ടെസ്‌ല സ്ഫോടനവും ട്രക്ക് ആക്രമണവും,ഒരേ ആപ്പിലൂടെ റെന്റിനെടുത്ത വാഹനങ്ങൾ; അന്വേഷണം
Mail This Article
ലാസ് വെഗാസിൽ, നിയുക്ത പ്രസിഡന്റായ ട്രംപിന്റെ ഹോട്ടലിന് പുറത്ത് സൈബർട്രക്ക് പൊട്ടിത്തെറിച്ചതും ന്യൂ ഓർലിയൻസിലെ ട്രക്ക് ആക്രമണവും അമേരിക്കയെ ഞെട്ടിച്ചിരിക്കുന്നു. ഇരു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് അമേരിക്കൻ അന്വേഷണ ഏജൻസികൾ. ഇരുസംഭവങ്ങളിലും വാഹനം റെന്റിനെടുത്തത് ട്യൂറോ ആപ്പിലൂടെയായിരുന്നു. ഇത് ചിലപ്പോൾ യാദൃശ്ചികം മാത്രമായിരിക്കാമെന്നും പക്ഷേ അന്വേഷണത്തിൽ ഉള്‍പ്പെടുത്തുമെന്നും അധികൃതർ പറയുന്നു.
ഒരേ വാഹന റെന്റൽ സർവീസിൽ നിന്ന് വാടകയ്ക്ക് എടുത്തതാണെന്നതല്ലാതെ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതിന് ഇതുവരെ സ്ഥിരീകരണമില്ല. ന്യൂ ഓർലിയൻസിൽ ട്രക്ക് ജനക്കൂട്ടത്തിലേക്കു പാഞ്ഞുകയറ്റി നടത്തിയ വെടിവയ്പ്പിനു പിന്നിൽ പ്രവർത്തിച്ചത് 42 കാരനായ ഷംസുദ്ദിൻ ജബാറാണ്. 15 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ പിക്കപ്പ് ട്രക്ക് ഡ്രൈവറായ ഇയാളെ പൊലീസ് വെടിവച്ചു കൊന്നിരുന്നു.
പുതുവർഷാഘോഷങ്ങളിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. ഈ സംഭവം അന്വേഷിക്കുന്നതിനിടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് തൊട്ടുമുന്നിലാണ് സൈബർ ട്രക്ക് സ്‌ഫോടനം നടന്നത്.
വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ അനുവദിക്കുന്ന ഒരു കാർ പങ്കിടൽ ആപ്പാണ് ട്യൂറോ. സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള കമ്പനി ടൊയോട്ട, ജീപ്പുകൾ മുതൽ പോർഷെ, ടെസ്‌ല പോലുള്ള കാറുകളുടെ വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ് എന്നിവിടങ്ങളിലും സജീവമാണ്.