സുനിത വില്യംസും ബുച്ച് വില്‍മോറും ഇപ്പോഴും ഐഎസ്എസില്‍; സ്റ്റാര്‍ലൈനര്‍ പ്രതിസന്ധി ഇങ്ങനെ
Mail This Article
ഓഗസ്റ്റ് 18ന് നാസക്കു വേണ്ടിയുള്ള സ്‌പേസ് എക്‌സിന്റെ ക്രൂ 9 ഫ്‌ളൈറ്റ് വിക്ഷേപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ക്രൂ 9 വിക്ഷേപണം സെപ്തംബര്‍ 24ന് മുമ്പ് നടത്തില്ലെന്ന് നാസ വ്യക്തമാക്കി. ഇതോടെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സഞ്ചാരികളെ തിരിച്ചു കൊണ്ടുവരാന്‍ ബോയിങിന് കൂടുതല്‍ സമയം ലഭിക്കുമെന്ന് ഉറപ്പായി. എട്ടു ദിവസത്തെ ദൗത്യത്തിനായി ജൂണ്‍ അഞ്ചിന് ഭൂമിയില്‍ നിന്നും പോയ സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറുകളെ തുടര്‍ന്ന് ഇപ്പോഴും ഐഎസ്എസില്‍ തുടരുകയാണ്.
ക്രൂ 9 വിക്ഷേപണം നീട്ടിയ കാര്യം അറിയിച്ചെങ്കിലും നാസ മറ്റൊരു കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ബഹിരാകാശ നിലയത്തില്‍ ഒരേ സമയം എട്ട് സ്‌പേസ് ഷിപ്പുകള്‍ക്കാണ് ഘടിപ്പിക്കാനാവുക. ഇതില്‍ രണ്ട് ഡോക്കിങ് പോര്‍ട്ടുകളാണ് അമേരിക്കക്ക് അവകാശപ്പെട്ടത്. ഇപ്പോള്‍ തന്നെ ഈ രണ്ട് ഡോക്കിങ് പോര്‍ട്ടുകളിലും ബഹിരാകാശ പേടകങ്ങളുണ്ട്. പിന്നെങ്ങനെയാണ് വിക്ഷേപണം തീരുമാനിച്ചാല്‍ തന്നെ ക്രൂ 9 ബഹിരാകാശ നിലയത്തിലേക്ക് ഘടിപ്പിക്കുകയെന്ന കാര്യത്തിലാണ് ആശയക്കുഴപ്പമുള്ളത്.
സ്റ്റാര്‍ലൈനറിന്റെ ഗ്രൗണ്ട് ടീമുകള്‍ എങ്ങനെയാണ് പേടകത്തിലെ പ്രശ്‌നത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ആഴ്ച്ചയില്‍ സ്റ്റാര്‍ലൈനറിന്റെ ത്രസ്റ്ററുകള്‍ വിജയകരമായി പരീക്ഷിക്കാന്‍ ഗ്രൗണ്ട് ടീമിന് സാധിച്ചിരുന്നു. ആകെയുള്ള 28 ത്രസ്റ്ററുകളില്‍ 27 എണ്ണം വിജയകരമായി പരീക്ഷിക്കാന്‍ പരീക്ഷണത്തിനിടെ സാധിച്ചു. ഇതോടെ സ്റ്റാര്‍ലൈനറില്‍ തന്നെ സുനിതയും ബുച്ചും തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.
സ്റ്റാര്‍ലൈനര്‍ പ്രതിസന്ധിയെ തുടര്‍ന്ന് ബോയിങിന് വലിയ സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്നു. 125 ദശലക്ഷം ഡോളര്‍ അധിക ബാധ്യതയുണ്ടായെന്നാണ് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ ബോയിങ് തന്നെ അറിയിച്ചത്. സഞ്ചാരികളെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാന്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാധിക്കുമെന്ന് തന്നെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും ബോയിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അതേസമയം പരീക്ഷണങ്ങള്‍ തുടരാനുള്ള നാസയുടെ ആവശ്യത്തെ പിന്തുണക്കുന്നുവെന്നും ബോയിങ് വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റാര്‍ലൈനര്‍ പ്രതിസന്ധി
നാസക്കു വേണ്ടി ബോയിങ് വികസിപ്പിച്ചെടുത്ത വീണ്ടും ഉപയോഗിക്കാവുന്ന ബഹിരാകാശ പേടകമാണ് സ്റ്റാര്‍ലൈനര്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളേയും ചരക്കും എത്തിക്കാന്‍ സ്റ്റാര്‍ലൈനറിന് സാധിക്കും. ഏഴ് യാത്രികരെ വരെ കൊണ്ടുപോവാന്‍ സാധിക്കുന്ന സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണമാണ് ഇപ്പോഴും അനിശ്ചിതാവസ്ഥയില്‍ തുടരുന്നത്.
ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്തെത്തിയത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ വിക്ഷേപണത്തിനു പിന്നാലെ സ്റ്റാര്‍ലൈനര്‍ പേടകത്തിലുണ്ടായ ഹീലിയം ചോര്‍ച്ച എല്ലാം മാറ്റി മറിച്ചു. ഏതാനും ദിവസങ്ങള്‍ എന്നു കരുതിയിരുന്ന ദൗത്യം ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറുകളെ തുടര്‍ന്ന് രണ്ടു മാസം പിന്നിട്ടിട്ടും അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്.
സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ദിശ നിയന്ത്രിക്കുന്നതിനായി 28 ത്രസ്റ്ററുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം ഐഎസ്എസിലേക്കുള്ള ഡോക്കിങ്(ഘടിപ്പിക്കാനുള്ള) ശ്രമത്തിനിടെ പ്രവര്‍ത്തനരഹിതമായി. ഭൂമിയില്‍ നിന്നുള്ള പരിശ്രമങ്ങളുടെ ഭാഗമായി പ്രവര്‍ത്തനരഹിതമായതില്‍ ഒരു ത്രസ്റ്റര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ നടന്ന ടെസ്റ്റ് ഫയറില്‍ 27 എണ്ണം വരെ പ്രവര്‍ത്തിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ത്രസ്റ്ററുകളുടെ ഇന്ധനത്തിന്റെ മര്‍ദം നിയന്ത്രിക്കുന്നത് ഹീലിയം ഉപയോഗിച്ചാണ്.
ഹീലിയം ചോര്‍ന്നതും ത്രസ്റ്ററുകള്‍ പ്രവര്‍ത്തനരഹിതമായതും എന്തുകൊണ്ടാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോഴും തുടരുന്നത്. ഈ രണ്ടു പ്രശ്‌നങ്ങളും സ്റ്റാര്‍ലൈനറിന്റെ ഭൂമിയിലേക്കുള്ള സുരക്ഷിതയാത്രയെ ബാധിക്കുന്നതല്ലെന്നാണ് ബോയിങ് അറിയിച്ചിട്ടുള്ളത്. പരമാവധി 210 ദിവസം വരെ ബഹിരാകാശ ദൗത്യം തുടരാന്‍ വേണ്ട സൗകര്യങ്ങള്‍ സ്റ്റാര്‍ലൈനറിലുണ്ട്.