ഉത്തരകൊറിയയ്ക്ക് എസ് 400 വ്യോമ പ്രതിരോധ സംവിധാനം നൽകാൻ റഷ്യ; യുദ്ധസഹായത്തിനു പ്രത്യുപകാരം
Mail This Article
യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യക്കൊപ്പം കട്ടക്ക് കൂടെ നില്ക്കുന്ന രാജ്യമാണ് വടക്കന്‍ കൊറിയ. കഴിഞ്ഞ ഏതാനും ആഴ്ച്ചകളില്‍ റഷ്യക്കൊപ്പം അണിനിരക്കാന്‍ വടക്കന്‍ കൊറിയയുടെ പതിനായിരത്തിലേറെ സൈനികരാണ് യുദ്ധമുഖത്തേക്കെത്തിയിരിക്കുന്നത്. ഉത്തരകൊറിയയുടെ ഈ സഹായത്തിന് കൃത്യമായ പ്രതിഫലം റഷ്യ നല്‍കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉപരോധം മൂലം വലയുന്ന ഉത്തരകൊറിയക്ക് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമാണ് റഷ്യ നല്‍കുക.
ഉത്തരകൊറിയയുടെ അയല്‍ക്കാരും കടുത്ത ശത്രു രാജ്യവുമായ ദക്ഷിണകൊറിയയാണ് റഷ്യ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം അടക്കമുള്ളവ ഉത്തരകൊറിയക്ക് നല്‍കാനൊരുങ്ങുന്നുവെന്ന വിവരം പുറത്തു വിട്ടിരിക്കുന്നത്. ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഉന്നത സുരക്ഷാ ഉപദേഷ്ടാവ് ഷിന് വോന്സികാണ് കരയില്‍ നിന്നും വായുവിലേക്കു തൊടുക്കാവുന്ന മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനവും നല്‍കാനൊരുങ്ങുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. റഷ്യയുടെ പുതിയ നീക്കം വടക്കന്‍ കൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങിന് അധിക സുരക്ഷാ കവചമൊരുക്കുമെന്ന് ദക്ഷിണകൊറിയയിലെ എസ്ബിഎസ് ടിവി പ്രോഗ്രാമില്‍ ഷിന് വോന്സിക് പറഞ്ഞു.
ഏതു വ്യോമ പ്രതിരോധ സംവിധാനമാണ് റഷ്യ വടക്കന്‍ കൊറിയക്ക് നല്‍കുകയെന്ന കാര്യം ദക്ഷിണകൊറിയ വ്യക്തമാക്കിയിട്ടില്ല. എങ്കിലും എസ് 400 വ്യോമ പ്രതിരോധ സംവിധാനം തന്നെ വടക്കന്‍ കൊറിയക്ക് യുദ്ധസമയത്തെ സഹായത്തിനുള്ള പ്രത്യുപകാരമായി ലഭിച്ചെക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് ലോകത്ത് നിലവിലുള്ള അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമാണ് എസ് 400. യുക്രെയിനെതിരായ യുദ്ധത്തില്‍ അടക്കം റഷ്യ എസ് 400 വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യക്കു പുറമേ അള്‍ജീരിയ, ബെലാറസ്, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളിലേക്കും റഷ്യ അവരുടെ എസ് 400 വിറ്റിട്ടുണ്ട്. ഇന്ത്യയുടെ പക്കല്‍ അഞ്ച് എസ് 400 വ്യോമ പ്രതിരോധ സംവിധാനങ്ങളാണുള്ളത്.
400 കീലോമീറ്റര്‍ വരെ അകലത്തില്‍ നിന്നും ശത്രുസാന്നിധ്യം തിരിച്ചറിയാനും തിരിച്ചടിക്കാനും എസ് 400ന് സാധിക്കും. മാക് 2.5, മാക് 14 എന്നിങ്ങനെ രണ്ട് സ്പീഡ് ലിമിറ്ററുകളുണ്ട് എസ് 400ന്. റോക്കറ്റുകളേയും മിസൈലുകളേയും ബാലിസ്റ്റിക് മിസൈലുകളേയും അകാശത്തു വെച്ചു തന്നെ തകര്‍ക്കാന്‍ എസ് 400ന് സാധിക്കും. ആധുനിക ആയുധങ്ങളുടെ കുറവ് വലിയ തോതില്‍ ബാധിക്കുന്ന ഉത്തരകൊറിയയെ ശക്തിപ്പെടുത്താന്‍ എസ് 400ന്റെ വരവ് സഹായിക്കും.
ആകാശത്തിലൂടെയുള്ള ആക്രമണങ്ങളെ തടയാന്‍ നിലവില്‍ തദ്ദേശീയമായി നിര്‍മിച്ച കെഎന്‍-06 എന്ന കരയില്‍ നിന്നും ആകാശത്തേക്കു തൊടുക്കാവുന്ന മിസൈല്‍ സിസ്റ്റം മാത്രമാണ് ഉത്തരകൊറിയയുടെ പക്കലുള്ളത്. റഷ്യന്‍ എസ് 300, ചൈനീസ് എച്ച്ക്യു-9 സംവിധാനങ്ങളോടാണ് കെഎന്‍-06ന് സാമ്യതയുള്ളത്. എസ് 400നെ അപേക്ഷിച്ച് തലമുറകള്‍ പിന്നിലുള്ള ഈ സംവിധാനത്തിന്റെ കാര്യക്ഷമതയെക്കുറിച്ചും പുറം ലോകത്തിന് വ്യക്തമായ ധാരണയില്ല.
അമേരിക്കയുടേയും ദക്ഷിണകൊറിയയുടേയും ഡ്രോണുകള്‍ വലിയ ഭീഷണിയാണെന്ന് ഉത്തരകൊറിയ കരുതുന്നുണ്ട്. തലസ്ഥാനമായ പ്യോങ്യാങില് ഡ്രോണുകള്‍ ഉപയോഗിച്ച് ഉത്തരകൊറിയക്കെതിരായ പ്രചാരണ നോട്ടീസുകള്‍ വിതരണം ചെയ്യുന്നുവെന്ന് നേരത്തെ തന്നെ ഉത്തരകൊറിയ ആരോപിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എസ് 400 പോലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഡ്രോണുകള്‍ക്കെതിരെ ഹ്രസ്വ ദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉത്തരകൊറിയക്ക് ഫലപ്രദമായി പ്രയോഗിക്കാനാവും.
സൈനികര്‍ക്കൊപ്പം വലിയ തോതില്‍ ആയുധങ്ങളും ഉത്തരകൊറിയ റഷ്യക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ യുദ്ധമേഖലയില്‍ ക്ഷാമം നേരിടുന്ന വെടിയുണ്ടകളും പീരങ്കി ഷെല്ലുകളും മിസൈലുകളുമുണ്ട്. യുക്രെയ്ന് ഡിഫെന്‍സ് ഇന്റലിജന്‍സ് ഡയറക്ടറേറ്റ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരകൊറിയന്‍ ആയുധങ്ങള്‍ യുദ്ധമേഖലയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് ദക്ഷിണകൊറിയന്‍ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 122 എംഎം, 152എംഎം ഷെല്ലുകളും ബാല്സേ-4 ടാങ്ക് വേധ മിസൈലുകളും ഹ്രസ്വ ദൂര മിസൈലുകളുമുണ്ട്. റഷ്യക്കും ഉത്തരകൊറിയക്കും ഇടയിലെ ചരക്കു കപ്പലുകളുടെ സാന്നിധ്യം വിലയിരുത്തിയാല്‍ കുറഞ്ഞത് 80 ലക്ഷം 122എംഎം, 152എംഎം ഷെല്ലുകള്‍ റഷ്യക്ക് ഉത്തരകൊറിയ നല്‍കിയിട്ടുണ്ടെന്നാണ് ദക്ഷിണകൊറിയന്‍ രഹസ്യാന്വേഷണ വിഭാഗം കണക്കുകൂട്ടുന്നത്.