ഏകദേശം യുദ്ധത്തിലെത്തിയ ബ്രിട്ടനും ഫ്രാൻസും! സിറിയയെ സ്വതന്ത്രയാക്കിയ ലെവാന്റ് പ്രതിസന്ധി
Mail This Article
നീണ്ടകാലത്തെ സായുധ സംഘർഷങ്ങളുടെ ചരിത്രമുള്ള രാജ്യമാണ് സിറിയ. ഒരു നൂറ്റാണ്ടിൽ ആഭ്യന്തരയുദ്ധങ്ങളായും, രാജ്യാന്തര യുദ്ധങ്ങളായും 12 സായുധസംഘർഷങ്ങളാണു സിറിയയിൽ നടന്നത്. സിറിയയുടെ സ്വതന്ത്ര്യം ഫ്രാൻസിൽനിന്നാണു ലഭിച്ചത്.1946ൽ ആയിരുന്നു ഇത് സംഭവിച്ചത്.
സിറിയയുടെ സ്വാതന്ത്ര്യത്തിനു വഴി തെട്ടിയ ഒരു സൈനിക പ്രതിസന്ധി 1945ൽ ഉണ്ടായി. അതായിരുന്നു ഡമാസ്‌കസ് ക്രൈസിസ്, ലെവന്റ് ക്രൈസിസ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സിറിയൻ ക്രൈസിസ്.
രണ്ടാംലോകയുദ്ധത്തിനു മുൻപ് തന്നെ ഫ്രാൻസ് സിറിയയ്ക്കു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തതാണ്. എന്നാൽ രണ്ടാം ലോകയുദ്ധകാലത്ത് ഇതു നൽകുവാൻ ഫ്രാൻസ് ഭയപ്പെട്ടു.
അരങ്ങൊഴിയുന്ന ഇടങ്ങളിൽ നാത്സി ജർമനിയുടെ സേനകൾ കയറി ആധിപത്യം ഉറപ്പിക്കുമോയെന്ന പേടിയായിരുന്നു ഇതിനു കാരണം.രണ്ടാംലോകയുദ്ധം നടന്നുകൊണ്ടിരിക്കുമ്പോഴും പിന്നീടും സിറിയ സ്വാതന്ത്ര്യത്തിനായി ആഹ്വാനം ഉയർത്തിയെങ്കിലും ഫ്രാൻസ് കണ്ടില്ലെന്നു നടിച്ചു. സിറിയൻ ദേശീയ പ്രക്ഷോഭങ്ങളെ ശക്തി ഉപയോഗിച്ച് നേരിടാനാണു ഫ്രാൻസ് തുനിഞ്ഞത്. നൂറുകണക്കിന് സിറിയൻ ദേശീയസമര പ്രവർത്തകരെ ഫ്രാൻസ് കൊലപ്പെടുത്തി.
ഈ നടപടികൾ മേഖലയിലെ ശക്തിദുർഗമായിരുന്ന ബ്രിട്ടനു മേൽ സമ്മർദ്ദമേറ്റി. അധീനതയിലായിരുന്ന ട്രാൻസ്‌ജോർദാൻ മേഖലയിൽനിന്ന് സൈനികരെ ബ്രിട്ടൻ സിറിയയിലേക്കു വിട്ടു. ഫ്രാൻസ് പ്രശ്‌നമുണ്ടാക്കിയാൽ വെടിവയ്ക്കാനായിരുന്നു നിർദേശം.
ഫ്രഞ്ച് ഭരണാധികാരിയായ ചാൾസ് ഗൗളെയെ ഭീകരമായി പ്രകോപിപ്പിച്ചതായിരുന്നു ബ്രിട്ടന്റെ നടപടി.
ഒരു ഘട്ടത്തിൽ ബ്രിട്ടനും ഫ്രാൻസും തമ്മിൽ ഒരു യുദ്ധം പോലും നടക്കുമോയെന്ന് സംശയമുണ്ടായി. എന്നാൽ ഫ്രാൻസ് വെടിനിർത്തൽ നിർദേശിച്ചതോടെ പ്രശ്‌നം കെട്ടടങ്ങി. ലെവാന്റ് പ്രതിസന്ധിക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടായിരുന്നു. 1946ൽ സിറിയയുടെ സ്വാതന്ത്ര്യത്തിനും അതു വഴിയൊരുക്കി.