കടലിനു മുകളിൽ പൊട്ടിച്ചിതറിയ ഫ്ലൈറ്റ് 300:എയർ ഇന്ത്യയുടെ കശ്മീർ പ്രിൻസസ്
Mail This Article
വിമാനങ്ങൾക്കു നേരെ വ്യാജബോംബ് ഭീഷണികൾ വർധിക്കുന്നതിന്റെ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നു. എന്നാൽ അരനൂറ്റാണ്ട് മുൻപ് ഇത്തരത്തിലുണ്ടായ ഒരു ഭീകര ആക്രമണത്തെപ്പറ്റിയും അതിന്റെ രഹസ്യ സൂചനകൾ ലഭിച്ചിട്ടും ഒഴിവാക്കാനാവാത്തതെന്തെന്നുമുള്ള ദുരൂഹ വിവരങ്ങള്‍ പരിശോധിക്കാം. 1955 ഏപ്രിൽ 11ന് ആണ് ഒരു എയർഇന്ത്യ വിമാനം ഭീകരാക്രമണത്തിൽ തകർന്ന ആ വിചിത്ര സംഭവം ഉണ്ടായത്.
.എയർ ഇന്ത്യയുടെ കാശ്മീർ പ്രിൻസസ് അഥവാ ഫ്‌ളൈറ്റ് 300 എന്നറിയപ്പെട്ടതായിരുന്നു ആ വിമാനം.ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അന്നു വളരെ ഊഷ്മളമായിരുന്നു. ചേരിചേരാ രാജ്യങ്ങളുടെ മുൻനിരനേതാക്കളായ ഇരു രാജ്യങ്ങളും ആ വർഷം ഏപ്രിൽ 18 മുതൽ ഇന്തൊനീഷ്യയിൽ ഏഷ്യൻ–ആഫ്രിക്കൻ രാജ്യങ്ങളുടെ ഒരു ഉച്ചകോടി സംഘടിപ്പിച്ചു.
ആ കോൺഫറൻസിലേക്കുള്ള യാത്രക്കാരെ വഹിക്കാനായിരുന്നു എയർ ഇന്ത്യയുടെ കാശ്മീർ പ്രിൻസസ് അഥവാ ഫ്‌ളൈറ്റ് 300 എന്നറിയപ്പെട്ട വിമാനം പോയത്. അന്നത്തെ ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ജോ എൻലായിയും വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.തായ്‌ലൻഡിലെ ബാങ്കോക്കിലേക്ക് ആദ്യം പറന്ന വിമാനം പിന്നീട് അവിടെ നിന്നു ഹോങ്കോങ്ങിലേക്കു പറന്നു. ഇതിനിടെ അപരിചിതനായ പാശ്ചാത്യനെന്നു തോന്നിപ്പിക്കുന്ന ഒരു വ്യക്തി വൈമാനിക സംഘത്തോട് യാത്രയെപ്പറ്റിയൊക്കെ കുറച്ചു കാര്യങ്ങൾ ചോദിക്കാനെത്തി.
വിമാനത്തിലേക്ക് എല്ലാ യാത്രക്കാരും കയറി, ജോ എൻലായ് ഒഴികെ
ചൈനീസ് പ്രധാനമന്ത്രി അവസാന നിമിഷം യാത്ര ഒഴിവാക്കി. 11 യാത്രക്കാരും 8 വൈമാനികരുമടങ്ങിയ 19 അംഗ സംഘം ഇന്തൊനീഷ്യയിലേക്കുള്ള യാത്ര തുടങ്ങി. യാത്രക്കാരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മാധ്യമപ്രവർത്തകരും ഉൾപ്പെട്ടിരുന്നു.
ഹോങ്കോങ് വിമാനത്താവളത്തിൽ നിന്നു വിമാനം തെക്കൻ ചൈനാക്കടലിനു മുകളിലേക്കു പറന്നുപൊങ്ങി. ഇന്തൊനീഷ്യയിലെത്താൻ ഇനിയും ആറര മണിക്കൂർ വേണം. രാഷ്ട്രീയ രാജ്യാന്തര ചർച്ചകൾ വിമാനത്തിൽ ചൂടുപിടിച്ചു.യാത്ര തുടങ്ങിയിട്ട് അഞ്ചു മണിക്കൂർ പിന്നിട്ടു. വിമാനം 18000 അടി ഉയരത്തിൽ, 185 നോട്ട് വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. ജക്കാർത്തയിൽ സന്ധ്യയ്ക്ക് ഏഴരയോടെ വിമാനം ലാൻഡ് ചെയ്യുമെന്ന് പൈലറ്റ് അറിയിപ്പു നൽകി.
പെട്ടെന്ന് ആ സ്‌ഫോടനശബ്ദം
ആർക്കും ഒന്നും മനസ്സിലായില്ല. യാത്രക്കാരുടെ ക്യാബിനിലേക്കു കറുത്ത പുകയെത്തി നിറഞ്ഞു.എൻജിൻ റൂമും ഇന്ധനടാങ്കും അഗ്നിബാധയേറ്റിരിക്കുകയാണ്.തീ അനുനിമിഷം പടർന്നുകൊണ്ടിരിക്കുന്നു.വിമാനം മലേഷ്യയ്ക്കും ഇന്തൊനീഷ്യയ്ക്കും ഇടയിലെ കടലിലുള്ള ദ്വീപായ നാറ്റുന ദ്വീപുകളുടെ മുകളിലായിരുന്നു. വിമാനത്തിലെ എല്ലാ ആശയവിനിമയ മാർഗങ്ങളും നിലച്ചിരുന്നു.തീയണയ്ക്കാൻ എൻജിനിലേക്കു കാർബൺഡയോക്‌സൈഡ് വാതകം പ്രവഹിപ്പിച്ചെങ്കിലും അതു മതിയായിരുന്നില്ല.
യാത്രക്കാരുടെ ക്യാബിനിൽ പുക നിറഞ്ഞു. ശ്വാസത്തിനായി അവർ അലമുറയിട്ടു. ഇതിനിടയിൽ വിമാനം താഴേക്കു കുതിച്ചു തുടങ്ങിയിരുന്നു. ഒടുവിൽ അതു കടലിൽ ഊക്കോടെ പതിച്ച് മൂന്നായി പൊട്ടിച്ചിതറി.എന്നാൽ എല്ലാവരും മരിച്ചിരുന്നില്ല. 3 വൈമാനികർ രക്ഷപ്പെട്ടിരുന്നു. ഇവരെ ഒരു ബ്രിട്ടിഷ് കപ്പൽ രക്ഷിച്ചു.
വിമാനത്തിന്‌റെ തകർച്ചയുടെ കാരണം താമസിയാതെ കണ്ടെത്തി. വിമാനത്തിന്‌റെ ഉള്ളറയിൽ ആരോ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചത്, ഇന്ധനടാങ്കിൽ തീപിടിപ്പിച്ച് വലിയ അഗ്നിബാധയ്ക്ക് ഇടവരുത്തുകയായിരുന്നു.
ഒടുവിൽ കണ്ടെത്തി
സംഭവത്തിൽ അന്നത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രി വി.കെ.കൃഷ്ണമേനോൻ ശക്തമായി ഇടപെട്ടു. തുടരന്വേഷണം നടന്നു. ഒടുവിൽ വിമാനത്തിൽ ബോംബു വച്ചയാളെ കണ്ടെത്തി. ഹോങ്കോങ് എയർപോർട്ടിൽ ജോലി ചെയ്തിരുന്ന സോ സൂ എന്ന വ്യക്തിയായിരുന്നു ഇതിനു പിന്നിൽ. സോ പണത്തിന് വേണ്ടിയാണ് ഇതു ചെയ്തത്.ആരായിരുന്നു ഈ പദ്ധതിക്കു പുറകിൽ ?
സോ പിന്നീട് ഈ രഹസ്യം വെളിപ്പെടുത്തി. ചൈനയിൽ കമ്യൂണിസ്റ്റ് വിപ്ലവം വന്നപ്പോൾ അവിടത്തെ ദേശീയവാദികളായ കുമിന്താങ് പാർട്ടി അംഗങ്ങൾ തയ്‌വാനിലേക്കു പോകുകയും അവിടെ സർക്കാരുണ്ടാക്കുകയും ചെയ്തു. അവരായിരുന്നു പദ്ധതിക്കു പിന്നിൽ. ജോ എൻലായിയെ കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ നേരത്തെ ലഭിച്ച രഹസ്യവിവരപ്രകാരം ജോ എൻലായ് യാത്രയിൽ നിന്നു പിന്മാറി.