വിമാനത്താവളത്തിലെ ലോഞ്ചിൽ കയറാനൊരുങ്ങുന്നവർ സൂക്ഷിക്കുക; യുവതിക്കു എൺപതിനായിരം പോയ തട്ടിപ്പ് ഇങ്ങനെ
Mail This Article
ബെംഗലൂരു വിമാനത്താവളത്തിൽ ലോഞ്ച് ആക്സസിനായി ആപ് ഡൗൺലോഡ് ചെയ്ത ഭാർഗവി മണി എന്നയാൾക്ക് എൺപതിനായിരം രൂപ നഷ്ടമായ വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഫിസിക്കൽ ക്രെഡിറ്റ് കാർഡ് കൈവശമില്ലാത്തതിനാൽ ലോഞ്ച് പാസ് എന്ന ആപ്പാണ് ഡൗൺലോഡ് ചെയ്തതെന്നാണ് യുവതി അവകാശപ്പെട്ടിരുന്നത്.
പക്ഷേ ഗൂഗിളിൽ ആദ്യം റാങ്ക് ചെയ്ത് വരുന്ന ലോഞ്ച് പാസ് എന്ന വെബ്സൈറ്റും ആപ്പും നിരവധിപ്പേർ ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്. ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാം.
ഫിസിക്കൽ കാർഡ് കൈവശമില്ലാത്ത ഭാർഗവി മണിയെ സഹായിക്കാനെന്നപോലെ ലോഞ്ച് കവാടത്തിൽ നിന്ന ഒരു അജ്ഞാതവ്യക്തിയാണ് ഈ തട്ടിപ്പിന് തുടക്കമിട്ടത്, ഗൂഗിളിൽ സേർച്ചിൽ ആദ്യം വരുന്ന ലോഞ്ച് ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് ആണെന്നു ഒറ്റനോട്ടത്തിൽ തോന്നുന്ന ഒരു ഡമ്മി ലിങ്ക് വാട്സാപ്പിൽ നൽകുകയായിരുന്നു. ഈ ഡമ്മി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫേഷ്യൽ സ്കാൻ പൂർത്തിയാക്കാനും ആ വ്യക്തി പറഞ്ഞു. ലിങ്ക് ക്ലിക്ക് ചെയ്ത സമയത്ത് ഫോൺ നമ്പർ നൽകേണ്ടി വന്നു.
പിന്നീട് ഈ സേവനത്തിന്റെ കസ്റ്റമർ കെയറിൽനിന്നെന്നപോലെ ഫോൺ വരികയും ചില സാങ്കേതിക തകരാറുള്ളതിനാൽ പരിഹരിക്കാനായി സ്ക്രീൻ,ഷെയർ ചെയ്യാനും ആവശ്യപ്പെട്ടു. അപ്പോഴേക്കും ഇനി ലോഞ്ചിൽ കയറുന്നില്ലെന്നും സ്റ്റാർബക്സിൽനിന്നു കോഫി കുടിക്കാനും തീരുമാനിച്ചു. അപ്പോഴേക്കും ഫോണിലെ കോളുകളും സന്ദേശങ്ങളും മറ്റാരോ ഉപയോഗിക്കുന്നതായി ബോധ്യപ്പെട്ടു. ഏതാനും മണിക്കൂറുകൾക്കുശേഷം അക്കൗണ്ടിൽനിന്നും 87,000 രൂപ നഷ്ടപ്പെടുകയും ചെയ്തു. അതേസമയം ബെംഗലൂരു വിമാനത്താവള അധികൃതർക്ക് ഇതിൽ ഉത്തരവാദിത്തമില്ലെന്നും ഈ കേസിൽ തന്നെ സഹായിക്കുകയാണ് ചെയ്തെന്നും ഭാർഗവി മണി അവകാശപ്പെട്ടു.
ഇത്തരം തട്ടിപ്പുകൾ എങ്ങനെ തടയാം
പരിചിതമല്ലാത്ത ആപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കുക:
∙ഇതുപോലെയുള്ള ആപ്പുകളുടെ ഉപയോഗത്തെപ്പറ്റി തീർത്തും ഉറപ്പില്ലെങ്കിൽ, അത് ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക.ഡൗൺലോഡ് ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, സ്റ്റോറിലെ അവലോകനങ്ങളും റേറ്റിങുകളും പരിശോധിക്കുക. മറ്റ് ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്ബാക്ക് നോക്കുക.
∙പുതുതായി ഡൗൺലോഡ് ചെയ്‌ത ആപ്പിലൂടെയോ സ്‌ക്രീൻ പങ്കിടലിലൂടെയോ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളോ പിൻ അല്ലെങ്കിൽ മറ്റേതെങ്കിലും തന്ത്രപ്രധാനമായ വിവരങ്ങളോ ഒരിക്കലും പങ്കിടരുത്.
∙സ്‌ക്രീൻ പങ്കിടലിന് സ്വകാര്യ വിവരങ്ങൾ തുറന്നുകാട്ടാനാകും. തീർത്തും ആവശ്യമാണെങ്കിൽ മാത്രം വിശ്വസനീയരായ വ്യക്തികളുമായോ ഓർഗനൈസേഷനുമായോ സ്‌ക്രീൻ പങ്കിടുക.
∙ഒരു തട്ടിപ്പ് സംശയിക്കുന്നുവെങ്കിൽ, ഉടൻ തന്നെ അത് എയർപോർട്ട് അധികൃതരെയോ ലോഞ്ച് മാനേജ്മെന്റിനെയോ ലോക്കൽ പൊലീസിനെയോ അറിയിക്കുക.
∙ അക്കൗണ്ടുകൾ പതിവായി പരിശോധിക്കുക, ഏതെങ്കിലും അനധികൃത ഇടപാടുകളുണ്ടോയെന്നു ബാങ്ക്, ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റുകൾ സൂക്ഷ്മമായി നിരീക്ഷിക്കുക.
∙പൊതു വൈഫൈ ഉപയോഗിക്കുന്നത് ഒഴിവാക്കുക: മൊബൈൽ ഡാറ്റയോ വിശ്വസനീയമായ Wi-Fi നെറ്റ്‌വർക്കോ ഉപയോഗിക്കുക.
∙ആവശ്യപ്പെടാത്ത ഓഫറുകൾ അല്ലെങ്കിൽ ഡിസ്കൗണ്ടുകൾ എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കുക.