ADVERTISEMENT

അസർബൈജാന്‍ എയർലൈൻസിന്റെ വിമാനദുരന്തത്തിനു കാരണം റഷ്യയുടെ വ്യോമ പ്രതിരോധമാണെന്നും, പക്ഷേ  മറച്ചുവെയ്ക്കാൻ റഷ്യ ശ്രമിച്ചതായും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്. വിമാനത്തിലുണ്ടായ 67 പേരിൽ 38 പേർ മരിച്ച ഈ ദുരന്തത്തെ മറയ്ക്കാൻ മോസ്കോ ശ്രമിച്ചെന്നും എന്നാൽ കുറ്റം സമ്മതിച്ചു റഷ്യ  മാപ്പ് പറയുകയാണ് വേണ്ടതെന്നും ഇൽഹാം അലിയേവ് പറഞ്ഞു.

യാത്രാവിമാനങ്ങൾ മിസൈലുകൾ ഉപയോഗിച്ച് റഷ്യ വെടിവച്ചിടുന്നത് ഇതാദ്യമായല്ല.   അതിർത്തി കടന്നെത്തുന്ന വസ്തുക്കളെ റഷ്യ അതീവ സംശയങ്ങളോടെയാണ് വീക്ഷിക്കുന്നത്. യുക്രെയ്നിയൻ ഡ്രോണുകൾ ജനവാസകേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിടുന്നത് ഇത്തരത്തില്‍ മുഖം നോക്കാതെ പ്രതിരോധ കവചം തീർക്കുന്നതിനു പിന്നിലുണ്ട്.

കസാൻ വിമാനത്താവളത്തിൽ ഞായറാഴ്ചയും ഡ്രോണ്‍ ഭീതിയിൽ  വിമാനങ്ങൾ നിർത്തിവച്ചിരുന്നു. ഇതുവരെ 56 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ സ്റ്റേറ്റ് മീഡിയ ടാസ് റിപ്പോർട്ട് ചെയ്തു.ക്രാസ്നോദർ മേഖലയിലെ സോച്ചി , നെയിംസേക്ക് മേഖലയിലെ ആസ്ട്രഖാൻ എന്നിവയുൾപ്പെടെ നിരവധി റഷ്യൻ വിമാനത്താവളങ്ങളിലും വിമാന സർ‍വീസുകൾ റദ്ദാക്കിയിരുന്നു.

ജിപിഎസ് സിഗ്നൽ ജാം ചെയ്യുന്ന റഷ്യ

ഡ്രോണുകൾക്കെതിരെ പ്രതിരോധം തീർക്കാനുള്ള റഷ്യയുടെ ജാമിങ് സംവിധാനങ്ങൾ,ആയിരക്കണക്കിന് യാത്രാ വിമാനങ്ങളെ ബാധിക്കുന്നതായി വിദഗ്ധർ പറയുന്നു.ബാൾട്ടിക് കടൽ, കരിങ്കടൽ, കിഴക്കൻ മെഡിറ്ററേനിയൻ തുടങ്ങി റഷ്യയുടെ സൈന്യം ഏറ്റവും സജീവമായ പ്രദേശങ്ങളിൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റത്തിന് (ജിപിഎസ്) തടസ്സം നേരിടുന്നത് വർദ്ധിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ.

അസർബൈജാൻ വിമാന ദുരന്തത്തിലെ ആരോപണങ്ങൾ

ക്രിസ്മസ് ദിനത്തിൽ അതിരാവിലെ, അസർബൈജാൻ തലസ്ഥാനമായ ബാക്കു വിമാനത്താവളത്തിൽ നിന്ന് ഫ്ലൈറ്റ് J2-8243(അസർബൈജാൻ എയർലൈൻസിൻ്റെ എംബ്രയർ 190 എന്ന വിമാനം) പറന്നുയർന്നു. റഷ്യൻ മേഖലയായ ചെച്‌നിയയുടെ തലസ്ഥാനമായ ഗ്രോസ്‌നിയിൽ എത്തിയതായിരുന്നു .വിമാനത്തിൽ 67 യാത്രക്കാരുണ്ടായിരുന്നു, അവരിൽ ഭൂരിഭാഗവും അസർബൈജാനി പൗരന്മാരും റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.

എന്തുകൊണ്ടാണ് റഷ്യൻ വ്യോമ പ്രതിരോധത്തെ കുറ്റപ്പെടുത്തിയത്?

അപകടത്തിന് ശേഷം വിമാനത്തിന്റെ വാൽ ഭാഗത്ത് കണ്ട ദ്വാരങ്ങളാണ് റഷ്യയുടെ വ്യോമ പ്രതിരോധമാകാമെന്നുള്ള സംശയം ഉയരാൻ കാരണം. തകർന്ന വിമാനത്തിൻ്റെ വാലിന്റെ ചിത്രങ്ങൾ റഷ്യൻ പാന്റ്സിർ-എസ് 1 എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള  വെടിയുണ്ടകളുമായി പൊരുത്തപ്പെടുന്ന കേടുപാടുകൾ കാണിക്കുന്നുവെന്ന് ഒരു സ്വതന്ത്ര റഷ്യൻ സൈനിക വിദഗ്ധനായ യാൻ മാറ്റ്‌വീവ് അഭിപ്രായപ്പെട്ടു.

തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ വിശകലനം മിസൈൽ പതിച്ചതിൻ്റെ 90-99% സാധ്യതയെ സൂചിപ്പിക്കുന്നതായി വ്യോമാതിർത്തിയും വിമാനത്താവളങ്ങളും നിരീക്ഷിക്കുന്ന OPSGroup-ലെ വിദഗ്ദൻ മാർക്ക് സീ പറഞ്ഞു.

ബ്രിട്ടൺ സ്ഥാനമായുള്ള വ്യോമയാന സുരക്ഷാ സ്ഥാപനമായ ഓസ്പ്രേ ഫ്ലൈറ്റ് സൊല്യൂഷൻസ്, "അസർബൈജാൻ എയർലൈൻസ് വിമാനം റഷ്യൻ സൈനിക വ്യോമ പ്രതിരോധ സംവിധാനത്താൽ വെടിവച്ചിട്ടതാകാൻ സാധ്യതയുണ്ടെന്ന് തങ്ങളുടെ 'ക്ലയന്റുകൾക്ക്' മുന്നറിയിപ്പ് നൽകി.

2022 ഫെബ്രുവരിയിൽ മോസ്‌കോ യുക്രെയ്‌നിൽ പൂർണ്ണമായ അധിനിവേശം ആരംഭിച്ചതിനുശേഷം റഷ്യയിലെ ഡ്രോൺ ആക്രമണങ്ങളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും കുറിച്ച് കമ്പനി 200 ലധികം അലേർട്ടുകൾ നൽകിയിട്ടുണ്ടെന്ന് ഓസ്‌പ്രേ സിഇഒ ആൻഡ്രൂ നിക്കോൾസൺ പറഞ്ഞു.

English Summary:

Azerbaijan president claims plane that crashed was shot at from Russian soil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com