36 മണിക്കൂർ നീണ്ട സൈനിക ദൗത്യം, പോർച്ചുഗീസ് സേനയെ കീഴടക്കിയ ഇന്ത്യൻ പ്രൗഢി; ഗോവയെ മോചിപ്പിച്ച ജനറൽ കാൻഡേത്ത്
Mail This Article
ഇന്ത്യൻ സേനാവിഭാഗങ്ങളിലെല്ലാം മലയാളികളുടെ സാന്നിധ്യവും സ്തുത്യർഹമായ സംഭാവനകളുമുണ്ടായിട്ടുണ്ട്. അനേകം യുദ്ധവീരൻമാർ കേരളത്തിൽ നിന്നു സേനയിലെത്തി തങ്ങളുടെ പാടവം പ്രകടിപ്പിച്ചിരിക്കുന്നു. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തനാണ് ജനറൽ കെ.പി.കാൻഡേത്ത്.
ജനറൽ കെ.പി.കാൻഡേത്ത് എന്ന പേരിൽ പ്രശസ്തനായ കുഞ്ഞിരാമൻ പാലാട്ട് കാൻഡേത്തിന്‌റെ ജന്മദേശം പാലക്കാട്ടെ ഒറ്റപ്പാലമാണ്. ഗോവാ വിമോചനത്തിൽ പ്രദർശിപ്പിച്ച തന്ത്രജ്ഞതയും ധീരതയും അദ്ദേഹത്തിനു ഗോവാ വിമോചകൻ എന്ന പേരു നേടിക്കൊടുത്തു. ഈ യുദ്ധം കൂടാതെ രണ്ടാം ലോകമഹായുദ്ധം, പാക്കിസ്ഥാനുമായി 1947, 1965, 1971 എന്നീ വർഷങ്ങളിൽ നടന്ന യുദ്ധങ്ങൾ എന്നിവയിലും ജനറൽ കാൻഡേത്ത് ശ്രദ്ധേയ സംഭാവനകൾ നൽകി.
പ്രശസ്ത എഴുത്തുകാരനായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകൻ എം.എ.കാൻഡേത്തിന്റെ മകനാണ് കെ.പി.കാൻഡേത്ത്.1936ൽ അന്നത്തെ ബ്രിട്ടിഷ് ഇന്ത്യൻ സേനയിൽ ഓഫിസറായി ചേർന്ന അദ്ദേഹം രണ്ടാം ലോകയുദ്ധകാലത്ത് പടിഞ്ഞാറൻ ഏഷ്യയിലായിരുന്നു. അന്നത്തെ ബ്രിട്ടിഷ് ഇന്ത്യയുടെ അതിർത്തിയായ നോർത്ത് വെസ്റ്റ് ഫ്രണ്ടിയർ പ്രോവിൻസിലും അതിനു ശേഷം അദ്ദേഹം സേവനമനുഷ്ഠിച്ചു.
സ്വാതന്ത്ര്യത്തിനു ശേഷം 1947ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിൽ ഒരു ആർട്ടിലറി റെജിമെന്റിനെ കമാൻഡ് ചെയ്തത് അദ്ദേഹമാണ്. പിന്നീടായിരുന്നു ഗോവ വിമോചനം.ന്യൂഡൽഹിയിൽ 2003 മേയിൽ ഈ വീരസൈനികൻ അന്തരിച്ചു.പരമവിശിഷ്ട സേവാ മെഡൽ, പദ്മഭൂഷൺ തുടങ്ങിയ ഉന്നത ബഹുമതികൾ നൽകി രാഷ്ട്രം അദ്ദേഹത്തെ അംഗീകരിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്‌റെ തുടക്കത്തിൽ ഗോവ, ദാമൻ ദിയു, ദാദ്ര, നാഗർ ഹവേലി, അൻജദീവ് എന്നിവയായിരുന്നു പോർച്ചുഗലിന്‌റെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങൾ. ഇക്കൂട്ടത്തിൽ ഗോവയായിരുന്നു അവരുടെ തിലകക്കുറി.
എന്നാൽ പോർച്ചുഗീസ് ഭരണത്തിനെതിരായ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾ അക്കാലത്തു തന്നെ ഇവിടങ്ങളിൽ ഉയർന്നു തുടങ്ങിയിരുന്നു. 1947ൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യ സ്വതന്ത്രയായപ്പോഴും ഗോവ ഉൾപ്പെടെ പ്രദേശങ്ങൾ വിട്ടുകൊടുക്കാൻ പോർച്ചുഗൽ വിസമ്മതിച്ചു. ആസാദ് ഗോമാന്തക് ദൾ, യുണൈറ്റഡ് ഫ്രണ്ട് ഓഫ് ഗോവ തുടങ്ങിയ സംഘടനകൾ വമ്പൻ പ്രതിഷേധങ്ങൾ തുടങ്ങിയതിനെ പോർച്ചുഗൽ ശക്തി കൊണ്ടു നേരിടാൻ തുടങ്ങി. വെടിവയ്പുകളും കൂട്ട അറസ്റ്റുകളും ഗോവയിൽ തുടർക്കഥയായി തുടങ്ങി.
പോർച്ചുഗീസ് ഭരണകൂടവുമായി നിരന്തരചർച്ചകൾ നടത്തി പരാജയപ്പെട്ട ഇന്ത്യ, ഒടുവിൽ സൈനിക നടപടിയെന്ന പ്രതിവിധിയിലേക്ക് എത്തിച്ചേരുകയായിരുന്നു. അപ്പോഴും മർക്കടമുഷ്ടി വിടാൻ പോർച്ചുഗീസ് പ്രധാനമന്ത്രിയായ അന്‌റോണിയോ ഒലിവേര സലാസർ ഒരുക്കമായിരുന്നില്ല. 1955ൽ ഗോവയിലേക്കു പ്രവേശിക്കാൻ ശ്രമിച്ച 30 ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകരെ പോർച്ചുഗീസ് പൊലീസ് വെടിവച്ചു കൊന്നു. ഇതോടെ ഇന്ത്യയും ഗോവയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു.
ഇന്ത്യൻ കരസേന, വ്യോമസേന, നാവികസേന എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷൻ വിജയ് ദൗത്യം ഡിസംബർ 17നു തുടങ്ങി. ഗോവയിലെ പോർച്ചുഗീസ് നാവികക്കരുത്ത് ഇന്ത്യയ്ക്ക് ഒരു വെല്ലുവിളിയേ അല്ലായിരുന്നു.താമസിയാതെ പോർച്ചുഗീസ് പ്രദേശങ്ങളിൽ ഇന്ത്യൻ സേന നിലയുറപ്പിച്ചു തുടങ്ങി. സഹായത്തിനായി നാവികസേന പുറപ്പെട്ടിട്ടുണ്ടെന്നും അവരെത്തുന്നതു വരെ പിടിച്ചുനിൽക്കാനുമായിരുന്നു ലിസ്ബനിൽ നിന്നു ഗോവ ഗവർണർ മാനുവൽ സിൽവയ്ക്കു കിട്ടിയ സന്ദേശം. എന്നാൽ ഇന്ത്യയുടെ ചങ്ങാതിരാഷ്ട്രമായ ഈജിപ്ത് പോർച്ചുഗീസ് നാവികസേനയെ തങ്ങളുടെ അധീനതയിലുള്ള സൂയസ് കനാൽ വഴി കടത്തിവിടില്ലെന്ന് അറിയിച്ചു.
ഗോവയിൽ താമസിയാതെ ഇന്ത്യൻ സേന പൂർണ ആധിപത്യം നേടി. കെ.പി. കാൻഡേത്തിന്‌റെ നേതൃത്വത്തിലുള്ള 17ാം ഇൻഫാൻട്രി ഡിവിഷനായിരുന്നു ചുക്കാൻ പിടിച്ചത്. ബ്രിഗേഡിയർ സാഗത്ത് സിങ്ങിന്‌റെ നേതൃത്വത്തിലുള്ള അൻപതാം പാരഷൂട്ട് ബ്രിഗേഡും ശക്ത സാന്നിധ്യമായിരുന്നു.മറാത്ത, രാജ്പുത്ത്, മദ്രാസ് റെജിമെന്‌റുകളും നിർണായകമായ പങ്ക് ദൗത്യത്തിൽ വഹിച്ചു.എയർ വൈസ് മാർഷൽ എർലിക് പിന്‌റോയുടെ നേതൃത്വത്തിൽ വ്യോമസേനയും ആക്രമണങ്ങൾ നടത്തി. ഇന്ത്യൻ നാവിക സേനയുടെ രാജ്പുത്ത്, വിക്രാന്ത്, കിർപാൺ തുടങ്ങിയ വിഖ്യാതമായ പടക്കപ്പലുകൾ ദൗത്യത്തിൽ അണി ചേർന്നു.
താമസിയാതെ 36 മണിക്കൂർ നീണ്ട സൈനിക ഓപ്പറേഷനു ശേഷം, തങ്ങൾ കീഴടങ്ങുന്നതായി മാനുവൽ സിൽവ ഇന്ത്യൻ സൈന്യത്തെ അറിയിച്ചു. ഗോവ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമായി. ജനറൽ കാൻഡേത്തിന്‌റെ കീഴിലുള്ള താത്കാലിക ഭരണം അവിടെ നിലവിൽ വന്നു. ഇന്ത്യയുടെ സൈനിക നടപടി പോർച്ചുഗലിനെ രോഷാകുലരാക്കുകയും അവർ ഇന്ത്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തു. പിന്നീട് 1974ലാണ് ഇത് പുനസ്ഥാപിച്ചത്. അപ്പോഴേക്കും ഗോവയെ ഇന്ത്യയുടെ ഭാഗമായി പോർച്ചുഗലും അംഗീകരിച്ചു.