സ്കൂളുകളിൽ സ്മാർട്ഫോണ്‍ നിരോധനം, സമൂഹമാധ്യമങ്ങളിൽ മുന്നറിയിപ്പ് ലേബൽ; ഈ നയങ്ങൾ യുഎസിൽ!
Mail This Article
ഫ്ലോറിഡയിലെയും ഇന്ത്യാനയിലെയും സമാനമായി സ്കൂളുകളിൽ സ്മാർട്ഫോൺ നിരോധിക്കാൻ കലിഫോർണിയയും. ക്ലാസ് മുറികളിൽ വിദ്യാര്‍ഥികൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനും പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.മൊബൈൽ ഫോണുകൾ ഒഴിവാക്കുന്നതു കുട്ടികളെയും യുവാക്കളെയും കൂടുതൽ സമയം സജീവമാക്കാനും സമപ്രായക്കാരുമായി മുഖാമുഖം ഇടപഴകാനും സഹായിക്കും. ഇത് അവരുടെ മാനസികാരോഗ്യത്തെ സഹായിക്കുമെന്നുമാണ് നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ കരുതപ്പെടുന്നത്,
യുഎസിലുടനീളമുള്ള പല സ്കൂൾ ജില്ലകളും അവരുടേതായ നിരോധനങ്ങൾ നടപ്പാക്കിയിട്ടുണ്ട്,എന്നാൽ സ്‌കൂൾ സമയങ്ങളിൽ ഫോണുകളും സോഷ്യൽ മീഡിയ ആക്‌സസ്സും നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന നിരോധനങ്ങളാവും നിലവിൽ വരിക. ഫോണുകൾ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതാണെന്നും അത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും നിരോധനത്തെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു. ഒപ്പം സൈബർ ക്രിമിനലുകൾ കുട്ടികളെ ലക്ഷ്യം വയ്ക്കുന്നതായും ഇവർ പറയുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മദ്യം, പുകയില ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് സമാനമായ മുന്നറിയിപ്പ് ലേബലുകൾ ഉണ്ടായിരിക്കണമെന്ന് യുഎസ് സർജൻ ജനറൽ വിവേക് മൂർത്തിയുടെ അഭിപ്രായത്തോട് അനുകൂലിക്കുന്നുവെന്ന് നിരോധനത്തെ അനുകൂലിക്കുന്ന കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം അഭിപ്രായപ്പെട്ടു.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ യുവാക്കളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ മുന്നറിയിപ്പ് ലേബലുകൾക്കായി ഡോക്ടർ മൂർത്തിയുടെ പ്രേരണയും അതിനെ അനുകൂലിച്ച് ഗവർണറുടെ മറുപടിയും വന്നിരിക്കുന്നത്.
യുവാക്കൾക്കിടയിൽ നിലവിലുള്ള മാനസികാരോഗ്യ പ്രതിസന്ധി കാരണം അടിയന്തര നടപടി ആവശ്യമാണെന്ന് ഡോ. വിവേക് മൂർത്തി പറയുന്നു.