രാക്ഷസക്കവണകളാൽ നഗരത്തിനുള്ളിലേക്ക് മൃതദേഹങ്ങൾ; ബ്ലാക്ക് ഡെത്തിന്റെ പിന്നിൽ ജൈവാക്രമണമോ?
Mail This Article
യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധത്തെ അഭിമുഖീകരിക്കുകയാണ് യുക്രെയ്ൻ. റഷ്യയും യുക്രെയ്നും തമ്മിലുള്ളയുദ്ധം അറുതിയില്ലാതെ തുടരുമ്പോൾ ലോകവും ആശങ്കയിലാണ്. കിഴക്കൻ യൂറോപ്പിലെ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം എന്ന നിലയിലല്ല, അപ്പുറത്ത് വൻശക്തിയായ റഷ്യയുള്ളതിനാൽ ഈ യുദ്ധം പരിണമിച്ച് ഒരു ആഗോളപ്രശ്നമായി മാറുമോയെന്നാണ് പ്രധാന ആശങ്ക.
പരമ്പരാഗത ആയുധങ്ങൾക്കു പുറമേ നവീന നശീകരണ ആയുധങ്ങൾ യുദ്ധത്തിൽ ഉപയോഗിക്കപ്പെടുമോയെന്നും ചർച്ചകളുണ്ട്.ആണവായുധങ്ങളെക്കുറിച്ചും ജൈവായുധങ്ങളെക്കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. ജൈവായുധങ്ങൾ ആണവായുധങ്ങളേക്കാൾ നശീകരണശേഷിയുള്ളവയാണെന്നും പല പ്രതിരോധവിദഗ്ധരും ആശങ്കപ്പെടുന്നു.ഒരു പക്ഷേ ചരിത്രത്തിലെ ആദ്യത്തെ വൻകിട ജൈവാക്രമണം യുക്രെയ്നിൽ ആയിരുന്നിരിക്കാം നടന്നത്.
ലോകത്തെ തന്നെ കിടുകിടാ വിറപ്പിച്ച മംഗോൾ സേന
ഇന്നത്തെ കാലത്ത് ഫിയഡോസ്യ എന്നറിയപ്പെടുന്ന കാഫാ നഗരത്തിലായിരുന്നു ആ ആക്രമണം, പതിനാലാം നൂറ്റാണ്ടിൽ. ഇതിനു കാരണക്കാരായത് ലോകത്തെ തന്നെ കിടുകിടാ വിറപ്പിച്ച മംഗോൾ സേനയാണ്.
യൂറോപ്പിലെമ്പാടും കറുത്ത മരണമെന്ന പേരിൽ പ്ലേഗ് ബാധ പടർന്നുപിടിക്കാൻ വഴിവച്ചതിൽ കാഫയിലെ ഈ ജൈവായുധ ആക്രമണത്തിനു പങ്കുണ്ടാകാമെന്ന് ചരിത്രകാരൻമാർ സംശയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് വളരെ പ്രശസ്തമായ ഒരു കഥയുണ്ട്.
വർഷം 1343..യുക്രെയ്നിലെ ക്രൈമിയയക്കു സമീപമായിരുന്നു കാഫ നഗരം. 1230കളിൽ ഈ നഗരം മംഗോൾ സേനയുടെ അധീനതയിൽ വന്നിരുന്നു.എന്നാൽ പിൽക്കാലത്ത് ഇവിടം വലിയൊരു കച്ചവടകേന്ദ്രമായി ഉയർന്നു.ഇറ്റലിയിലെ ജനോവയിൽ നിന്നുള്ള കച്ചവടക്കാരെ ഇവിടെ തമ്പടിക്കാൻ മംഗോളുകൾ അനുവദിച്ചു.താമസിയാതെ അവർ നഗരത്തിൽ പ്രബലരാകുകയും ചെയ്തു. കാഫ കരിങ്കടൽതീരത്തെ വലിയ ഒരു വ്യവസായ കേന്ദ്രമായി മാറി.വലിയൊരു അടിമച്ചന്തയും ഇവിടെ സ്ഥാപിക്കപ്പെട്ടു.
മംഗോളുകൾക്ക് ഇത് ഗുണകരമായ കാര്യമായിരുന്നു. കാഫയിലെ വ്യാപാരികൾ വഴി ഇറ്റലിയിലേക്കു കച്ചവടം നടത്താൻ അവസരമൊരുങ്ങിയിരുന്നു. എന്നാൽ ഇടയ്ക്ക് ഇവർ തമ്മിൽ ശത്രുത ഉടലെടുത്തു. നഗരത്തിന്റെ നിയന്ത്രണം തിരികെത്തരാൻ മംഗോളുകൾ ആവശ്യപ്പെട്ടു. എന്നാൽ വ്യാപാരികൾ വഴങ്ങിയില്ല.
ഇതെത്തുടർന്നാണു മംഗോളുകൾ കാഫ നഗരം വളഞ്ഞത്. ചെങ്കിസ് ഖാന്റെ മകൻ ജോച്ചിയുടെ ആറാം തലമുറയിൽ പെട്ട ജാനി ബെഗ് ആയിരുന്നു അന്ന് മംഗോളുകളുടെ നേതാവ്.വൻയുദ്ധം നടന്നെങ്കിലും കാഫയിലെ വ്യാപാരികളും ശക്തരായിരുന്നു. അവർ തിരിച്ചും ആക്രമണം തുടങ്ങിയതോടെ മംഗോൾ സേന പിന്തിരിഞ്ഞു.പതിനയ്യായിരത്തോളം മംഗോൾ പടയാളികൾ ആ യുദ്ധത്തിൽ മരിച്ചിരുന്നു. ജാനി ബെഗ് പകയോടെയാണു
തിരികെ പോയത്.രണ്ടുവർഷങ്ങൾക്കു ശേഷം മംഗോളുകൾ വീണ്ടും കാഫ വളഞ്ഞു. എന്നാൽ കുറച്ചുവർഷങ്ങളായി മധ്യേഷ്യയിൽ വലിയ പ്ലേഗുബാധ ഉടലെടുത്തിരുന്നു.
രാക്ഷസക്കവണകളാൽ നഗരത്തിനുള്ളിലേക്ക് മൃതദേഹങ്ങൾ
യെർസീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടായ ഈ പ്ലേഗ് മൂലം ഒട്ടേറെ പേർ മരിച്ചു. മുഖത്തും കൈകാലുകളിലുമൊക്കെ പഴുപ്പ് തിങ്ങിയ മുഴകളും കടുത്ത പനിയുമൊക്കെ ഇതു മൂലം ഉടലെടുത്തു. മംഗോൾ സേനയിൽ ഒട്ടേറെ പേർ ഈ പ്ലേഗ് ബാധ മൂലം മരിച്ചിരുന്നു.രണ്ടാം തവണ കാഫാ നഗരം വളഞ്ഞപ്പോൾ മംഗോളുകൾ ഈ മൃതദേഹങ്ങൾ കോട്ടകെട്ടിയ നഗരത്തിനുള്ളിലേക്ക്
എറിഞ്ഞു.രാക്ഷസക്കവണകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു ഇത്. ഇതോടെ പ്ലേഗ് കാഫയിലുമെത്തി.നിരവധി പേർക്ക് രോഗബാധ ഉടലെടുത്തു. പിന്നീട് കാഫയിൽ നിന്ന് യൂറോപ്പിലേക്കും വ്യാപാരനീക്കങ്ങളുടെ ഭാഗമായി പ്ലേഗ് എത്തി. യൂറോപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ രോഗദുരന്തങ്ങളിലൊന്നായിരുന്നു ബ്ലാക്ഡെത്ത്. ഏഴരക്കോടിയോളം ആളുകൾ ഇതിന്റെ ഫലമായി കൊല്ലപ്പെട്ടു.ചരിത്രപരമായ രേഖപ്പെടുത്തലുണ്ടെങ്കിലും ഈ കഥ പൂർണമായും വിശ്വാസത്തിലെടുക്കാൻ ശാസ്ത്രജ്ഞർ ഒരുക്കമായിരുന്നില്ല. കപ്പലുകളിലുള്ള എലികൾ വഴിയൊക്കെയും യൂറോപ്പിൽ രോഗബാധ എത്തിയിരിക്കാമെന്ന് അവർ പറയുന്നു.