വ്യോമാക്രമണവുമായി പാക്കിസ്ഥാൻ, അതിർത്തികടന്ന് തിരിച്ചടിച്ച് താലിബാന്; ഡ്യൂറൻഡ് ലൈൻ പുകയുന്നു!
Mail This Article
അതിർത്തിയെന്നു പറയപ്പെടുന്ന രേഖകടന്ന് വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി– പാക്കിസ്ഥാനിലെ വിവിധ അതിർത്തി മേഖലകളിൽ ഇന്നലെ ആക്രമണം നടത്തിയ ശേഷം പാക്ക് പ്രതിരോധമന്ത്രാലയം അറിയിച്ചതിങ്ങനെയാണ്.പാക്കിസ്ഥാനും അഫ്ഗാനും ഇടയിലുള്ള അതിർത്തി അഫ്ഗാനിസ്ഥാൻ അംഗീകരിക്കാറില്ല. ലോകത്തിലെ ഏറ്റവും അപകടകരമായ അതിർത്തികളിൽ ഒന്നെന്ന് അറിയപ്പെടുന്നതാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയ്ക്കുള്ള 2640 കിലോമീറ്റർ നീളമുള്ള അതിർത്തി അഥവാ ഡ്യൂറൻഡ് ലൈൻ. പാമീർ പീഠഭൂമി മുതൽ ഇറാൻ വരെ നീളുന്നതാണ് ഈ അതിർത്തി.
1893ൽ ബ്രിട്ടിഷുകാരനായ സർ മോർട്ടിമർ ഡ്യൂറൻഡാണ് ഈ അതിർത്തി നിശ്ചയിച്ചത്. എന്നാൽ ഇന്ന് ഈ രേഖയ്ക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. പഷ്തൂൺ മേഖലയെ കീറിമുറിച്ചുകൊണ്ടാണ് ഈ രേഖ കടന്നുപോയത്. പഷ്തൂണുകൾ അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രബലമായ വിഭാഗവും പാക്കിസ്ഥാനിൽ ജനസംഖ്യകൊണ്ട് രണ്ടാം സ്ഥാനത്തുനിൽക്കുന്ന വിഭാഗവുമാണ്.സംഘർഷങ്ങൾ സ്ഥിരമായി ഉടലെടുക്കുന്ന അതിർത്തിയാണ് ഇത്. ഭീകരവാദസംഘടനകളും ക്യാംപുകളും പരിശീലനകേന്ദ്രങ്ങളുമൊക്കെ ഇവിടെയുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച പാക്കിസ്ഥാൻ അതിർത്തിക്കപ്പുറം അഫ്ഗാൻ മേഖലയിൽ കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. 46 പേർ ഇതിൽ മരിച്ചു. ഇതിനു മറുപടിയായാണ് അഫ്ഗാൻ ആക്രമണം. ഇന്നലെ പുലർച്ചെ നാലോടെ താലിബാൻ പടയാളികൾ ചെറുപീരങ്കികളും മെഷീനുകളുമുപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.
ഒരു പാക്ക് സുരക്ഷാ ഉദ്യോഗസ്ഥൻ മരിക്കുകയും മറ്റ് 7 പേർക്ക് പരുക്കുപറ്റുകയും ചെയ്തെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ 19 പാക്ക് സൈനികർ മരിച്ചെന്ന് അഫ്ഗാൻ പ്രതിരോധവൃത്തങ്ങൾ അവകാശപ്പെടുന്നു.രണ്ട് പോസ്റ്റുകളുടെ നിയന്ത്രണം താലിബാൻ കൈക്കലാക്കിയെന്നും അഭ്യൂഹമുണ്ട്. പാക്ക് അതിർത്തിജില്ലയായ കുറമിലാണ് ആക്രമണം നടന്നതെന്നു കരുതപ്പെടുന്നു. അഫ്ഗാനിലെ ഘോസ്റ്റ് പ്രവിശ്യ വഴിയാണു താലിബാൻ പടയാളികൾ എത്തിയത്.
അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ പക്തികയിൽ ഭീകരസംഘടനകളുടെ പരിശീലനക്യാംപുകളുണ്ടെന്ന് ആരോപിച്ചായിരുന്നു പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. 2021 മുതൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി വരികയാണ്. അഫ്ഗാനിസ്ഥാനിൽ പരിശീലനം നേടിയ പാക്ക് താലിബാൻ ഭീകരർ നുഴഞ്ഞുകയറി വലിയ കുഴപ്പങ്ങളുണ്ടാക്കുന്നെന്നു പാക്കിസ്ഥാൻ ആരോപിക്കുന്നുണ്ട്. ഇത് അഫ്ഗാനിസ്ഥാൻ നിഷേധിക്കുന്നു.