എന്തിനാ അതുപോലെ,അതു തന്നെ തരില്ലേ!; എഫ്-35 പോര്‍വിമാനം കോപ്പിയടിച്ച് ചൈനയുടെ ജെ-35എ?
Mail This Article
ചൈന ഏറ്റവും പുതിയ ചാരവിമാനമായ ജെ-35എയുടെ ചിത്രങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടു. അമേരിക്കയുടെ എഫ്-35 പോര്‍വിമാനവുമായുള്ള അസാധാരണ രൂപസാദൃശ്യമാണ് ചൈനീസ് വിമാനത്തെ പെട്ടെന്നു തന്നെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. അമേരിക്കന്‍ എഫ് 35 പോര്‍വിമാനത്തിന്റെ ഡിസൈന്‍ വിശദാംശങ്ങള്‍ 2009ല്‍ ചൈന ചോര്‍ത്തിയെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ അമേരിക്കന്‍ പോര്‍വിമാനത്തിന്റെ വിശദാംശങ്ങള്‍ മോഷ്ടിച്ചാണ് ചൈന സ്വന്തമായി പോര്‍വിമാനമുണ്ടാക്കിയതെന്ന ആരോപണങ്ങള്‍ വ്യാപകമായി ഉയര്‍ന്നു കഴിഞ്ഞു.
ദക്ഷിണ ചൈനയിലെ ഗുവാങ്‌ടോങ് പ്രവിശ്യയില്‍ നവംബര്‍ 12 മുതല്‍ 17 വരെ നടക്കുന്ന ചൈന ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ ആന്റ് എയറോസ്‌പേസ് എക്‌സിബിഷനില്‍ ജെ-35എ പ്രദര്‍ശിപ്പിക്കാനിരിക്കയാണ്. ഈ വ്യോമ പ്രദര്‍ശനത്തിന്റെ ഭാഗമാണ് ജെ-35എ എന്ന് പിഎല്‍എ വ്യോമസേന തന്നെ അറിയിച്ചിട്ടുണ്ട്. മിഡ് സൈസ് ചാര വിമാനമായ ജെ-35എയുടെ രണ്ട് പതിപ്പുകളാണ് പുറത്തിറക്കുന്നത്. വ്യോമസേനക്കായും വിമാനവാഹിനി കപ്പലുകള്‍ക്കു വേണ്ടിയുമാണ് വ്യത്യസ്ത ജെ-35എ ചൈന നിര്‍മിക്കുക.
ജെ-35എ എന്നു മുതലാണ് വ്യോമസേനയുടെ ഭാഗമാവുകയെന്ന് ചൈനയുടെ ജനകീയ വിമോചന സേന(പിഎല്‍എ) ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം ജെ-35എയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത് സേനയുടെ ഭാഗമാവാന്‍ ഈ പോര്‍വിമാനം തയ്യാറായെന്നതിന് തെളിവായിട്ടാണ് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തത്. ചൈനയുടെ മറ്റു പോര്‍വിമാനങ്ങളെ അപേക്ഷിച്ച് ശത്രു ലക്ഷ്യങ്ങളെ തിരിച്ചറിയുന്നതിനും ആദ്യം ആക്രമിക്കുന്നതിനും മുന്‍തൂക്കം ജെ-35എ ഉണ്ടെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.
ചൈനീസ് ജെ 35എ തന്നെയോ അമേരിക്കന്‍ എഫ് -35
ലോക്ക്ഹീഡ് മാര്‍ട്ടിന്‍ അമേരിക്കന്‍ സൈന്യത്തിനായി നിര്‍മിച്ചു നല്‍കിയ എഫ്-35 പോര്‍വിമാനത്തിനോട് ജെ-35എക്കുള്ള സാമ്യതയാണ് ഇപ്പോഴത്തെ ചര്‍ച്ചക്കു പിന്നില്‍. എഫ്-35വിന്റെ മൂന്നു വകഭേദങ്ങളാണ് ലോക്ക്ഹീഡ് മാര്‍ട്ടിന്‍ പുറത്തിറക്കിയിരുന്നത്. എഫ്-35എ(സാധാരണ ടേക്ക് ഓഫും ലാന്‍ഡിങും), എഫ്-35ബി(ചെറിയ ടേക്ക് ഓഫും വെര്‍ട്ടിക്കല്‍ ലാന്‍ഡിങും), എഫ്-35സി(വിമാനവാഹിനി കപ്പല്‍). സിംഗിള്‍ എന്‍ജിന്‍ സിംഗിള്‍ സീറ്റ് സൂപ്പര്‍സോണിക് ദീര്‍ഘദൂര പോര്‍വിമാനമാണ് എഫ് 35. എന്നാല്‍ ചൈനീസ് നിര്‍മിത ജെ-35എ ഇരട്ട എന്‍ജിനുള്ള പോര്‍വിമാനമാണ്.
എഫ് 35 ചെറിയ ടേക്ക് ഓഫിനും വെര്‍ട്ടിക്കല്‍ ലാന്‍ഡിങിനും ശേഷിയുള്ളതാണ്. അമേരിക്കന്‍ പോര്‍വിമാനത്തിന്റെ ഈ മികവുകള്‍ ചൈനീസ് എതിരാളിക്കില്ല. ഒറ്റനോട്ടത്തില്‍ ഒരുപോലെ തോന്നിക്കുമെങ്കിലും എഫ് 35വിനെ അപേക്ഷിച്ച് മെലിഞ്ഞ രൂപമാണ് ജെ-35എക്കുള്ളത്. അതേസമയം ഡിഎസ്‌ഐ ഇന്‍ലെറ്റ്‌സും(ജെറ്റ് എന്‍ജിന്‍), വിമാനത്തിന്റെ മേല്‍മൂടിയും അടിസ്ഥാന കോണ്‍ഫിഗറേഷനുമെല്ലാം സമാനമാണെന്നാണ് ദ വാര്‍ സോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
അമേരിക്കന്‍ ജെറ്റിന്റെ വിവരങ്ങള്‍ ചൈന മോഷ്ടിച്ചാല്‍ പോലും നിരവധി സങ്കീര്‍ണ സംവിധാനങ്ങളുള്ള പോര്‍വിമാനം മോഷ്ടിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നിര്‍മിക്കുക എളുപ്പമല്ലെന്നും ദ വാര്‍ സോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. ലോകത്തെ തന്നെ ഏറ്റവും സങ്കീര്‍ണമായ യന്ത്രങ്ങളിലൊന്നാണ് എഫ് 35. അതുകൊണ്ടുതന്നെ എത്ര വിവരങ്ങള്‍ മോഷ്ടിച്ചാലും അതേ പോലൊന്ന് നിര്‍മിക്കുക എളുപ്പമല്ലെന്നാണ് ദ വാര്‍ സോണ്‍ റിപ്പോര്‍ട്ട് പറയുന്നത്.
ചൈനീസ് മോഷണം
2009ലാണ് വിവാദമായ ചൈനീസ് മോഷണം സംഭവിക്കുന്നത്. ഹാക്കര്‍മാര്‍ എഫ് 35 അടക്കമുള്ള പോര്‍വിമാനങ്ങളുടെ രൂപകല്‍പന അടക്കമുള്ള വിശദാംശങ്ങള്‍ മോഷ്ടിച്ചെന്നായിരുന്നു അമേരിക്ക സമ്മതിച്ചത്. എഫ് 35 സംബന്ധിച്ച ഏറ്റവും നിര്‍ണായക വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുണ്ടെന്ന് സമ്മതിച്ച അമേരിക്കന്‍ ഡിഫെന്‍സ് അക്വിസിഷന്‍സ് ചീഫ് ഫ്രാങ്ക് കെന്‍ഡല്‍ അത്ര നിര്‍ണായകമല്ലാത്ത വിവരങ്ങളുടെ കാര്യത്തില്‍ ഈ ആത്മവിശ്വാസമില്ലെന്ന് സമ്മതിക്കുകയും ചെയ്തു. 2013ല്‍ അമേരിക്കന്‍ സെനറ്റ് മുമ്പാകെയായിരുന്നു ഫ്രാങ്ക് കെന്‍ഡലിന്റെ ഈ ഏറ്റുപറച്ചില്‍.
ആ സമയത്തു തന്നെയാണ് ചൈനയെ സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ സൈനിക ആധുനികവല്‍ക്കരണത്തിന് ചൈന ഹാക്കര്‍മാരെ ഉപയോഗിക്കുന്നുവെന്ന് പറഞ്ഞത്. അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ വിവരങ്ങള്‍ ചൈനയുമായി ബന്ധമുള്ള ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് ആദ്യമായി അന്നായിരുന്നു അമേരിക്ക തുറന്നു സമ്മതിച്ചത്.
സൈബര്‍ വിവര മോഷണത്തില്‍ കാനഡയില്‍ താമസിക്കുന്ന സു ബിന്‍ എന്നു പേരുള്ള ചൈനക്കാരനില്‍ ലോസ് ഏഞ്ചല്‍സ് കോടതി 2014ല്‍ കുറ്റം ചുമത്തിയിരുന്നു. ചൈനീസ് വിമോചന സേന(പിഎല്‍എ)യുടെ വേണ്ടി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരാണ് ഇതിനു പിന്നിലെന്നായിരുന്നു കോടതി പരാമര്‍ശം. വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ലോഡെ ടെക് എന്ന കമ്പനിയുടെ ഉടമയാണ് ബിന്‍.
രാജ്യാന്തര പ്രതിരോധ വ്യവസായ രംഗവുമായി അടുത്ത ബന്ധമുള്ളയാളാണ് ബിന്‍. 2008നും 2014നും ഇടയില്‍ രണ്ട് പിഎല്‍എ ഹാക്കര്‍മാര്‍ 6,30,000 ഫയലുകള്‍ അമേരിക്കയില്‍ നിന്നും ചോര്‍ത്തിയതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. അമേരിക്കയുടെ സി-17 ചരക്കുവിമാനം, എഫ്-22, എഫ്-35 പോര്‍ വിമാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. ഏതൊക്കെ കമ്പനികളേയും വ്യക്തികളേയും സാങ്കേതികവിദ്യകളേയും ലക്ഷ്യമിടണമെന്ന വിവരം ഹാക്കര്‍മാര്‍ക്ക് നല്‍കിയത് ബിന്‍ ആണെന്നാണ് കരുതപ്പെടുന്നത്. ലഭിച്ച വിവരങ്ങള്‍ പരിഭാഷപ്പെടുത്തി നല്‍കിയതും ഇയാളാണെന്നും ആരോപണങ്ങളുണ്ട്.