ADVERTISEMENT

കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും സ്ട്രീമിങ് പ്രേമികള്‍ക്കും പരിഗണിക്കാന്‍ ഒരു എപിഎസ്-സി ക്യാമറയും വില്‍പ്പനയ്‌ക്കെത്തുന്നു. നിക്കോണ്‍ കമ്പനിയുടെ ഫ്‌ളാഗ്ഷിപ് ക്യാമറയായ സെഡ്9 പ്രവര്‍ത്തിപ്പിക്കുന്ന എക്‌സ്പീഡ് 7 പ്രൊസസര്‍ പിടിപ്പിച്ചാണ് സെഡ്50 II എത്തിയിരിക്കുന്നത്.  അതിനാല്‍തന്നെ, ക്യാമറയുടെ ഓട്ടോഫോക്കസ്, സബ്ജക്ട് ഡിറ്റെക്ഷന്‍, 3ഡി ട്രാക്കിങ് തുടങ്ങിയ വിഭാഗങ്ങളില്‍ മികവ് പ്രതീക്ഷിക്കാം. ആദ്യ സെഡ്50യില്‍ കണ്ട അതേ 20.9എംപി ഡിഎക്‌സ് സെന്‍സാറാണ് പുതിയ ക്യാമറയിലുമുള്ളത് എന്നത് ഒരു ന്യൂനതയായും കരുതപ്പെടുന്നു. 

ഇലക്ട്രോണിക് ഷട്ടര്‍ പ്രയോജനപ്പെടുത്തുകയാണെങ്കില്‍ സെക്കന്‍ഡില്‍ 30 ഫോട്ടോകള്‍ വരെ പകര്‍ത്താം. മെക്കാനിക്കല്‍ ഷട്ടര്‍ ഉപയോഗിച്ചാല്‍ ഇത് സെക്കന്‍ഡില്‍ 11 ഫ്രെയിം ആയിരിക്കും. ബില്‍റ്റ്-ഇന്‍ ഫ്‌ളാഷും ഉണ്ട്. ഫോട്ടോ ഷൂട്ടിങില്‍ നിക്കോണ്‍ ഡിഎക്‌സ് ക്യാമറകളിലേക്ക് ആദ്യമായി പ്രീ-റിലീസ് ക്യാപ്ചര്‍ എന്ന ഫീച്ചര്‍ ആദ്യമായി എത്തുന്ന ക്യാമറയാണ് നിക്കോണ്‍ സെഡ്50 II. ഷട്ടര്‍ അമര്‍ത്തുന്നതിനു ഒരു സെക്കന്‍ഡ് മുമ്പുള്ള കാര്യവും പകര്‍ത്താം എന്നതാണ് പ്രീ-റിലീസ് ക്യാപ്ചറിന്റെ ഗുണം.(റോ ഫയലുകള്‍ ആയിരിക്കില്ല.ജെപെയ്ഗ് മാത്രം.) 

വെളിച്ചക്കുറവുള്ള ഇടങ്ങളില്‍ എടുക്കുന്ന ഫോട്ടോകള്‍ മെച്ചപ്പെടുത്താനായി മികച്ച ഐഎസ്ഓ റേഞ്ച് ആണ് പുതിയ ക്യാമറയ്ക്ക് നല്‍കിയിരിക്കുന്നത് എന്ന് കമ്പനി ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. എഎസ്ഓ 100-512002 വരെയാണ് ലഭിക്കുക. വിഡിയോ പകര്‍ത്തുന്ന കാര്യത്തിലും ക്യാമറയിലേക്ക് പുതുമകള്‍ എത്തുന്നു. എന്‍-ലോഗില്‍, 10-ബിറ്റ് പ്രിസിഷനില്‍ ക്യാമറയ്ക്കുള്ളില്‍ തന്നെ വിഡിയോ പകര്‍ത്തിയെടുക്കാം. കളര്‍, ടോണ്‍ഗ്രേഡിങ് തുടങ്ങിയവയ്ക്ക് ഇത് ഗുണകരമായിരിക്കും. സെന്‍സറിന്റെ മുഴുവന്‍ പ്രതലവും ഉപയോഗിച്ച് 4കെ 30പി വരെ വിഡിയോ പകര്‍ത്താം. ചെറിയൊരു ക്രോപ് അനുവദിച്ചാല്‍ 4കെ/60പി വിഡിയോയും റെക്കോഡ് ചെയ്യാം. 

z50 - 1

ഇലക്ട്രോണിക് സ്റ്റബിലൈസേഷനും ഉണ്ട്. സോണി ക്യാമറകള്‍ വര്‍ഷങ്ങളായി നല്‍കിവന്നതു പോലെയുള്ള, പ്രൊഡക്ട് റിവ്യൂ മോഡും സെഡ് 50 II മോഡലില്‍ എത്തുന്നു. ഹൈ-റെസ് സൂം ഫീച്ചറാണ് മറ്റൊന്ന്. വിഡിയോ റെക്കോഡിങ് സമയത്ത് കാര്യമായി ക്വാളറ്റി നഷ്ടപ്പെടാതെ ഡിജിറ്റലായി സൂം ചെയ്യാനാണ്ഇത് അനുവദിക്കുക. മറ്റൊരു ഫീച്ചര്‍ ഇമേജിങ് റെസിപീസ് ആണ്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഉപയോഗിക്കുന്ന പ്രീസെറ്റുകള്‍ ഉപയോഗിക്കാനാണ് ഇത് സഹായിക്കുക. നവംബര്‍ അവസാനം മുതല്‍ ഇന്ത്യയില്‍ ലഭ്യമാക്കുമെന്നാണ് കമ്പനി പറയുന്നത്. വില പ്രഖ്യാപിച്ചു-ബോഡിക്കു മാത്രം 77,995 രൂപ. കിറ്റ് ലെന്‍സും ഒപ്പം വേണമെങ്കില്‍ എംആര്‍പി 1,15,795 രൂപ. 

യുഎസ്ബി സ്ട്രീമിങ് അടക്കമുള്ള പല ഫീച്ചറുകളും ഉള്ളതിനാല്‍ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും, യൂട്യൂബര്‍മാര്‍ക്കും പരിഗണിക്കാവുന്ന മോഡലാണിത്. ക്യാമറയെക്കുറിച്ചുള്ള പ്രധാന വിമര്‍ശനങ്ങള്‍: ആദ്യ സെഡ് 50യില്‍ കണ്ട അതേ സെന്‍സര്‍. ഇന്‍-ബോഡി ഇമേജ് സ്റ്റബിലൈസേഷന്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. 

പകരം പരിഗണിക്കാവുന്ന മോഡലുകള്‍

വ്യൂഫൈന്‍ഡര്‍ വേണ്ടെങ്കില്‍ നിക്കോണ്‍ സെഡ്30 പരിഗണിക്കാം. ക്യാനന്‍ ഇഓഎസ് ആര്‍10 ആണ് മറ്റൊരു ക്യാമറ. സോണിയുടെ എ6400, സെഡ്‌വി ഇ10 തുടങ്ങിയ മോഡലുകളും പരിഗണിക്കാം. എന്നാല്‍, ഫൂജി എക്‌സ്-എം5 ആയിരിക്കാം പുതിയ ഷൂട്ടര്‍മാര്‍ക്ക് പരിഗണിക്കാവുന്ന മറ്റൊരു പ്രധാന മോഡല്‍. 

z501 - 1

ട്രംപിന്റെ തിരിച്ചുവരവില്‍ മസ്‌കിന് ഒറ്റ ദിവസം ലഭിച്ചത് 26.5 ബില്യൻ ഡോളര്‍

മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപ് തിരിച്ച് വൈറ്റ്ഹൗസിലെത്തിയത് ടെസ്‌ലാ മേധാവി ഇലോണ്‍ മസ്‌കിന്റെ ആസ്തി വര്‍ദ്ധിപ്പിച്ചു. ട്രംപ് സപ്പോര്‍ട്ടര്‍ കൂടിയായ മസ്‌കിന്റെ ആസ്തി ഒറ്റ ദിവസം വര്‍ദ്ധിച്ചത് 26.5 ബില്ല്യന്‍ഡോളറാണെന്ന് റിപ്പോര്‍ട്ട്. 

മില്യനെറിഞ്ഞു ബില്ല്യന്‍ നേടി മസ്‌ക്

ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിനായി മസ്‌ക് ഏകദേശം 130 ദശലക്ഷം ഡോളര്‍ ചിലവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒറ്റ ദിവസം കൊണ്ട് തിരിച്ചു ലഭിച്ചത് 6.5 ബില്ല്യന്‍ ഡോളറും! മസ്‌കിന്റെ മൊത്തം ആസ്തി 290 ബില്ല്യന്‍ ഡോളറായി വര്‍ദ്ധിച്ചു. 

മസ്‌കിനു പുറമെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബേസോസ്, ഓറക്ള്‍ മേധാവി ലാറി എലിസണ്‍ തുടങ്ങിയവരുടെ ആസ്തിയും വര്‍ദ്ധിച്ചു. ഇവരടക്കം പല കോടീശ്വരന്മാര്‍ക്കുമായി 63.5 ബില്ല്യന്‍ ഡോളറിന്റെ വര്‍ദ്ധന ഉണ്ടായതായി ബ്ലൂംബര്‍ഗ് ബില്ല്യനയേഴ്‌സ് ഇന്‍ഡക്‌സ് രേഖപ്പെടുത്തുന്നു. 

tesla-ceo-elon-musk-aly-song-reuters-technology-article-image

16 വയസില്‍ താഴെയുള്ള കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതു വിലക്കാന്‍ ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയല്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാക്കും. ഇക്കാര്യം അറിയിച്ചത് രാജ്യത്തിന്റെ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ആണ്. നിയമം പ്രാബല്ല്യത്തില്‍ വരിക 2025 അവസാനം മുതലാകാനാണ് സാധ്യത. നമ്മുടെ കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ ദോഷമാണ് ഉണ്ടാക്കുന്നത് എന്നും അതിനാല്‍ അവ നിരോധിക്കണം എന്നുമാണ് താന്‍ ആവശ്യപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളുടെ ശാരീരികവും മാനസീകവുമായ ആരോഗ്യം കെടുത്തുന്നതാണ് സോഷ്യല്‍ മീഡിയ ഉപയോഗം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

സടകുടഞ്ഞുണര്‍ന്ന് വിന്‍ഡോസ് നോട്ട്പാഡ്

1983 മുതല്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ആപ്പുകളിലൊന്നായ നോട്ട്പാഡിന് പുനര്‍ജന്മം. കഴിഞ്ഞ പതിറ്റാണ്ടുകളിലെല്ലാം നോട്ടു കുറിക്കാനും, ടെക്‌സ്റ്റ് എഡിറ്റിങിനായും മറ്റുമൊക്കെ പ്രയോജനപ്പെടുത്തി വന്ന ഈ ആപ്പ് ഇതുവരെ ഒരു പഴഞ്ചന്‍ സംവിധാനം തന്നെയായിരുന്നു. 

വിന്‍ഡോസിന്റെ ഉടമ മൈക്രോസോഫ്റ്റ് അടുത്ത അപ്‌ഡേറ്റില്‍ നോട്ട്പാഡിന് നിര്‍മ്മിത ബുദ്ധി (എഐ) ശേഷി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിന്‍ഡോസ് 11ലെ 11.2410.15.0 വേര്‍ഷനിലാണ് ഇത് ലഭ്യമാക്കി തുടങ്ങിയിരിക്കുന്നത്. കണ്ടെന്റ് നോട്ട്പാഡില്‍ തന്നെ ഇനി റീറൈറ്റ് ചെയ്യാന്‍സാധിക്കും എന്നതാണ് ഏറ്റവും വലിയ കരുത്ത്. എഴുത്തിന്റെ ടോണ്‍ മാറ്റാനും, ചുരുക്കാനും ഒക്കെയുള്ള കരുത്തും നോട്ട്പാഡ് ആര്‍ജ്ജിക്കും. ഈ ഫീച്ചറുകള്‍ വിന്‍ഡോസ് 10ലേക്ക് എത്താനുള്ള സാധ്യത ഇപ്പോള്‍ വ്യക്തമല്ല. 

ആന്ത്രോപ്പിക്കില്‍ 4 ബില്യൻ ഡോളര്‍ നിക്ഷേപിക്കാന്‍ ആമസോണ്‍

amazon

എഐ സ്റ്റാര്‍ട്ട്അപ് കമ്പനിയായ ആന്ത്രോപ്പികില്‍ (Anthropic) വന്‍ നിക്ഷേപം ഇറക്കാന്‍ ഒരുങ്ങുകയാണ് ഓണ്‍ലൈന്‍ വില്‍പ്പനാ ഭീമന്‍ ആമസോണ്‍ എന്ന് റോയിട്ടേഴ്‌സ്. ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയുമായി കടുത്ത മത്സരം നടത്തുന്ന ആന്ത്രോപ്പിക്കില്‍ 4 ബില്ല്യന്‍ ഡോളറായിരിക്കും ആമസോണ്‍ ഇനി നിക്ഷേപിക്കുക എന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ ക്ലൗഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എഐ കമ്പനിയാണ് ആന്ത്രോപ്പിക്.

English Summary:

Nikon releases the Z50 II, an APS-C camera geared towards content creators with 4K video, fast shooting, and advanced features. Learn about its specs, price, and how it compares to competitors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com