ആപ്പിളിനും സാംസങിനും ഭീഷണി ഉയർത്താൻ ഗൂഗിൾ; പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ ഫോൾഡ് ഉടനെത്തും
Mail This Article
ആപ്പിളിനെ വെല്ലുന്ന ഫോൺ അവതരിപ്പിക്കുമെന്നും സാംസങിനെ വെല്ലുന്ന ഫോൾഡ് ഫോണായിരിക്കുമെന്നുമൊക്കെയുള്ള പ്രതീക്ഷകളോടെ ഗൂഗിള്‍ ഫോണ്‍ ആരാധകര്‍ ഏ കാത്തിരിക്കുന്ന മെയ്ഡ് ബൈ ഗൂഗിൾ ഇവന്റ് ഇന്നു( ഓഗസ്റ്റ് 13) രാത്രി ഇന്ത്യൻ സമയം 10:30ന്അ രങ്ങേറും. വരാനിരിക്കുന്ന പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ ഫോൾഡ് എന്നിവയുടെ ഒരു ചെറിയ ടീസർ ഗൂഗിൾ നൽകിയിട്ടുണ്ടെങ്കിലും, ഔദ്യോഗികമായി സവിശേഷതകളൊന്നും പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബറിൽ പുതിയ ഐഫോൺ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഗൂഗിൾ പിക്സൽ ലോഞ്ച് നടത്തുന്നതുതന്നെ വിപണിയില്‍ ഒരു മുന്നേറ്റം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
ഫോണുകള്‍ക്കൊപ്പം പിക്‌സല്‍ വാച്ചും?
കലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവില്‍ നടക്കുന്ന 'മെയ്ഡ് ബൈ ഗൂഗിള്‍' എന്നു പേരിട്ടിരിക്കുന്ന ചടങ്ങില്‍ പിക്‌സല്‍ ഫോണുകള്‍ക്കൊപ്പം പിക്‌സല്‍ 3 സ്മാര്‍ട്ട് വാച്ചും പുറത്തിറക്കിയേക്കുമെന്ന് സൂചന. പിക്‌സല്‍ ബഡ്‌സ് പ്രോ 2 ആണ് പ്രതീക്ഷിക്കുന്ന മറ്റൊരുഉപകരണം. സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒട്ടനവധി സോഫ്റ്റ്‌വെയര്‍ ഫീച്ചറുകളും ഗൂഗിള്‍ പരിചയപ്പെടുത്തിയേക്കും എന്നും പറയുന്നു.
പിക്സൽ 9
6.3 ഇഞ്ച് ഡിസ്പ്ലേയിൽ വരുമെന്നും 4 നിറങ്ങളിൽ ലഭ്യമാകുമെന്നും അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു : കറുപ്പ്, ഇളം ചാരനിറം, പോർസലൈൻ, പിങ്ക്. പുറത്തുവന്ന ചിത്രങ്ങൾ പ്രകാരം മുൻഫോണുകളുടെ അതേ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്, പുതിയ ടെൻസർ G4 , 12GB വരെ റാം തുടങ്ങിയവ ഉണ്ടായിരിക്കും.
പിക്സൽ 9 പ്രോ ടെൻസർ G4, 16GB റാമുമായി വരാൻ സാധ്യതയുണ്ട്. പ്രോ മോഡലിന് 4,558 എംഎഎച്ച് ബാറ്ററിയും പിക്സൽ 9 പ്രോ എക്സ്എൽ( അഭ്യൂഹം) 4,942 എംഎഎച്ച് ബാറ്ററിയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
പിക്‌സൽ 9 പ്രോ ഫോൾഡ് 6.4 ഇഞ്ച് കവർ ഡിസ്‌പ്ലേയും 8 ഇഞ്ച് ഇന്നർ ഡിസ്‌പ്ലേയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. പിക്സൽ ഫോൾഡിന്റെ പിൻഗാമിയിൽ 48 എംപി പ്രൈമറി, 10.5 എംപി അൾട്രാ വൈഡ് ആംഗിൾ, 10.8 എംപി ടെലിഫോട്ടോ ഷൂട്ടർ എന്നിവയുൾപ്പെടെ ട്രിപ്പിൾ ക്യാമറ സജ്ജീകരണം പിൻഭാഗത്ത് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, മുൻവശത്ത് 10 എംപി ഷൂട്ടർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍, 9 പ്രോ ഫോള്‍ഡ് മോഡലുകള്‍ മാത്രം?
മികച്ച പ്രകനം നടത്തിയേക്കുമെന്നു കരുതുന്ന ഗൂഗിളിന്റെ പിക്‌സല്‍ 9 സീരിസ് സ്മാര്‍ട്ട്‌ഫോണുകളില്‍ രണ്ടെണ്ണം മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുക എന്ന് സൂചന. ഈ വര്‍ഷം നാല് ഫോണുകളായിരിക്കും ഇറക്കുക എന്നാണ് വിശ്വസിക്കപ്പെടുന്നത്-പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 9 പ്രോ എന്നിവ ആയിരിക്കും അവ. ഇപ്പോള്‍ പിക്‌സല്‍ 9 സീരിസുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ വ്യാപാരിയായ ഫ്‌ളിപ്കാര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്ന ലിങ്ക് ആണ് പുതിയ അഭ്യൂഹത്തിന് വഴിവച്ചിരിക്കുന്നത്.
പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്ന കാലം മുതല്‍ ഫ്‌ളിപ്കാര്‍ട്ടാണ് ഇന്ത്യയില്‍ ഗൂഗിളിന്റെ ഔദ്യോഗിക പാര്‍ട്ണര്‍. ഗൂഗിള്‍ സ്വന്തമായി നിര്‍മ്മിച്ച ടെന്‍സര്‍ ജി4 ആയിരിക്കും പിക്‌സല്‍ 9 സീരിസിന്റെ പ്രൊസസര്‍. കലര്‍പ്പില്ലാത്ത ആന്‍ഡ്രോയിഡ് 15 ലഭ്യമാകുന്നചുരുക്കം ചില ഫോണുകളുടെ കൂട്ടത്തിലായിരിക്കും പിക്‌സല്‍ സീരിസ് പെടുക.
മുകളില്‍ പറഞ്ഞ രണ്ടു മോഡലുകള്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍ക്കുക എങ്കില്‍ അവ സ്വന്തമാക്കാന്‍ ഇത്തവണ ഇന്ത്യയിലെ പിക്‌സല്‍ പ്രേമികള്‍ കൂടുതല്‍ പണം മുടക്കേണ്ടി വന്നേക്കും. അതേസമയം, പിന്നീടെപ്പോഴെങ്കിലും വില കുറഞ്ഞ മോഡല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിക്കുമോ എന്നകാര്യത്തിലും ഉറപ്പില്ല.