ADVERTISEMENT

യൂട്യൂബ് പ്ലേ ബട്ടണുകൾ ലഭിക്കുന്നതും അവ അൺബോക്സ് ചെയ്യുന്നതുമൊക്കെ സമൂഹ മാധ്യമങ്ങളിലെ പതിവു കാഴ്ചകളാണ്. എന്നാൽ ഇവിടെയിതാ ഒരു വ്ലോഗർ തനിക്കു കിട്ടിയ പ്ലേ ബട്ടൺ അൺബോക്സ് ചെയ്തത് അൽപം സാഹസികമായാണ്. കടലിനടിയിൽ 12 മീറ്ററോളം ആഴത്തിൽ ചെന്നായിരുന്നു അൺബോക്സിങ്. ലക്ഷദ്വിപ് കവരത്തി സ്വദേശി പി.മുഹമ്മദ് സ്വാദിഖ് ആണ് ഇങ്ങനെയൊരു വേറിട്ട ശ്രമം നടത്തിയത്.ലക്ഷദ്വീപിന്റെ സംസ്കാരം, കൗതുകങ്ങൾ, ആചാരങ്ങൾ, ഭക്ഷണം, ജീവിതം തുടങ്ങിയവ അവതരിപ്പിക്കാറുള്ള ‘ലക്ഷദ്വീപ് വ്ലോഗർ’ എന്ന യൂട്യൂബ് ചാനലിനാണ് 1 ലക്ഷം സബ്സ്ക്രൈബേഴ്സിനുള്ള സിൽവർ പ്ലേ ബട്ടൺ ലഭിച്ചത്.

ലക്ഷദ്വീപിൽ ആദ്യമായാണ് പ്ലേ ബട്ടൻ ലഭിക്കുന്നതെന്ന് സ്വാദിഖ് പറയുന്നു. 18ന് ലഭിച്ച പ്ലേ ബട്ടൺ ഇന്ന് രാവിലെയാണ് കടലിനടിയിൽ വച്ച് അൺബോക്സ് ചെയ്തത്. ഡൈവർമാരുടെ കൂടി സഹായത്തോടെയായിരുന്നു സാഹസിക നീക്കം. ലക്ഷദ്വീപിൽ ആദ്യമായി കിട്ടിയ പ്ലേ ബട്ടൺ കാണാനും തൊട്ടുനോക്കാനുമൊക്കെ ഒട്ടേറെ നാട്ടുകാരാണ് വീട്ടിലെത്തിയതെന്ന് സ്വാദിഖ് പറഞ്ഞു. 

തെങ്ങിൻ മുകളിൽകയറി അപ്‌ലോഡിങ്

ലോക്ഡൗൺ കാലത്താണ് സ്വാദിഖ് മൊബൈൽ ഫോണിൽ ചിത്രീകരിച്ച വിഡിയോകളുപയോഗിച്ച് വ്ലോഗിങ് തുടങ്ങിയത്. എന്നാൽ അന്നത്തെ പ്രധാന തടസ്സം അപ്‌ലോഡ് ചെയ്യാൻ വേണ്ടത്ര നെറ്റ്‌വർക്ക് ലഭിക്കാതിരുന്നതാണ്. സ്പീഡും വളരെ കുറവായിരുന്നു. അതുകൊണ്ടു തന്നെ ഒരു രാത്രി മുഴുവൻ തെങ്ങിൻ മുകളിൽ ഫോൺ വച്ചൊക്കെയാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരുന്നതെന്ന് സ്വാദിഖ് പറഞ്ഞു. ചില ദിവസങ്ങളിൽ രാവിലെ ചെന്ന് നോക്കുമ്പോൾ അപ്‌ലോഡിങ് എറർ കണ്ട് തകർന്നു പോയിട്ടുമുണ്ട്. 

അതേസമയം കടലിനടിയിലൂടെ ഫൈബർ ഒപ്റ്റിക്കൽ കേബിളുകൾ വന്നതോടെ കഴിഞ്ഞ വർഷം അവസാനം മുതലാണ് നെറ്റിന് വേഗം കൂട്ടിക്കിട്ടിയതെന്ന് സ്വാദിഖ്. ഇതോടെയാണ് വ്ലോഗിങ്ങിലും കൂടുതൽ ശ്രദ്ധിച്ചത്. ആദ്യ കാലത്ത് 2 മാസത്തിലൊരിക്കലൊക്കെയാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ദിവസവും ഷോർട്സ് (ചെറു വിഡിയോകൾ) നൽകുന്നുണ്ട്. ആഴ്ചയിലൊരിക്കൽ കൂടുതൽ സമയമുള്ള വിഡിയോകളും ചെയ്യുന്നുണ്ട്. ഇതോടെ കഴിഞ്ഞ മാസങ്ങളിലാണ് കൂടുതൽ സബ്സക്രൈബേഴ്സിനെ ലഭിച്ചതെന്നും സ്വാദിഖ്. 

English Summary:

A Lakshadweep vlogger made history by unboxing his YouTube Silver Play Button 12 meters underwater

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com