ADVERTISEMENT

ആദ്യം കോഴിയാണോ മുട്ടയാണോ ഉണ്ടായത്? ഉത്തരം പറയുന്നതിന് മുന്‍പ് ചില മുട്ട മാഹാത്മ്യം പരിശോധിക്കാം. കോഴികള്‍ ഉണ്ടാകുന്നതിന് ദശലക്ഷക്കണക്കിന് വര്‍ഷം മുമ്പ് മുട്ടകള്‍ ഉണ്ടായിരുന്നുവത്രെ. കോഴി മുട്ടയുടെ കഥയിലേക്ക് എത്തുന്നതിനു മുൻപ് ആ ചരിത്രാതീത മുട്ടകളുടെ കാര്യം പറഞ്ഞു തീര്‍ക്കാം. ആദ്യ മുട്ടകള്‍ പരിണമിച്ച് ഉണ്ടായത് ഏകദേശം 600 ദശലക്ഷം വര്‍ഷം മുമ്പാണ് എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, ആദ്യ കട്ടി പുറം തോടോടു കൂടിയ മുട്ട കണ്ടു തുടങ്ങിയിട്ട് 195 ദശലക്ഷം വാര്‍ഷം ആയിട്ടുണ്ടെന്നാണ് നിഗമനം. ആദ്യ പക്ഷി മുട്ട 120 ദശലക്ഷം വര്‍ഷം മുൻപായാണ് ലഭിച്ചത്. എന്നാല്‍ കോഴിയുണ്ടായിട്ട് വെറും 3,000 വര്‍ഷമേ ആയിട്ടുള്ളു. ചുരുക്കി പറഞ്ഞാല്‍, മുട്ടകളെ മൊത്തത്തില്‍ എടുക്കുകയാണെങ്കില്‍ അവ കോഴികളേക്കാള്‍ വളരെ മുൻപേ ഉണ്ടായിരുന്നു എന്ന് ഫൈന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഡോ. എലന്‍ മാതര്‍ പറയുന്നു.  

വളര്‍ത്തു കോഴികള്‍

ആദ്യ വളര്‍ത്തു കോഴിയുടെ 'മാതാപിതാക്കള്‍' ചിക്കന്‍-ജംഗിൾ ഫൗള്‍ ഹൈബ്രിഡ് ആയിരിക്കുമെന്നും ഗവേഷകര്‍ . എന്നു പറഞ്ഞാല്‍, ആദ്യ വളർത്തു കോഴികളുടെ മുട്ടയ്ക്ക് മുൻപായി ആദ്യം ഉണ്ടായത് ആദ്യ കോഴി തന്നെയാണത്രെ. 

മുട്ട ചരിതം

ഭൂമിയില്‍ ജീവനുണ്ടായ കാലം മുതല്‍ മുട്ടയും ഉണ്ടായിരുന്നു. സസ്തനജീവികള്‍ ഒഴികെ എല്ലാത്തരം മൃഗങ്ങളും മുട്ടയിടുന്നു. ജനിതക പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകാന്‍ പ്രകൃതിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാത മുട്ടയിലൂടെയാണ് എന്ന് മുട്ടകളുടെ ആവിര്‍ഭാവത്തെക്കുറിച്ച് 'ഇന്‍ഫിനിറ്റ് ലൈഫ് ' എന്ന പുസ്തകം എഴുതിയ ജൂള്‍സ് ഹോവഡ് പറയുന്നു. ആദ്യ മുട്ടയുടെ ഉത്ഭവം തന്നെ ഭൂമിയില്‍ ജീവന്‍ അങ്കുരിച്ചതുമായി ഉറ്റബന്ധം പുലര്‍ത്തുന്ന ഒരു സംഭവവികാസം തന്നെയാകാം എന്നും ജൂള്‍സ് അനുമാനിക്കുന്നു. അണ്ഡ-ബീജ സംയോജനം വഴി ജീനുകള്‍ക്ക് പുതിയ രീതിയില്‍ കൂടിച്ചേരാന്‍ അവസരമൊരുക്കുന്ന ഒരു പാത്രമാണ് മുട്ട. 

Photo Contributor: Stefan Witte Foto/ Shutterstock
Photo Contributor: Stefan Witte Foto/ Shutterstock

ഈ രീതി വന്നു ചേരുന്നതിനു മുമ്പ് അണുജീവികള്‍ ക്ലോണിങ് വഴിയാണ് തങ്ങളുടെ തന്നെ പകര്‍പ്പ് എടുത്ത് അടുത്ത തലമുറയെ സൃഷ്ടിച്ചുകൊണ്ടിരുന്നത്. ഇങ്ങനെ ഉണ്ടാകുന്ന തലമുറ, മുന്‍ തലമുറയുടെ ജനിതക സമാനതകള്‍ പേറിയിരുന്നു. അതിനാല്‍ അവയ്ക്ക് പ്രതിരോധശക്തി കുറവായിരുന്നു. അതുകൊണ്ട് വൈറസുകളുടെയും പരോപജീവികളുടെയും ആക്രമണത്തെ പേടിക്കേണ്ടിയിരുന്നു. 

അതേസമയം, മുട്ടയ്ക്കുള്ളില്‍ ലൈംഗീകമായ പ്രത്യുത്പാദനത്തിന് വഴിയൊരുങ്ങിയതോടെ അനുപമമായ ഗുണഗണങ്ങളുള്ള ജീവി വംശങ്ങള്‍ ഉരുത്തിരിഞ്ഞെത്തി തുടങ്ങിയെന്ന് ജൂള്‍സ് പറയുന്നു. ഇണചേരലിലൂടെയല്ലാതെയും മുട്ടകളിലൂടെയല്ലാതെയും ഉണ്ടായി വരുന്ന തലമുറകളെ വൈറസുകള്‍ ആക്രമിക്കുകയുംഅ വ മിക്കപ്പോഴും ഉന്മൂലനം ചെയ്യപ്പെടുകയുമായിരുന്നു. 

ഇതൊക്കെയാണെങ്കിലും ആദ്യ മുട്ട എന്നു പറയുന്നത് നാം ഇന്നു സങ്കല്‍പ്പിക്കുന്ന  തരത്തിലുള്ള ഒന്നായിരുന്നില്ല. ഇവ ജെല്ലി ഫിഷുകളോ, വിരയുടെ രൂപത്തിലുള്ള ജീവികളോ ആയിരുന്നിരിക്കണം ഇട്ടത്. ഏറ്റവും മൗലികമായ കാര്യംവച്ചു പറഞ്ഞാല്‍, മുട്ടയെ ബാഹ്യ പ്രശ്‌നങ്ങളില്‍ നിന്ന് കുഞ്ഞിനെ സംരക്ഷിച്ചു നിർ ത്തുന്ന ഒരു ജീവന്‍രക്ഷാ ക്യാപ്യസ്യൂള്‍ എന്നു വിളിക്കാമത്രെ. ചൈനയില്‍ നിന്ന് ലഭിച്ച 600 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസിലുകളില്‍ നിന്ന് മനസിലാകുന്നത് മുട്ടകള്‍ വളരെ ചെറുതായിരുന്നു എന്നാണ്. 

മനുഷ്യരുടെ തലമുടിയേക്കാള്‍ കൂടുതല്‍ വലിപ്പമില്ലാത്തവ. ഇവ കടലുകളിലൂടെ ഒഴുകി നടന്നു. അവ കടലിന്റെ അടിത്തട്ടില്‍ വിശ്രമിച്ചു, ജൂള്‍സ് പറയുന്നു. ഈ സമയത്ത് കരഭൂമിയില്‍ ജീവന്‍ കണ്ടു തുടങ്ങിയിട്ടില്ലാത്തതിനാല്‍, മുട്ടയാണ് കോഴിയെക്കാള്‍ മുമ്പ് ഉണ്ടായതെന്ന് ആത്മവിശ്വാസത്തോടെ പറയാമെന്നും അദ്ദേഹം പറയുന്നു. കരയില്‍ ആദ്യമായി മുട്ട കണ്ടത് കാര്‍ബണിഫെറസ് (Carboniferous) കാലഘട്ടത്തിലായിരിക്കാം-അതായത് ഏകദേശം 358 - 298 ദശലക്ഷം വര്‍ഷം മുമ്പ്. ആദ്യകാല ഉരഗങ്ങളായിരിക്കും ഇവ ഇട്ടത്. 

ഇവയ്ക്ക് കട്ടിയുള്ള പുറന്തോടുകള്‍ ആയിരുന്നിരിക്കാന്‍ ഇടയില്ല എന്നും ഡോ. എലന്‍ അനുമാനിക്കുന്നു. ഇവ ഇപ്പോഴത്തെ പാമ്പ് മുട്ടകളുടെ രീതിയില്‍ ഉള്ളവ ആയിരുന്നിരിക്കാം. ജുറാസിക് കാലഘട്ടത്തിന്റെ തുടക്കത്തില്‍ ആയിരിക്കാം കട്ടിത്തോടുള്ള മുട്ട ആദ്യം ഇട്ടത്. ഏകദേശം 195 ദശലക്ഷം വര്‍ഷം പഴക്കമുള്ള ലോങ്-നെക്ഡ് സൗരോപോഡ് (sauropod) മുട്ടകള്‍ കിട്ടിയിട്ടുണ്ട്. ഇത്തരം മുട്ടകള്‍ ഇക്കാലത്ത് പക്ഷികളും, പല്ലികളും ഇടുന്ന തരത്തിലുളളവ ആയിരുന്നു. ഇത്തരത്തിലെല്ലാം നോക്കിയാല്‍ കോഴികളെക്കാള്‍ വളരെക്കാലം മുമ്പ് മുട്ടകള്‍ ലോകത്ത് ഉണ്ടായിരുന്നു. 

എന്നാല്‍, മുട്ട എന്നു പറഞ്ഞാല്‍ കട്ടിത്തോടിലുള്ള ഒന്നാണ് എന്ന് ചിന്തിക്കുന്നവരെ സംബന്ധിച്ച് ഇത് വിശ്വസനീയമായ ഉത്തരമായിരിക്കില്ലെന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ, കട്ടിത്തോടുള്ള മുട്ടകളും കോഴകളെക്കാള്‍ മുമ്പേ ഉണ്ടായി. 

Image Credit: TENGKU BAHAR/AFP
Image Credit: TENGKU BAHAR/AFP

അപ്പോള്‍ എന്താണ് ചിക്കന്‍?

ആദ്യ ചിക്കന്‍ അല്ലെങ്കില്‍ വളര്‍ത്തു കോഴി ഗ്യാലസ് ഗ്യാലസ് (Gallus gallus) എന്ന ശാസ്ത്ര നാമം ഉള്ള, റെഡ് ജംഗ്ള്‍ ഫൗളില്‍ (ഒരിനം കാട്ടുകോഴി) നിന്നാണ് ഉരുത്തിരിഞ്ഞു വന്നത്. ഗ്യാലസ് ഗ്യാലസ് ആകട്ടെ ഏകദേശം 50 ദശലക്ഷം വര്‍ഷം മുമ്പ് ഉണ്ടായി എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. മനുഷ്യര്‍ നെല്ലും തിനയും കൃഷി ചെയ്യാനായി കാടിനു സമീപമുളള നിലമൊരുക്കി തുടങ്ങിയ സമയത്താകാം ഇത്തരം നിലങ്ങള്‍ക്കു സമീപത്തേക്ക് കാടുകളില്‍ നിന്ന് പക്ഷികള്‍ എത്തി തുടങ്ങിയത്. ഇങ്ങനെ പക്ഷികള്‍ തങ്ങളുടെ പുതിയ അയല്‍ക്കാരുമായി പരിചയത്തിലായി തുടങ്ങിയ ശേഷമാകണം കോഴി വളര്‍ത്തല്‍ആരംഭിച്ചത്. വളര്‍ത്തുകോഴികള്‍ റെഡ് ജംഗ്ള്‍ ഫൗളില്‍ നിന്നും ഉണ്ടായവയും ആയിരിക്കും. 

ഇങ്ങനെ വളര്‍ത്തിവന്ന കാട്ടു കോഴികള്‍ പിന്നീട് പുതിയ 'ഗ്യാലസ് ഗ്യാലസ് ഡൊമസ്റ്റിക്കസ്' അല്ലെങ്കില്‍ വളര്‍ത്തു കോഴിയായി മാറി. നേരത്തെ ഗവേഷകര്‍ കരുതിയിരുന്നത് വളര്‍ത്തു കോഴികള്‍ ഏകദേശം 10,000 വര്‍ഷം മുമ്പു മുതല്‍ ഉണ്ടായിരുന്നു എന്നാണ്. എന്നാല്‍, പുതിയ വിശകലനങ്ങള്‍പ്രകാരം നേരത്തെ വളര്‍ത്തു കോഴികളായി കരുതിവന്നത് ചില കാട്ടു പക്ഷികളെ ആയിരുന്നിരിക്കാമെന്നാണ്. 

ഏറ്റവും പുതിയ അനുമാനം പ്രകാരം കോഴി വളര്‍ത്തല്‍ ബിസി 1650-1250നും ഇടയില്‍ തെക്കു കിഴക്കന്‍ ഏഷ്യയില്‍ ആരംഭിച്ചിരിക്കാം എന്നാണ്. അതല്ലെങ്കില്‍ അങ്ങേയറ്റം 3,500 വര്‍ഷം മുമ്പ് എന്നും കരുതാമത്രെ.  

egg

കോഴിയോ കോഴിമുട്ടയോ ആദ്യം ഉണ്ടായത്?

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യം പരിഷ്‌കരിച്ച് കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത് എന്നാക്കിയാല്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരും. അരിസ്‌റ്റോട്ടില്‍ മുതലുള്ള പല തത്വചിന്തകരും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ ലഭ്യമായ വിവരം പ്രകാരം ആദ്യവളര്‍ത്തു കോഴികള്‍ ഉണ്ടായത് ജംഗിൾ ഫൗള്‍ മാതാപിതാക്കളില്‍ നിന്നാണ്. എന്നു പറഞ്ഞാല്‍ വളര്‍ത്തു കോഴികളാണ് അവ ഇട്ട മുട്ടയേക്കാള്‍ മുൻപേ ഉണ്ടായത്.

ഏതോ ഒരു ഘട്ടത്തില്‍ കാട്ടു കോഴികള്‍ അവയല്ലാതായി തീരുകയും ചിക്കന്‍ ആയി തീരുകയും ചെയ്തു. യഥാര്‍ത്ഥത്തിലുള്ള ആദ്യ ചിക്കന്‍, ഭാഗികമായി മെരുക്കപ്പെട്ട കാട്ടുകോഴിയില്‍ നിന്ന് ഉണ്ടായതായിരിക്കും. എന്നു പറഞ്ഞാല്‍, ആദ്യ വളര്‍ത്തു കോഴി മുട്ട ഉണ്ടാകുന്നതിനു മുമ്പ് ആദ്യ കോഴി ഉണ്ടായി. വളര്‍ത്തു കോഴിയാണോ അതിന്റെ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന് കോഴിയാണ് എന്നാണ് ഉത്തരമെന്ന് ഡോ. എലന്‍ പറയുന്നു. 

English Summary:

The timeless question of "chicken or egg" has baffled thinkers for centuries. Now, science provides compelling evidence to finally solve this enduring riddle. Explore the evolutionary journey and genetic breakthroughs that reveal the surprising truth behind this age-old dilemma.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com