ADVERTISEMENT

സ്‌ക്രീനേ ഇല്ല. എന്നാല്‍ 100-ഇഞ്ച് വലു പ്പത്തില്‍ കാണാം! ലാപ്‌ടോപ് കംപ്യൂട്ടറിനെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ പാടെ പൊളിച്ചെഴുതാനുള്ള ശ്രമമാണ് സൈറ്റ്ഫുള്‍ സ്‌പെയ്‌സ്‌ടോപ് ജി1 (Sightful Spacetop G1) ലാപ്ടോപ് നിര്‍മാതാക്കൾ നടത്തുന്നത്. പരമ്പരാഗതമായി ലാപ്‌ടോപ്പുകളില്‍ കണ്ടുവന്ന സ്‌ക്രീനിനു പകരം ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) കണ്ണടകളാണ് സൈറ്റ്ഫുള്‍ സ്പെയ്‌സ്‌ടോപ് ജി1ന് ഒപ്പം ലഭിക്കുക.

സാദാ സ്‌ക്രീനിനപ്പുറം

വലുപ്പമുള്ള സ്‌ക്രീനുള്ള ലാപ്‌ടോപ്പുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും അവ കൊണ്ടുനടക്കാന്‍ നന്നേ പാടുമാണ്. സ്‌പെയ്‌സ്‌ടോപ്പും എആര്‍ ഗ്ലാസും സുഗമമായി പ്രവര്‍ത്തിക്കുമെങ്കില്‍ ലാപ്‌ടോപ് സങ്കല്‍പ്പം പൂര്‍ണ്ണമായും മാറിയേക്കാം. പോരെങ്കില്‍, സാദാ സ്‌ക്രീനുകളെ പോലെയല്ലാതെ, കൂടുതല്‍ മികച്ച ദൃശ്യ-ശ്രവണ അനുഭൂതി സൃഷ്ടിക്കാനും എആര്‍ ഗ്ലാസിന് തത്വത്തില്‍ സാധിക്കുമെന്നും കരുതുന്നു. ഇത് കംപ്യൂട്ടിങിനെ അടുത്ത ഘട്ടത്തിലേക്ക് നയിച്ചേക്കും. ഒരു പൊതു സ്ഥലത്തോ വിമാനത്തിലോ ഒക്കെ വച്ച് ലാപ്‌ടോപ് തുറന്ന് എന്തെങ്കിലും ചെയ്യുക എന്നതും ഇന്ന്അത്ര സ്വകാര്യമല്ലല്ലോ. സൈറ്റ്ഫുള്‍ സ്‌പെയ്‌സ്‌ടോപ് ജി1ന് ഈ  പ്രശ്‌നവും പരിഹരിക്കാന്‍ സാധിക്കും. 

സൈറ്റ്ഫുള്‍ സ്‌പെയ്‌സ്‌ടോപ് ജി1 ലാപ്‌ടോപ്പിന് എആര്‍ ഗ്ലാസ് നിര്‍മ്മിച്ചു നല്‍കയിരിക്കുന്നത് എക്‌സ്‌റീയല്‍ (XREAL) എന്ന കമ്പനിയാണ്. ഇതില്‍ 100-ഇഞ്ച് വെര്‍ച്വല്‍ സ്‌ക്രീനാണ് പുന:സൃഷ്ടിക്കപ്പെടുക. എക്‌സ്‌റിയലിന്റെ പുതിയ പതിപ്പിലുള്ള ക്യാമറകള്‍ക്ക്, അതിന്റെ പരിധിക്കുള്ളിലാണെങ്കില്‍ സ്പെയ്‌സ്‌ടോപ് എവിടെയിരിക്കുന്നു എന്നു കണ്ടറിയാനും സാധിക്കും. ഇരട്ട ഓലെഡ് ഡ്‌സ്‌പ്ലെകളാണ് സ്‌ക്രീന്‍. ഇത് ഒറ്റ മോണിട്ടറായോ, രണ്ടെണ്ണമായോ ഉപയോഗിക്കാം. ഇവയ്ക്ക് 90ഹെട്‌സ് വരെ റിഫ്രെഷ് റെയ്റ്റും ഉണ്ട്. ഇനി, എആര്‍ ഗ്ലാസിലൂടെ കണ്ടെന്റ് കാണേണ്ട എന്നുള്ളവര്‍ക്ക്സ് സ്പെയ്‌സ്‌ടോപ്പിലുള്ള യുഎസ്ബി-സി പോര്‍ട്ട് വഴി എക്‌സ്‌റ്റേണല്‍ മോണിട്ടറുകളും മറ്റുമായി ബന്ധിപ്പിക്കാം.

സ്‌പെയ്‌സ്ഓഎസ് 

സൈറ്റ്ഫുള്‍ സ്‌പെയ്‌സ്‌ടോപ് ജി1ന് ശക്തി പകരുന്നത് ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ ക്യൂസിഎസ്8550 പ്രൊസസറാണ്. 16ജിബി റാം, 128ജിബി ആന്തരിക സംഭരണശേഷി എന്നിവയും ഉണ്ട്. സ്‌പെയ്‌സ്ഓഎസ് ആണ് ഓപ്പറേറ്റിങ് സിസ്റ്റം. പുതിയ ലാപ്‌ടോപ് സങ്കല്‍പ്പത്തിന്റെ സാധ്യതകള്‍ അറിയാന്‍ പുറത്തിറക്കിയിരിക്കുന്നസ്‌പെയ്‌സ്‌ടോപ്പിന് ഗെയിമിങ് ശേഷി കുറവായിരിക്കും.അതേസമയം, ടെക്‌സ്റ്റ് എഡിറ്റിങ്, വെബ് ബ്രൗസിങ്, പ്രസന്റേഷന്‍ നടത്തുക തുടങ്ങിയ ദൈനംദിന ജോലികള്‍ മികച്ച രീതിയില്‍ നിര്‍വ്വഹിക്കാനും സാധിക്കും. എആര്‍ ഗ്ലാസില്‍ മൈക്രോഫോണും സ്പീക്കറും ഉള്ളതിനാല്‍ അതണിഞ്ഞ് ഓണ്‍ലൈന്‍ മീറ്റിങുകളില്‍ പങ്കെടുക്കുകയും ചെയ്യാം. 

spacetop1 - 1

ലാപ്‌ടോപ്പിന്റെ കീബോഡും, ട്രാക്പാഡും കസ്റ്റമൈസ് ചെയ്യാം. എഐ ബട്ടണും ബെയിസില്‍ ഉണ്ട്. സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ക്ക് ഇത് സഹായിക്കുമെന്ന് കമ്പനി പറയുന്നു. ഭാരക്കുറവാണ് മറ്റൊരു സവിശേഷതയായി എടുത്തു കാട്ടുന്നത്.സ്‌പെയ്‌സ്‌ടോപ് ആപ്പിള്‍ വിഷന്‍ പ്രോ പോലെയുളള എആര്‍ ഹെഡ്‌സെറ്റുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുക എന്ന ഉദ്ദേശത്തോടെ ഉണ്ടാക്കിയിരിക്കുന്നതല്ല. മറിച്ച് പുതിയ ലാപ്‌ടോപ് സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാനാകുമോ എന്നറിയാനുള്ള ശ്രമമാണ്. അതേസമയം, വിഷന്‍ പ്രോ, മെറ്റാ ക്വെസ്റ്റ് 3 തുടങ്ങിയവയെക്കാള്‍ കൂടുതല്‍ പ്രായോഗികമായ ഉപകരണമാണ് തങ്ങള്‍ പരിചയപ്പെടുത്തുന്നത് എന്നാണ് കമ്പനി പറയുന്നത്.

കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പരിചിതമായ കീബോഡ് ഷോട്കട്ടുകളും, ട്രാക്പാഡും ഒക്കെ സജ്ജമാക്കി നിർ ത്തിയിരിക്കുന്നതിനാല്‍ പുതിയ കംപ്യൂട്ടിങ് രീതി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പരിചിതമായിരിക്കുമത്രെ. പവര്‍ ചെയ്ത കണ്ണടകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉചിതമായ ലെന്‍സുകളും നല്‍കാന്‍ കമ്പനി ഉദ്ദേശിക്കുന്നു. സൈറ്റ്ഫുള്‍ സ്‌പെയ്‌സ്‌ടോപ് ജി1ന് വില 1900(1,58,028 ഇന്ത്യൻ രൂപ) ഡോളറാണ്. ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 200 ഡോളര്‍ കിഴിവു നല്‍കുമെന്ന് കമ്പനി. ലാപ്‌ടോപ്പ് ഒക്ടോബറില്‍ എത്തിച്ചു നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com