വമ്പൻ ഉപഗ്രഹം ബഹിരാകാശത്ത് 20 കഷ്ണങ്ങളായി പൊട്ടിത്തെറിച്ചു: പുതുതായി 4300 ടൺ ബഹിരാകാശ മാലിന്യം
Mail This Article
ഇന്റൽസാറ്റ് 33 ഇ എന്ന ഉപഗ്രഹം ബഹിരാകാശത്തു പൊട്ടിത്തെറിച്ചതോടെ ബഹിരാകാശ മാലിന്യത്തിൽ പുതിയ വർധന ഉണ്ടായിരിക്കുകയാണ്.പൊട്ടിത്തെറിച്ചത് 35000 കിലോമീറ്റർ ഉയരത്തിൽ നിന്നാണ്. ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥിതി ചെയ്യുന്നതാണ് ഈ ഉപഗ്രഹം. ഏകദേശം 20 കഷ്ണങ്ങളായിട്ടാണ് ഉപഗ്രഹം പൊട്ടിത്തെറിച്ചതെന്ന് യുഎസ് സ്പെയ്സ് ഫോഴ്സ് അറിയിച്ചു.എന്തുകൊണ്ടാണ് ഈ ഉപഗ്രഹം പൊട്ടിത്തെറിച്ചതെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബോയിങ് നിർമിച്ച ഈ ഉപഗ്രഹം 2016ൽ ആണ് വിക്ഷേപിച്ചത്. 2017ൽൽ ഭ്രമണപഥത്തിലെത്തി. ഇപ്പോഴുള്ള ബഹിരാകാശ മാലിന്യത്തിന്റെ കൂട്ടത്തിൽ 4300 ടൺ കൂടി ഇതോടെ വന്നിരിക്കുകയാണെന്ന് വിദഗ്ധർ അറിയിച്ചു.
ബഹിരാകാശ മാലിന്യം ഭൂമിയുടെ പരിസ്ഥിതിയെയും അന്തരീക്ഷത്തെയും തന്നെ ബാധിക്കപ്പെടാവുന്ന രീതിയിൽ ഒരു പ്രശ്‌നമായി മാറാനിടയുണ്ടെന്നു വിദഗ്ധർ അടുത്തിടെയായി താക്കീതുകൾ നൽകുന്നുണ്ട്. ഇവ ഭാവി ബഹിരാകാശ പര്യവേക്ഷണങ്ങൾക്കും പദ്ധതികൾക്കും വലിയ പ്രശ്‌നം സൃഷ്ടിക്കാം.ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കയറുന്ന ബഹിരാകാശ മാലിന്യങ്ങളിൽ നല്ലൊരു പങ്കും അന്തരീക്ഷത്തിൽ തന്നെ കത്തിത്തീരാറാണ് പതിവ്. എന്നാൽ ചിലപ്പോഴെങ്കിലും ഇവ ഭൂമിയിലും സമുദ്രങ്ങളിലും പതിക്കാറുണ്ട്. ഉപഗ്രഹനിർമാണത്തിലും മറ്റുമുപയോഗിക്കുന്ന ചില വിഷമയമായ വസ്തുക്കൾ ഇവയിൽ ഉണ്ടെന്നുള്ളതും ചിന്തിക്കേണ്ട കാര്യമാണ്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഇവ എപ്പോൾ ഇറങ്ങുമെന്ന് നിർണയിക്കുന്ന പ്രയാസമുള്ള കാര്യമാണ്. ഇവയുടെ വേഗവും ഇവ എപ്പോൾ തിരിച്ചിറങ്ങുമെന്നുമൊക്കെ നിർണയിക്കാൻ പാടാണ്. ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെയും ചിലപ്പോൾ ഇവ ബാധിക്കാറുണ്ട്. ഇവയിൽ ഏറ്റവും ചെറുതിനുപോലും സാരമായ തകരാർ വരുത്തിവയ്ക്കാനാകും. ഏറ്റവും മികച്ച നടപടികൾ അമേരിക്കൻ വ്യോമസേനയുടെ ബഹിരാകാശ പ്രവർത്തന കേന്ദ്രത്തിന്റേതാണ്. ഏതെങ്കിലും ഒരെണ്ണം ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നു കണ്ടെത്തിയാൽ ഉപഗ്രഹം നിയന്ത്രിക്കുന്നവരെ അവർ വിവരമറിയിക്കും.
അഞ്ചുലക്ഷത്തിലധികം ഉപയോഗശൂന്യ വസ്തുക്കൾ ബഹിരാകാശത്തുണ്ട്. ബഹിരാകാകാശ മാലിന്യം എന്ന് അർഥം വരുന്ന സ്പേസ് ഡെബ്രി, അഥവാ സ്‌പെയ്‌സ് ജങ്ക് എന്നും ഇവ അറിയപ്പെടുന്നു. ഏഴു പതിറ്റാണ്ടുകളായി ബഹിരാകാശമേഖലയിലെ വിവിധപ്രവർത്തനങ്ങൾക്കായി വിക്ഷേപിക്കപ്പെട്ട വസ്തുക്കളാണ് ഈ മാലിന്യത്തിനു പിന്നിൽ.കത്തിനശിച്ച ഉപഗ്രഹങ്ങൾ, റോക്കറ്റ് ഭാഗങ്ങൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. ഈ മാലിന്യത്തെ നീക്കുകയെന്നത് നാസയും ഇസ്റോയും ഉൾപ്പെടെ പ്രമുഖ ബഹിരാകാശ ഏജൻസികളുടെ മുന്നിലെ വലിയൊരു ലക്ഷ്യവുമാണ്.
ലേസറുകളും മറ്റു ഉപഗ്രഹങ്ങളും ഉപയോഗിച്ച് ബഹിരാകാശ മാലിന്യം നീക്കുകയെന്ന ലക്ഷ്യത്തിലേക്ക് നാസ ഇടയ്ക്ക് എത്തിയിരുന്നു. ലേസറുകൾക്ക് ഗ്രൗണ്ട് സ്റ്റേഷനുകളിൽ നിന്ന് ബഹിരാകാശ മാലിന്യത്തെ ലക്ഷ്യം വയ്ക്കാൻ കഴിയും. ഫോട്ടോൺ പ്രഷർ, അബ്ലേഷൻ എന്നീ രണ്ടുതരം ലേസർ രീതികൾ പരീക്ഷിക്കാൻ നാസയ്ക്ക് ഉദ്ദേശമുണ്ട്.അബ്ലേഷൻ രീതിയിൽ കുറച്ചുകൂടി ശക്തമായ ലേസറുകളാകും ഉപയോഗിക്കപ്പെടുക.