യുക്രെയ്‌നെതിരെ പോരാടി കൊല്ലപ്പെട്ടത് 100 ഉത്തര കൊറിയൻ സൈനികർ; ദക്ഷിണ കൊറിയയുടെ ആരോപണം
Mail This Article
റഷ്യ–യുക്രെയ്ൻ യുദ്ധം അനന്തമായി നീളുമ്പോൾ, ആൾബലത്തിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന സ്വന്തം സൈന്യത്തെ യുദ്ധഭൂമിയിലേക്ക് അയച്ച് റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു ഉത്തരകൊറിയ. റഷ്യയുമായുള്ള യുദ്ധത്തിൽ തങ്ങൾക്ക് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് ഉത്തരകൊറിയ ആണെന്ന് യുക്രെയ്ൻ ഇന്റലിജൻസ് മേധാവി പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
യുക്രെയ്‌നെതിരെ റഷ്യക്ക് വേണ്ടി പോരാടാൻ വിന്യസിച്ച 100 ഉത്തര കൊറിയക്കാരെങ്കിലും കൊല്ലപ്പെട്ടതായി ദക്ഷിണ കൊറിയ ആരോപിക്കുന്നു. ഏകദേശം പതിനായിരത്തോളം ഉത്തരകൊറിയൻ സൈനികർ റഷ്യക്കുവേണ്ടി രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ.
വാഷിംഗ്ടണിൽ, പെന്റഗൺ വക്താവ് മേജർ ജനറൽ പാറ്റ് റൈഡർ ഉത്തരകൊറിയൻ സേനകൾക്കിടയിൽ കൊല്ലപ്പെട്ടതും പരിക്കേറ്റതുമായ സൈനികരുടെ വിവരങ്ങൾ യുഎസിന് ഉണ്ടെന്ന് സ്ഥിരീകരിച്ചു, എന്നിരുന്നാലും, കണക്കുകൾ സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞില്ല, റഷ്യ ഉത്തര കൊറിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
ഉത്തരകൊറിയൻ സൈനികരുടെ മുഖം മറയ്ക്കാൻ റഷ്യൻ സൈനികർ മൃതദേഹങ്ങൾ കത്തിക്കുകയാണെന്ന് അവകാശപ്പെടുന്ന ഒരു വിഡിയോ എക്‌സിൽ പ്രചരിച്ചിരുന്നു . ഉത്തരകൊറിയൻ സൈനികരുടെ മൃതദേഹങ്ങൾ മഞ്ഞ് നിറഞ്ഞ പ്രദേശങ്ങളിൽ കിടത്തി സൈനികർ തീകൊളുത്തുന്നത് വിഡിയോയിൽ കാണിക്കുന്നു. 13 ലക്ഷം സജീവ അംഗങ്ങളുള്ള ഉത്തരകൊറിയൻ സൈന്യം അംഗബലം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സൈന്യമായാണു പരിഗണിക്കപ്പെടുന്നത്.