അസർബൈജാന്റെ മാത്രമല്ല! കൊറിയയുടെയും മലേഷ്യയുടെയും വിമാനങ്ങൾ തകർത്ത റഷ്യ
Mail This Article
കസഖ്സ്ഥാനിലെ അക്തൗവിൽ 38 പേരുടെ മരണത്തിനിടയാക്കി അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നുവീണ സംഭവത്തിൽ വിവാദങ്ങൾ അലയടങ്ങിയിട്ടില്ല. ഇന്നലെ വെളിപ്പെടുത്തലുമായി അസർബൈജാൻ പ്രസിഡന്റ് ഇലാം അലിയേവ് രംഗത്തെത്തിയിരുന്നു. റഷ്യൻ പ്രതിരോധവൃത്തങ്ങൾ വെടിവച്ചതാണു വിമാനം തകരാനിടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
യാത്രാവിമാനങ്ങൾ മിസൈലുകൾ ഉപയോഗിച്ച് റഷ്യ വെടിവച്ചിടുന്നത് ഇതാദ്യമായല്ല. 1983ൽ ന്യൂയോർക്കിൽ നിന്നു സോളിലേക്ക് അലാസ്കയിലെ ആങ്കറേജ് വഴി പറന്ന കൊറിയൻ എയർലൈൻസ് വിമാനം പോകേണ്ട പാതയിൽ നിന്ന് അബദ്ധത്തിൽ തെന്നിമാറുകയും സോവിയറ്റ് യൂണിയനിലെ നിരോധിത വ്യോമമേഖലയിലൂടെ പോകുകയും ചെയ്തു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ സിലോകൾ നിൽക്കുന്നതിനാൽ അതീവ നയതന്ത്രപ്രാധാനമുള്ള മേഖലയായിരുന്നു ഇത്. ഈ വിമാനം ചാരനിരീക്ഷണ വിമാനമാണെന്നു തെറ്റിദ്ധരിച്ച് സോവിയറ്റ് യുദ്ധവിമാനം അതിനെ തകർത്തുകളഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 269 പേർ കൊല്ലപ്പെട്ടു.
പിൽക്കാലത്ത് 2014ലും ഇതേപോലെ ഒരു സംഭവമുണ്ടായിട്ടുണ്ട്. മലേഷ്യൻ എയർലൈൻസ് 17 എന്ന വിമാനം യുക്രെയ്നിലെ ഡോനെറ്റ്സ്ക് മേഖലയിൽ റഷ്യൻ അനുകൂല സേന തകർത്തു. വിമാനത്തിലുണ്ടായിരുന്ന 283 യാത്രക്കാരും 15 ജീവനക്കാരും കൊല്ലപ്പെട്ടു.
അസർബൈജാൻ വിമാനത്തിനു പിന്നിലും റഷ്യയുടെ അബദ്ധമാണ്.തങ്ങളുടെ വിമാനം ഇലക്ട്രോണിക് ജാമിങ്ങിനു വിധേയമായി. യാദൃച്ഛികമായി വെടിയേൽക്കുകയായിരുന്നു.ദുരന്തത്തെപ്പറ്റി റഷ്യക്കാർ കള്ളം പറഞ്ഞു, മറച്ചുവയ്ക്കാൻ ശ്രമിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതിനു പിന്നിലുള്ളവരെ ശിക്ഷിക്കണം–അസർബൈജാൻ പ്രസിഡന്റ് ഇലാം അലിയേവ് ആവശ്യപ്പെട്ടു.
റഷ്യയുമായി അടുത്തബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് അസർബൈജാൻ.സംഭവത്തിൽ അസർബൈജാൻ പ്രസിഡന്റിനോട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്നലെ ക്ഷമ ചോദിച്ചിരുന്നു.
അസർബൈജാൻ തലസ്ഥാനം ബാക്കുവിൽനിന്നു ദക്ഷിണ റഷ്യയിലെ ഗ്രോസ്നിയിലേക്കു പുറപ്പെട്ട അസർബൈജാൻ എയർലൈൻസ് വിമാനമാണു 25ന് തകർന്നുവീണത്. റഷ്യൻ വ്യോമപ്രതിരോധ സേന വിമാനം വെടിവച്ചിട്ടതാണെന്ന് യുക്രെയ്ൻ ദേശീയ സുരക്ഷാ വിദഗ്ധൻ ആൻഡ്രി കൊവാലെങ്കോ ആദ്യം തന്നെ അവകാശപ്പെട്ടിരുന്നു.