ചൈനീസ് സൈന്യത്തിലെ അഴിമതി റിപ്പോർട്ടുമായി അമേരിക്ക;ആയിരം ആണവായുധ പോർമുനകൾ ലക്ഷ്യം, ഇതുവരെ 600 എണ്ണം!
Mail This Article
ആയിരം ആണവ പോർമുനകൾ ലക്ഷ്യമിട്ടുള്ള ചൈനയുടെ ആണവായുധ ശേഖരം ഇതുവരെ അറുനൂറിലേക്കെത്തിയെന്ന് യുഎസ് റിപ്പോർട്ട്. ചൈനയുടെ പീപ്പിൾ ലിബറേഷൻ ആര്‍മിയിൽ വ്യാപകമായ അഴിമതി അരങ്ങേറുന്നുണ്ടെങ്കിലും 2030ൽ ചൈനയുടെ ആണവ പോർമുനകൾ ആയിരത്തിലെത്തുമത്രെ. ചൈനയുടെ പൊതു പ്രതിരോധ ബജറ്റ് 2023ൽ 220 ബില്യൺ ഡോളറായി വർധിച്ചതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ചൈനയുടെ ആയുധശേഖരം യുഎസിനോടും റഷ്യയോടും അടുത്തുവരുന്നതിനാൽ ഉടൻ തന്നെ സമാന ആണവശേഷിയുള്ള രാജ്യങ്ങളെ നേരിടേണ്ടിവരുമെന്ന് പെന്റഗൺ സമീപ വർഷങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. പിഎൽഎയുടെ സ്ഥാപനത്തിന്റെ നൂറാം വാർഷികമായ 2027 ആകുമ്പോൾ തയ്‌വാൻ ആക്രമിക്കാനുള്ള കഴിവ് വികസിപ്പിക്കാൻ പ്രസിഡന്റ് ഷി ജിൻപിങ് ചൈനീസ് സൈന്യത്തോട് ഉത്തരവിട്ടതായി യുഎസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.
അതേസമയം ഈ പുരോഗതിയെ തടസ്സപ്പെടുത്തിയേക്കാവുന്ന അഴിമതിയുടെ ഒരു പുതിയ തരംഗം പിഎൽഎ നേരിടുന്നതെന്നും റിപ്പോർട്ട് പറയുന്നു. സമീപ വർഷങ്ങളിൽ, സെൻട്രൽ മിലിട്ടറി കമ്മീഷൻ പൊളിറ്റിക്കൽ വർക്ക് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മിയാവോ ഹുവ ഉൾപ്പെടെ നിരവധി ചൈനീസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും സ്ഥാനഭ്രഷ്ടരാക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
ചൈന മിലിട്ടറി പവർ റിപ്പോർട്ട് എന്താണ്?
യുഎസ് കോൺഗ്രസ് നിർബന്ധമാക്കിയതും ,കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വർഷം തോറും പുറത്തിറക്കുന്നതുമായ ചൈന മിലിട്ടറി പവർ റിപ്പോർട്ട്, ചൈനയുടെ പ്രതിരോധ ശേഷിയെ വിശദീകരിക്കുന്ന പെന്റഗണിന്റെ ഏറ്റവും സമഗ്രമായ അൺക്ലാസിഫൈഡ് റിപ്പോർട്ടാണ്.