കഴിഞ്ഞ സീസണിന്റെ നിഴൽ മാത്രം, ടീം വിട്ട കരുത്തർക്കു പകരക്കാരില്ല:രാജസ്ഥാന്റെ ഭാവി പ്രവചിച്ച് മുൻ ഇന്ത്യൻ താരം

Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ പോരാട്ടങ്ങൾ കൂടുതൽ ദുഷ്കരമാകുമെന്ന് മുൻ ഇന്ത്യൻ താരം വാസിം ജാഫർ. സീസണിലെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടു രാജസ്ഥാൻ തോറ്റതിനു പിന്നാലെയാണ് വാസിം ജാഫറിന്റെ വിമര്‍ശനം. ആദ്യ മത്സരത്തിൽ ഹൈദരാബാദിനോടു 44 റൺസിന്റെ തോൽവിയാണു രാജസ്ഥാൻ വഴങ്ങിയത്. ഗുവാഹത്തിയിൽ നടന്ന രണ്ടാം പോരാട്ടത്തിൽ കൊൽക്കത്ത എട്ടു വിക്കറ്റു വിജയം സ്വന്തമാക്കി.
രാജസ്ഥാൻ കഴിഞ്ഞ സീസണിന്റെ നിഴലു മാത്രമാണെന്നു വസീം ജാഫർ പ്രതികരിച്ചു. ‘‘ജോസ് ബട്‍ലർ, ട്രെന്റ് ബോൾട്ട്, യുസ്‍വേന്ദ്ര ചെഹൽ, ആർ. അശ്വിൻ തുടങ്ങിയ പ്രമുഖ താരങ്ങളെ രാജസ്ഥാൻ നിലനിർത്തിയില്ല. അവരുണ്ടാക്കിയ വിടവ് വലുതാണ്. പകരക്കാരായി കരുത്തരായ താരങ്ങളെ കൊണ്ടുവരുന്നതിലും ടീം പരാജയപ്പെട്ടു. ഈ സീസണിൽ രാജസ്ഥാന്റെ പോരാട്ടങ്ങൾ കൂടുതൽ ദുഷ്കരമാകും.’’– വാസിം ജാഫര്‍ പറഞ്ഞു.
യശസ്വി ജയ്സ്വാൾ, സഞ്ജു സാംസണ്‍, ധ്രുവ് ജുറേൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മിയർ, സന്ദീപ് ശർമ എന്നിവരെയാണ് മെഗാലേലത്തിനു മുൻപ് രാജസ്ഥാൻ ടീമിൽ നിലനിർത്തിയത്. റിയാൻ പരാഗിനെയും ധ്രുവ് ജുറേലിനെയും വൻ തുക നൽകി നിലനിർത്തിയതിൽ ഫ്രാഞ്ചൈസിക്കെതിരെ അന്നു തന്നെ വിമർശനമുയർന്നു. മാർച്ച് 30ന് ചെന്നെ സൂപ്പർ കിങ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.