ADVERTISEMENT

ഒരു വോയിസ് ക്ലിപ് കിട്ടിയോ? വിദ്യാഥിയോ, പത്രപ്രവര്‍ത്തകനോ ആരുമാകട്ടെ, അതൊന്ന് ടെക്‌സ്റ്റ് ആക്കി കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച സന്ദര്‍ഭങ്ങളുണ്ടാകാം. നിലവില്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലാണ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നത്. എഐ ഉപയോഗിച്ചുള്ള ഈ വിദ്യ പിക്‌സലില്‍ റെക്കോര്‍ഡര്‍ (Recorder) ആപ്പ് വഴിയാണ് നല്‍കുന്നത്. സമാനമായ ഫീച്ചറടക്കം, അവസാനം ആപ്പിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കും താമസിയാതെ പ്രവേശിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

സാങ്കേതിക മേഖലയിലെ  ആർട്ടിഫിഷ്യൽ ഇൻറലിജന്റ്സ് അധിഷ്ഠിതമാകുന്നതിലെ പ്രശ്നങ്ങളും സാധ്യതകളും ചിലപ്പോൾ ലാർജ് ലാംഗ്വേജ് മോഡലിനുള്ള വകയിരുത്തലുകളും ഉണ്ടായേക്കാം. Image Credit: Devrimb/Istock.
സാങ്കേതിക മേഖലയിലെ ആർട്ടിഫിഷ്യൽ ഇൻറലിജന്റ്സ് അധിഷ്ഠിതമാകുന്നതിലെ പ്രശ്നങ്ങളും സാധ്യതകളും ചിലപ്പോൾ ലാർജ് ലാംഗ്വേജ് മോഡലിനുള്ള വകയിരുത്തലുകളും ഉണ്ടായേക്കാം. Image Credit: Devrimb/Istock.

ഡബ്ല്യൂഡബ്ല്യൂഡിസി

വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയ ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് കമ്പനികളുടെ വാര്‍ഷിക സമ്മേളനങ്ങളെ പോലെ, ആപ്പിളും തങ്ങളുടെ നൂതന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ്. വേള്‍ഡ്‌വൈഡ് ഡിവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് (ഡബ്ല്യൂഡബ്ല്യൂഡിസി) എന്നു വിളിക്കുന്ന സമ്മേളനം ആഴ്ചകള്‍ക്കുള്ളില്‍ നടക്കും.  ഇതില്‍ അവതരിപ്പിക്കാന്‍ പോകുന്ന നൂതന ഫീച്ചറുകളെയും നടത്താന്‍ പോകുന്ന പ്രഖ്യാപനങ്ങളെയും കുറിച്ച് മുന്‍ വര്‍ഷങ്ങളിലേതു പോലെയല്ലാതെ ആകാംക്ഷ കൂറിയിരിക്കുകയാണ് ടെക്‌നോളജി പ്രേമികള്‍. 

എഐയുടെ കാര്യത്തില്‍ ആപ്പിള്‍ പിന്നിലാണെന്ന പിന്നാമ്പുറ സംസാരത്തിന് ഒരു അറുതി വരുത്താന്‍ കമ്പനി ശ്രമിച്ചേക്കുമെന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രധാന സവിശേഷത. കമ്പനിയുടെ മേധാവി ടിം കുക്ക് അടക്കം വേദിയിലെത്തി വിവിധ ഫീച്ചറുകള്‍ പരിചയപ്പെടുത്തി സംസാരിക്കുന്ന സമ്മേളനത്തില്‍ ഐഓഎസ്/ഐപാഡ് ഓഎസ് 18 ആയിരിക്കും ശ്രദ്ധാകേന്ദ്രം. 

artificial-intelligence

ഐഫോണിലും, ഐപാഡിലും ഉള്ള, സഫാരി, ഫോട്ടോസ്, നോട്‌സ് തുടങ്ങി, ആപ്പിളിന്റെ സ്വന്തം ആപ്പുകളിലെല്ലാതന്നെ എഐയുടെ സാന്നിധ്യം ഉണ്ടായേക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. നോട്‌സില്‍ ഓഡിയോ റെക്കോഡ് ചെയ്ത ശേഷം അത് ടെക്‌സ്റ്റ് ആയി ട്രാന്‍സ്‌ക്രൈബ് ചെയ്‌തെടുക്കാന്‍ സാധിച്ചേക്കും. ടെക്‌സ്റ്റ് പേസ്റ്റ് ചെയ്താല്‍ അതിന്റെ രത്‌നച്ചുരുക്കം നല്‍കാനും നോട്‌സിന് സാധിച്ചേക്കാം എന്നും കേള്‍ക്കുന്നു. 

ഹോം സ്‌ക്രീന്‍ കസ്റ്റമൈസേഷനാണ് വരുമെന്നു പ്രവചിക്കപ്പെടുന്ന മറ്റൊരു പ്രധാന ഫീച്ചര്‍. ആപ്പിളിന്റെ സ്മാര്‍ട്ട് ഉപകരണങ്ങളുടെ ഹോം സ്‌ക്രീന്‍ വലിയ മാറ്റമൊന്നുമില്ലാതെയാണ് ഇതുവരെ നിലനിന്നിരുന്നത്. ഇനിമേല്‍ ആപ്പുകള്‍ അങ്ങനെ വരിവരിയായി ഒന്നും നിറുത്തണമെന്ന് ഒരു നിര്‍ബന്ധവും കണ്ടേക്കില്ല. അവയെ യഥേഷ്ടം ക്രമീകരിക്കാം. കൂടാതെ ആപ്പുകളുടെ ഐക്കണുകള്‍ക്ക് സവിശേഷ നിറം നല്‍കണമെങ്കില്‍ അതും ചെയ്യാനായേക്കും. ഉദാഹരണത്തിന്, തിരിച്ചറിയാന്‍ ബ്രൗസര്‍ ആപ്പുകളെല്ലാം നീല നിറത്തില്‍ ഇരിക്കട്ടെ എന്ന് കരുതുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യാനായേക്കുമത്രെ. 

 മാജിക് എഡിറ്റര്‍

പിക്‌സല്‍ ഫോണുകളെ പെട്ടെന്ന് പലര്‍ക്കും പ്രിയപ്പെട്ടതാക്കിയ ഫീച്ചറാണ് മാജിക് എഡിറ്റര്‍. ഫോട്ടോയില്‍ പല ക്രമീകരണങ്ങളും മാന്ത്രികമായി നടത്താന്‍ അനുവദിക്കുന്ന ഒന്നാണിത്. ഇതിനു സമാനമായ ഒന്ന് ഐഓഎസ്/ഐപാഡ് ഓഎസുകളില്‍ എത്തിയേക്കും എന്ന് ശക്തമായ റൂമറുണ്ട്. എഐ ഉപയോഗിച്ച് ജനറേറ്റു ചെയ്യാവുന്ന ഇമോജികളായിരിക്കും ഐഓഎസ് 18നിലെ മറ്റൊരു വിഭവമെന്ന് ബ്ലൂംബര്‍ഗ് കോളമിസ്റ്റ് മാര്‍ക് ഗുര്‍മന്‍.

അയയ്ക്കുന്ന ടെക്‌സ്റ്റ് സന്ദേശങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ഇമോജികള്‍ ക്ഷണത്തില്‍ സൃഷ്ടിച്ചെടുക്കാമെന്നതാണ് ഇതിന്റെ ഗുണം. ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് സിരി അതിന്റെ എതിരാളികള്‍ക്കു മുമ്പില്‍ നിഷ്പ്രഭമാണ് എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇത്തവണ അതും തിരുത്തിക്കുറിക്കാന്‍ ആപ്പിള്‍ ഉദ്ദേശിക്കുന്നു എന്നതും വലിയ മാറ്റമായിരിക്കാം. 

ആപ്പിളിന്റെ സ്വന്തം ലാര്‍ജ് ലാംഗ്വെജ് മോഡലുകളെ ആശ്രയിച്ചായിരിക്കും പല ഐഎ സേവനങ്ങളും നല്‍കുക എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അതുവഴി തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ സാധിക്കുമെന്ന് കമ്പനി കരുതുന്നതാണ് ഇതിനു കാരണം. എന്നാല്‍, കരുത്തുറ്റ എഐ പ്രൊസസിങ് വേണമെന്നുണ്ടെങ്കില്‍ നിലവില്‍ അത് ആപ്പിളിന് നല്‍കാന്‍ സാധിച്ചേക്കില്ലെന്നും, അതിന് ഓപ്പണ്‍എഐ, ഗൂഗിള്‍, ബായിഡു തുടങ്ങിയ കമ്പനികളെ ആശ്രയിച്ചേക്കുമെന്നും കേട്ടുകേള്‍വികള്‍ ഉണ്ട്. അതേസമയം, ഓപ്പണ്‍എഐയുമായി സഹകരണം ആപ്പിള്‍ പ്രഖ്യാപിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന്ഗുര്‍മന്‍ പറയുന്നു. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

എത്ര ഐഫോണുകളാണ് എഐ-സജ്ജം?    

ആപ്പിളിന്റെ എഐ ഫീച്ചറുകളെല്ലാം ഒട്ടും കരുത്തു ചോരാതെ ഉപയോഗിക്കണമെങ്കില്‍ ഈ വര്‍ഷം പുറത്തിറക്കാന്‍ പോകുന്ന ഐഫോണ്‍ 16 പ്രോ സീരിസ് തന്നെ വേണ്ടിവന്നേക്കും. കാരണം ഫോണില്‍ തന്നെ പ്രൊസസിങ് നടത്തേണ്ട ഫീച്ചറുകള്‍ക്കെല്ലാം ഹാര്‍ഡ്‌വെയര്‍ കരുത്തിനെ ആശ്രയിക്കേണ്ടി വരുമല്ലോ. എഐ മനസില്‍ക്കണ്ട് ഇറക്കുന്ന ആദ്യ സീരിസ് ഐഫോണുകള്‍ ആയിരിക്കും അത്. അടുത്തിടെ പരിചയപ്പെടുത്തിയ എം4 ഐപാഡുകള്‍ ആയിരിക്കും എഐ-സജ്ജമായ ആദ്യ ഐപാഡ് ശ്രേണികള്‍. 

എന്നു കരുതി ഐഓഎസ്/ഐപാഡ് ഓഎസ് 18ല്‍ വരുന്ന എഐ ഫീച്ചറുകള്‍ ഏറ്റവും പുതിയ സീരിസില്‍ മാത്രമായി ഒതുക്കാന്‍ ഒരു സാധ്യതയുമില്ല. നിലവിലുള്ള സൂചന പ്രകാരം ഐഫോണ്‍ 11 (ചിലപ്പോള്‍ ഐഫോണ്‍ 12) മുതലുള്ള ഫോണുകള്‍ക്കെല്ലാം ഐഓഎസ് 18 ലഭിച്ചേക്കും. എന്നാല്‍, ഐഫോണ്‍ 11, 12, 13 സീരിസിലുള്ള ഫോണുകള്‍ക്ക് എഐ പ്രൊസസിങ് കരുത്ത് കണ്ടേക്കില്ലത്രെ. അതേസമയം, ഈ ഉപകരണങ്ങളിലേക്ക് ക്ലൗഡ് വഴി എഐ എത്തിക്കാന്‍ കമ്പനി ശ്രമിച്ചേക്കുമെന്നും കേള്‍ക്കുന്നു. അതിന് സമയമെടുത്തേക്കും. 

മാജിക് എഡിറ്റര്‍ പിക്‌സല്‍ 6, 7 ഫോണുകളിലേക്കും

മാജിക് എഡിറ്റര്‍, വിഡിയോ ബൂസ്റ്റ്, ഓഡിഡോ മാജിക് എഡിറ്റര്‍ തുടങ്ങിയ ചില സവിശേഷ സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ ഗൂഗിള്‍ പിക്‌സല്‍ 8 ശ്രേണിയിലാണ് ഉള്ളത്. ഇതില്‍ മാജിക് എഡിറ്റര്‍ ഇനി പക്‌സല്‍ 6, 7 സീരിസുകള്‍ക്കും ലഭിച്ചേക്കും. എന്നാല്‍, ഒരു മാസം 10 ചിത്രങ്ങളോ വിഡിയോയോമാത്രം എഡിറ്റ് ചെയ്യാന്‍ ആയിരിക്കും അനുവദിക്കുകയത്രെ. എന്നാല്‍, മാജിക് എഡിറ്റര്‍ അടക്കമുള്ള എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചറുകള്‍ ഗൂഗിള്‍ ഫോട്ടോസില്‍ ലഭ്യമാക്കുമെന്ന് കമ്പനി പറയുന്നു.  

Nothing Phone (2a)
Nothing Phone (2a)

നതിങ് ഫോണ്‍ (3)ക്ക് ഐഫോണിലേതിനു പോലെ ആക്ഷന്‍ ബട്ടണ്‍?

നതിങ് കമ്പനിയുടെ അടുത്ത മോഡലില്‍ ഐഫോണ്‍ 15 സീരിസില്‍ കണ്ടതിനു സമാനമായ ആക്ഷന്‍ ബട്ടണ്‍ കണ്ടെക്കാം. കമ്പനി മേധാവി കാള്‍ പെയ് എക്‌സില്‍ പോസ്റ്റു ചെയ്ത ഫോണ്‍ (3)യുടെ ഫോട്ടോകളില്‍ വലതു വലതുവശത്ത് പവര്‍ ബട്ടണു താഴെയായി മറ്റൊരു ബട്ടണ്‍ കൂടെ കാണാമെന്നും അത് ആക്ഷന്‍ബട്ടണ്‍ ആയരക്കുമെന്നുമാണ് അവകാശവാദം: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com