ബ്രേക്ഡൗണാകുന്ന വിമാനവാഹിനി,യുക്രെയ്ൻ ആക്രമണം, ടാർട്ടസ് തുറമുഖത്തിന്റെ നഷ്ടം; റഷ്യൻ നാവികസേനയ്ക്ക് തുടരെ പ്രഹരം
Mail This Article
മെഡിറ്ററേനിയൻ കടലിൽ തങ്ങൾക്കുള്ള ഏക നാവികത്താവളമായ ടാർട്ടസ് റഷ്യ ഒഴിപ്പിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ. യെൽന്യ എന്ന പടക്കപ്പൽ തുറമുഖത്തു നിന്നു മടങ്ങിയെന്ന് സ്ഥീരികരണമുണ്ട്. മറ്റു പടക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും റഷ്യ ഇവിടെനിന്നു നീക്കുമെന്ന് അഭ്യൂഹം ശക്തമാണ്.
4 ഫ്രിഗേറ്റ് പടക്കപ്പലുകളാണു ടാർട്ടസുമായി ബന്ധപ്പെട്ട് റഷ്യ വിന്യസിച്ചിരിക്കുന്നത്.നാവികത്താവളമെന്നല്ല മറിച്ച് വിതരണകേന്ദ്രം എന്ന നിലയിലാണു റഷ്യ ടാർട്ടസിനെ വിശേഷിപ്പിക്കുന്നത്. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ അസദ് സർക്കാരിനു പിന്തുണ നൽകാൻ റഷ്യയെ സഹായിച്ച നിർണായക കേന്ദ്രം കൂടിയാണു ടാർട്ടസ്.
2017ൽ ഈ നാവികത്താവളത്തിലെ വികസനങ്ങൾ റഷ്യ തുടങ്ങിയിരുന്നു. ശീതസമരം കത്തിനിന്ന 1971ൽ സോവിയറ്റ് യൂണിയനാണു ടാർട്ടസ് നാവികത്താവളം സ്ഥാപിച്ചത്. സിറിയയുമായുണ്ടാക്കിയ കരാറിന്റെ പേരിലായിരുന്നു അത്. സോവിയറ്റ് നാവികസേനയുടെ അഞ്ചാം സ്ക്വാഡ്രനുള്ള ബേസ് എന്ന നിലയിലാണ് ടാർട്ടസ് സ്ഥാപിക്കപ്പെട്ടത്.
റഷ്യൻ നാവികസേനയ്ക്ക് വൻ തിരിച്ചടിയാണ് ടാർട്ടസ് നഷ്ടപ്പെടുന്നതോടെ കിട്ടുന്നത്.യുക്രെയ്നുമായുള്ള യുദ്ധത്തിൽതന്നെ റഷ്യൻ നേവിക്ക് ധാരാളം തിരിച്ചടികൾ യുദ്ധത്തിൽ കിട്ടിയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കരിങ്കടലിലും മറ്റും യുക്രെയ്ന്റെ ആക്രമണം റഷ്യൻ നേവിയെ നന്നായി ഉലച്ചിരുന്നു. ഇതിനൊപ്പം കൂനിൻമേൽ കുരുവെന്ന പോലെ റഷ്യയുടെ ഒരേയൊരു വിമാനവാഹിനി പൂർണമായി പ്രവർത്തന തടസ്സം നേരിട്ടു.
കുസ്നെറ്റ്സോവ് ക്ലാസിലുള്ള ഏക കപ്പലും റഷ്യയുടെ ഏക ഫ്ലാഗ്ഷിപ്പുമായ കുസ്നെറ്റ്സോവ് ഒരു രോഗിയെന്നാണ് അറിയപ്പെടുന്നത്. ശീതയുദ്ധകാലത്തിന്റെ അവശേഷിപ്പായ കുസ്നെറ്റ്സോവ്, റഷ്യയുടെ വടക്കൻ ഫ്ലീറ്റിന്റെ ഭാഗമാണ്.വടക്കൻ ഫ്ലീറ്റിന്റെ ആസ്ഥാനമായ സെവെറോമോർസ്കിലാണ് കപ്പലിന്റെ ആസ്ഥാനവും. എന്നാൽ തുറമുഖം വിട്ട് കുസ്നെറ്റ്സോവ് പുറത്തുപോകുമ്പോൾ കെട്ടിവലിക്കാനുള്ള ടഗ്ബോട്ടുകളും, മെക്കാനിക്കുകളും യന്ത്രോപകരണങ്ങളം ഒപ്പം പോകും.
എപ്പോഴാണു കുഴപ്പങ്ങളോ ബ്രേക്ക്ഡൗണുകളോ ഉണ്ടാകുന്നതെന്നറിയാനൊക്കില്ല. ഇത്തരത്തിൽ പരാധീനതകളുള്ളതിനാൽ കുസ്നെറ്റ്സോവിനെ റഷ്യൻ നാവികസേനയിൽ നിന്നു മാറ്റിയെന്നാണു കരുതപ്പെടുന്നത്. ഇതു നേവിയെ ഉലച്ച സംഭവമാണ്.
2022ൽ റഷ്യൻ മിസൈൽ ക്രൂസ് ഡിസ്‌ട്രോയർ യുദ്ധക്കപ്പലായ മോസ്‌ക്വയെ കരിങ്കടലിൽ വച്ച് യുക്രെയ്‌നിന്‌റെ നെപ്ട്യൂൺ മിസൈലുകൾ ആക്രമിച്ചു ഗുരുതരമായി തകരാറിലാക്കിയിരുന്നു. അതിനു മുൻപ് ആസോവ് കടൽക്കരയിൽ ഓർസ്‌ക് എന്ന കപ്പലിനെയും യുക്രെയ്ൻ തകർത്തിരുന്നു