തമിഴ്നാട്ടിൽ ഐഫോൺ 16 പ്രോമാക്സ് നിർമിക്കാൻ ഫോക്സ്കോൺ, വാങ്ങിയത് 267 കോടിയുടെ ഉപകരണങ്ങൾ; വില കുത്തനെ കുറയുമോ?
Mail This Article
തമിഴ്നാട് യൂണിറ്റിൽ ഐഫോൺ 16 പ്രോമാക്സ് 'നിർമാണത്തിനും' തുടക്കമിടാനൊരുങ്ങുകയാണ് തായ്വാൻ ആസ്ഥാനമായുള്ള ടെക്നോളജി ഭീമൻ ഫോക്സ്കോൺ. ഐഫോൺ 16 പ്രോമാക്സ് പോലുള്ള ഫോണുകൾ ചൈനയ്ക്കു പുറമെ നിർമിക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.മെയ്ഡ് ഇൻ ഇന്ത്യ ഐഫോൺ പ്രോ മാക്സ് ഫോണുകൾ ഉടൻതന്നെ പുറത്തിറക്കുമെന്ന് ആപ്പിൾ മുൻപ് പ്രഖ്യാപനം നടത്തിയിരുന്നു.
ഐഫോൺ 16 പ്രോ സീരീസ് സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നതിനുള്ള ഫോക്‌സ്‌കോണിന്റെ തമിഴ്‌നാട് യൂണിറ്റിൽ ശേഷി കൂട്ടുന്നതിനാണ് 31.8 മില്യൺ ഡോളർ മൂല്യമുള്ള ഉപകരണങ്ങൾ വാങ്ങിയത്. മെയ്ഡ് ഇൻ ഇന്ത്യ ലേബലിൽ പുറത്തിറങ്ങുന്നതോടെ വിലയിൽ അൽപ്പം കുറവ് വന്നേക്കാമെന്ന് പ്രവചിക്കുന്നുണ്ട്, പക്ഷേ കമ്പനി ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികൾക്ക് സ്മാർട് ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന തായ്‌വാനിലെ മൾട്ടിനാഷണൽ ഇലക്ട്രോണിക്സ് കരാർ നിർമാണ കമ്പനിയാണ് ഫോക്സ്കോൺ. ലോകമെമ്പാടുമുള്ള ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നായ കമ്പനിയുടെ സ്ഥാപകൻ ടെറി ഗൗ ആണ്.
അധികം വൈകാതെ ആപ്പിളിൻ്റെ മറ്റ് ഇന്ത്യൻ പങ്കാളികളായ ടാറ്റ ഗ്രൂപ്പും പെഗാട്രോണും പ്രോ മോഡലുകളുടെ നിർമ്മാണം ആരംഭിച്ചേക്കും. 2023 ൽ ആപ്പിൾ 10 ദശലക്ഷം ഐഫോണുകളാണ് കയറ്റി അയച്ചത്.
ഇന്ത്യയില്‍ കൂടുതല്‍ സ്‌റ്റോറുകളും തുറക്കുകയാണെന്ന് ആപ്പിള്‍ അറിയിച്ചിരുന്നു. പുനെ, ബെംഗളൂരു, ഡെല്‍ഹി-എന്‍സിആര്‍, മുംബൈ എന്നിവടങ്ങളിലായിരിക്കും പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ വരിക.