സ്റ്റീവ് ജോബ്സ് ടിം കുക്കിനോടു പറഞ്ഞ ആ വിജയരഹസ്യം; ആര്‍ക്കും പരീക്ഷിക്കാമെന്ന് വിദഗ്ധര്‍
Mail This Article
ലോകത്തെ എക്കാലത്തെയും ബഹുമാനിക്കപ്പെടുന്ന ടെക് വിദഗ്ധനും സംരംഭകനുമായ സ്റ്റീവ് ജോബ്‌സ്, ആപ്പിള്‍ കമ്പനിയില്‍ തന്റെ പിന്‍ഗാമിയായി എത്തിയ ടിം കുക്കിനോട് ആ വിജയ രഹസ്യം പങ്കുവച്ചിരുന്നുവത്രെ. ആപ്പിളിന്റെ ഇപ്പോഴത്തെ മേധാവിയായ കുക്ക് തന്നെയാണ് ഇക്കാര്യം അഭിമുഖ സംഭാഷണത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ജോബ്‌സ് നല്‍കിയ ഉപദേശം ഉള്‍ക്കൊള്ളുന്നവര്‍ കൂടുതല്‍ തുറന്ന സമീപനം ഉള്ളവരും, ഉന്നത ബൗദ്ധിക നിലവാരമുള്ളവരും, മൗലികമായ ചിന്ത ഉള്ളവരും, എന്തിനേറെ, ഹൃദയാരോഗ്യമുള്ളവരും ആയിരിക്കുമെന്ന് ഒരു കൂട്ടം വിദഗ്ധർ.
ആദ്യപാഠം: തുറന്ന മനസ് ഉണ്ടായിരിക്കുക
'എങ്ങനെയാണ് തുറന്ന മനസ് കാത്തു സൂക്ഷിക്കുന്നത്' എന്ന രഹസ്യം താനുമായി സ്റ്റീവ് പങ്കുവച്ചു എന്നാണ് കുക്ക് പറയുന്നത്: പഴയ ആശയങ്ങളെ വിടാതെ കൊണ്ടുനടക്കരുത്, ഒരു കാര്യത്തിലും അധികം അഭിമാനം കാണിക്കാതിരിക്കുക. അങ്ങനെ ചെയ്താല്‍ പുതിയ തെളിവുകള്‍ വരുമ്പോള്‍ മനസു മാറ്റാന്‍ സാധിക്കില്ല. ഇക്കാര്യങ്ങള്‍ ജോബ്‌സിന്റെ മാത്രം കണ്ടെത്തലുകള്‍ അല്ലെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്. ഇത്തരം നിലപാട് സ്വീകരിക്കാന്‍ സാധിച്ചാല്‍ നിങ്ങളുടെ ജീവിതം അഭിവൃദ്ധിപ്പെടുത്താന്‍ സാധിക്കുമെന്നാണ് അവരും പറയുന്നത്.
ദീര്‍ഘകാലം സഹകരിച്ചു പ്രവര്‍ത്തിച്ച സ്റ്റീവ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അദ്ധ്യാപകനായിരുന്നു എന്നാണ് കുക്ക് പറയുന്നത്. ജോബ്‌സ് കുക്കിനു നല്‍കിയ മറ്റൊരു ഉപദേശം, 'നമുക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നതാണ്. സ്വയം നന്നാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണിത്. ഇക്കാര്യങ്ങളൊക്കെ ആദ്യം കേട്ടപ്പോള്‍ തന്നില്‍ ഞെട്ടലുളവാക്കിയെന്ന് കുക്ക് സമ്മതിക്കുന്നു. എന്നാല്‍, പിന്നീട് ഈ ആശയങ്ങളോട് വല്ലാത്ത ഭ്രമത്തിലുമായി. ഈ കഴിവ് വളരെ കുറച്ചു പേര്‍ക്കേ ഉള്ളു. കാരണം, മിക്കവരും തങ്ങളുടെ പഴയ കാഴ്ചപ്പാടുകളോട് ഒട്ടിനില്‍ക്കാന്‍ ആഗ്രഹിക്കുന്നു. അതൊരു ഗംഭീര കഴിവായി കാണുകയും ചെയ്യുന്നു, കുക്ക് പറയുന്നു.
ജോബ്‌സ് പൊതുവെ അറിയപ്പെടുന്നത് ടെക്‌നോളജി മേഖലയില്‍ കൊണ്ടുവന്ന നൂതനത്വത്തിന്റെ പേരിലാണ്. അദ്ദേഹം സ്വന്തമായി പുതിയ ആശയങ്ങളെ തേടിയിരുന്നു. എന്നാല്‍, ജോബ്‌സിന്റെ ഏറ്റവും വലിയ കഴിവ് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനുള്ള താത്പര്യമായിരുന്നു. 'പല കാര്യങ്ങളിലും അദ്ദേഹം എന്റെ മനസ് മാറ്റി. പല കാര്യങ്ങളും അദ്ദേഹത്തിന്റെ മനസും മാറ്റി, കുക്ക് പറയുന്നു. ആരോടെങ്കിലും ഒക്കെ ഡിബേറ്റ് നടത്തുന്നത് ജോബ്സ് ഇഷ്ടപ്പെട്ടു. മികച്ച ആശയം ഉണ്ടെങ്കില്‍ ജോബ്‌സിന്റെ മനസ് മാറ്റാന്‍ സാധിക്കും. - കുക്ക് പറഞ്ഞു.
ജോബ്‌സുമായി ആപ്പിള്‍ കമ്പനിക്കുള്ളില്‍ നല്ല ബന്ധം നിലനിര്‍ത്താന്‍ സാധിച്ചത് തങ്ങള്‍ക്കിരുവര്‍ക്കും മനസിലുള്ള കാര്യങ്ങൾ കൈമാറാൻ സാധിച്ചിരുന്നതിനാലാണെന്നും കുക്ക് പറഞ്ഞു. എന്നാല്‍, താനാര്‍ജ്ജിച്ച ഈ കഴിവ് ജോബ്‌സുമായി ഇടപെടുമ്പോള്‍ മാത്രമല്ല ഗുണപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒഴുക്കിനൊപ്പം പോകുക, പക്ഷേ
ശാഠ്യങ്ങളില്ലാതിരിക്കുന്നതും തുറന്ന മനസോടെ കാര്യങ്ങളെ സമീപിക്കുന്നതും ജീവിതത്തില്‍ മൊത്തത്തില്‍ ഗുണകരമായിരിക്കും. ജീവിതം നമ്മൾ നിശ്ചയിച്ച പോലെയാകില്ല മുന്നോട്ട് പോകുന്നത്. ശ്രദ്ധയോടെ നടപ്പിലാക്കിയ പദ്ധതികളില്‍ നിന്നും ചിലപ്പോൾ അകലേണ്ടി വരാം. ആ ഒഴുക്കിനൊപ്പം പോകാം, എന്നാല്‍ തുറക്കുന്ന വാതിലുകളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം - കുക്ക് പറയുന്നു.
വളരെ നേരത്തെ ഉണരുന്ന ഒരാളാണ് ഞാൻ, പിന്നാലെ ഇമെയിലുകള്‍ പരിശോധിക്കും. ഇവയില്‍ പലതും ആപ്പിള്‍ ഉപകരണങ്ങളും, സേവനങ്ങളും ഉപയോഗിക്കുന്നവരുടെ പ്രതികരണങ്ങളായിരിക്കും. ചിലത് പ്രകീര്‍ത്തിക്കുന്നവ ചിലത് അല്ലാത്തവയും. കമ്പനിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തന്നെ നിരാശനാക്കാറില്ല, മറിച്ച് കമ്പനിയുടെ സ്പന്ദനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടറിയാനുള്ള മാർഗമായാണ് താന്‍ ഇതിനെ കാണുന്നതെന്ന് കുക്ക് പറയുന്നു. വിമര്‍ശനം കേട്ടാല്‍ അത് മനസിലാക്കിയ ശേഷം, അത് ശരിയാണോ ഇല്ലയോ എന്ന് തന്നോടുതന്നെ ചോദിക്കുമെന്നും ആപ്പിള്‍ മേധാവി പറഞ്ഞു.
തുറന്ന സമീപനം, സ്വഭാവത്തില്‍ കാണേണ്ട 5 പ്രധാന ഗുണങ്ങളിലൊന്ന്
ലോകത്തെ സമീപിക്കുമ്പോള്‍ ഒരാളുടെ വ്യക്തിത്വത്തില്‍ കാണേണ്ട അഞ്ച് പ്രധാന ഗുണങ്ങളിലൊന്നാണ് തുറന്ന സമീപനം എന്ന് മന:ശാസ്ത്രജ്ഞര്‍ പറയുന്നു.
മുൻപ് ലഭിച്ച അനുഭവങ്ങളിലും, തെളിയിക്കപ്പെട്ട കാര്യങ്ങളിലും ഉറച്ചു നില്‍ക്കുന്നതിനു പകരം, പുതിയ ആശയങ്ങള്‍, മൂല്യം, വികാരങ്ങള്‍, അനുഭൂതികള്‍ എന്നിവ തേടുന്നതിനാണ് തുറന്ന സമീപനം എന്ന് പറയുന്നത്. ഇതിന് മുതിരുന്നവര്‍ക്ക് കൂടുതല്‍ നല്ല രീതിയില്‍ ചിന്തിക്കാന്‍ സാധിക്കും. അപ്രതീക്ഷിത പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും സാധിക്കും.
കൂടാതെ, തുറന്ന സമീപനം ഉള്ളവര്‍ക്ക് പുതിയ സാഹചര്യങ്ങളോട് ഇണങ്ങുക കൂടുതല്‍ എളുപ്പമായിരിക്കും. ചില പ്രതികൂല സാഹചര്യങ്ങളില്‍ എളുപ്പത്തില്‍ തരണംചെയ്യാം. ഇത് ബിസിനസുകരുടെ കാര്യത്തില്‍ മാത്രമല്ല ശരി.
നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ 2018ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നത് കൂടുതല്‍ തുറന്ന സമീപനം ഉള്ളവര്‍ പിരിമുറുക്കം പോലെയുള്ള പ്രശ്‌നം എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കുന്നതും എന്നാണ്. കുക്ക് ഊന്നിപ്പറഞ്ഞ തുറന്ന സമീപനം, സര്‍ഗ്ഗാത്മകതയ്ക്കും, പിരിമുറുക്കത്തിന് അയവു വരുത്തുന്ന കാര്യത്തിലും, ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യമുണ്ടാക്കുന്നതിനും സഹായകരമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
തുറന്ന സമീപനം ഇല്ലാത്തവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വന്നേക്കാം. ഇത് അനാരോഗ്യത്തിലേക്ക് നയിച്ചേക്കാമെന്നും പഠനം പറയുന്നു. എന്നു പറഞ്ഞാല്‍, ജോബ്‌സിന്റെ ഉപദേശം ചെവിക്കൊള്ളുന്നവര്‍ക്ക് കൂടുതല്‍ സര്‍ഗാത്മകവും, ആരോഗ്യകരവുമായ ജീവിതം നയിക്കാനാകും.