു. ഇതുവഴി വിവിധ രാജ്യങ്ങളിലെ കമ്യൂണിക്കേഷൻ സിഗ്നലുകൾ ചോർത്തുന്നതു തൊട്ട് കപ്പലുകൾ ട്രാക്ക് ചെയ്യുന്നതിനുൾപ്പെടെ ശേഷി ഇവർ കൈവരിച്ചിട്ടുണ്ട്. സിറിയയിൽ 2007ൽ അൽ കിബർ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ആണവ റിയാക്ടർ, ഓപ്പറേഷൻ ഓർച്ചാഡ് എന്ന പേരിൽ നടത്തിയ ദൗത്യത്തിൽ ഇസ്രയേലി പ്രതിരോധ സേനകൾ ആക്രമിച്ചിരുന്നു. സംഭവം നടക്കുമ്പോൾ സിറിയൻ എയർഡിഫൻസ് പ്രവർത്തിക്കാതിരിക്കാൻ കംപ്യൂട്ടർ സംവിധാനങ്ങളിൽ ഹാക്കിങ് നടത്തിയത് യൂണിറ്റ് 8200 ആണ്. സൈബർ സുരക്ഷാ കമ്പനിയായ കാസ്പേഴ്സ്കി ലാബിന്റെ സെർവറിൽ ഇവർ ഹാക്ക് ചെയ്തു കടന്നു കയറിയതും വലിയ വാർത്ത സൃഷ്ടിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com