ADVERTISEMENT

സ്വന്തം ഫോണിലെ ഫോട്ടോ കൈ കൊണ്ട് എടുത്ത് അടുത്തയാളുടെ ഫോണിന്റെ സ്‌ക്രീനിലേക്കു വയ്ക്കാന്‍ സാധിച്ചാലോ? ഫയല്‍ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ ഒരു പുതുമ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്​ഫോൺ നിര്‍മാതാവ് വാവെയ്. ആംഗ്യം ഉപയോഗിച്ച് ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് ഫോട്ടോയും മറ്റും പകര്‍ത്തി നല്‍കാമെന്നാണ് വാവെയ് പുറത്തുവിട്ടിരിക്കുന്ന വിഡിയോയില്‍ നിന്ന് മനസിലാകുന്നത്.

വാവെയ് പുതിയതായി പുറത്തിറക്കിയ മെയ്റ്റ് 70 സീരിസിലാണ് കൗതുകമുണര്‍ത്തുന്ന പുതിയ ഫീച്ചര്‍ ഉള്ളത്.  ആപ്പിളിന്റെ എയര്‍ഡ്രോപ് ഫീച്ചറിന് വാവെയ് സ്വന്തം രീതിയില്‍ നല്‍കിയിരിക്കുന്ന വ്യാഖ്യാനമാണ് ഇതെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും അത് അത്ര ശരിയാകണമെന്നില്ല. എന്തായാലും ചൈനയില്‍  ഐഫോണ്‍ 16 സീരിസിന് ചൈനയില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളതായിരിക്കും മെയ്റ്റ് 70 സീരിസ് എന്നാണ് വിലയിരുത്തല്‍.

വാവെയ് കമ്പനിയുടെ ലോഗോ. (Photo by AFP) / China OUT
വാവെയ് കമ്പനിയുടെ ലോഗോ. (Photo by AFP) / China OUT

നിലവില്‍ ഈ ഫീച്ചര്‍ വാവെയ് മെയ്റ്റ് 70, മെയ്റ്റ് 70 പ്രോ, മെയ്റ്റ് 70 പ്രോ പ്ലസ് എന്നീ മോഡലുകളും, മറ്റ് ഏതാനും വാവെയ് ഉപകരണങ്ങള്‍ തമ്മിലുx പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ എന്നാണ് സൂചന. വാവെയ് പുറത്തുവിട്ട വിഡിയോയിലാണ് ഒരു അമ്മ സ്വന്തം ഫോണിലുള്ള ഒരു ഫോട്ടോ ആംഗ്യംകൊണ്ട് പകര്‍ത്തി മകന്റെ ടാബ്‌ലറ്റില്‍ വയ്ക്കുന്നത് കാണിച്ചിരിക്കുന്നത്.

(ചൈനീസ് ഭാഷയിലുള്ള വിഡിയോയില്‍ ടൈംലൈനില്‍ 2:11 മിനിറ്റില്‍ ഇത് കാണാം.) 

അമ്മ കൈ തന്റെ മെയ്റ്റ് 70 ഫോണിന്റെ സ്‌ക്രീനിനു മുമ്പില്‍ കൈപ്പത്തി പിടിക്കുന്നു. അതില്‍ അപ്പോള്‍ കാണിച്ചിരിക്കുന്നത് ദിനോസറിന്റെ കാര്‍ട്ടൂണ്‍ ചിത്രമാണ്. അത് കൈപ്പടം മടക്കി പിടിച്ചെടുത്താലെന്നവണ്ണം കോപ്പി ചെയ്ത് അമ്മ മകന്റെയടുത്തേക്കു പോകുന്നു. അവന്‍ ഒരുവാവെയ് ടാബ് ഉപയോഗിക്കുകയാണ്. ടാബിന് മുന്നില്‍ വച്ച് കൈപ്പത്തി തുറക്കുന്നു. ദിനോസറിന്റെ ചിത്രം ടാബിലേക്ക് ട്രാന്‍സ്ഫര്‍ ആകുന്നു. 

ഉപകരണങ്ങള്‍ വാങ്ങാന്‍ വാവെയ് സ്റ്റോറുകളിലെത്തിയവരും ഇത്തരം വിഡിയോകള്‍ സമൂഹ മാധ്യമമായ ടിക്‌ടോക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഫോണിന്റെയും ടാബിന്റെയും സ്‌ക്രിനിന് ഉള്ളില്‍ വച്ചിരിക്കുന്ന സെന്‍സറുകളും, ക്യാമറകളും ഉപയോഗിച്ചാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നാണ് വിവരം. 

hand-mate1 - 1

ആന്‍ഡ്രോയിഡിന് അപ്പുറത്തേക്കോ?

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ഫോൺ നിര്‍മാതാവ് എന്ന കീര്‍ത്തി സ്വന്തമാക്കുന്നതിന് തൊട്ടടുത്തു വരെ എത്തിനില്‍ക്കുന്ന സമയത്തായിരുന്നു അമേരിക്ക ഇടപെട്ട് കമ്പനിയെ പിന്നോട്ടോടിച്ചത്. തങ്ങളുടെ ടെക്‌നോളജി ഉപയോഗിച്ചാണ് വാവെയ് ബിസിനസ് നടത്തുന്നത് എന്നായിരുന്നു അമേരിക്കയുടെ ആരോപണം.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓഎസും ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടതോടെ കമ്പനി ഇല്ലാതായേക്കുമെന്നൊക്കെ തോന്നിപ്പിച്ച ഘട്ടം പോലുമുണ്ടായിരുന്നു. അമേരിക്ക 2019ലാണ് വാവെയ് കരിമ്പട്ടികയില്‍ പെടുത്തിയത്. മെയ്റ്റ് 70 സീരിസ് അവതരിപ്പിച്ചിരിക്കുന്നതാകട്ടെ, അമേരിക്ക ഏകദേശം 200 ചൈനീസ് കമ്പനികളെ ഉടന്‍ കരിമ്പട്ടികയില്‍ പെടുത്താന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതിനു ശേഷവുമാണ്.

കംപ്യൂട്ടര്‍ പ്രൊസസര്‍ നിര്‍മ്മാണ കമ്പനികളാണ് ഇവ. മെയ്റ്റ് 70 സീരിസിലുളളത് ഏതു പ്രൊസസര്‍ ആണെന്നതിനെക്കുറിച്ചുള്ളവിവരം വാവെയ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍, വാവെയ് ഇതിനു മുമ്പ് ഇറക്കിയ മെയ്റ്റ് 60 സീരിസ് കമ്പനി സ്വന്തമായി നിര്‍മ്മിച്ച കിരിന്‍ 6000 പ്രൊസസര്‍ ഉപയോഗിച്ചായിരുന്നു. ഇതിന് 5ജി അടക്കമുള്ള നൂതന സാങ്കേതികവിദ്യകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷിയുണ്ട്. പുതിയ സീരിസിലെ ചില ഫോണുകളിലെങ്കിലും, കിരിന്‍ 9010, കിരിന്‍ 9020  പ്രൊസസറുകളാണ് എന്നാണ് സൗത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇവയ്ക്ക് പുതിയ ക്വാല്‍കം, മീഡിയാടെക് പ്രൊസസറുകളോട് കിടപിടിക്കാനായേക്കില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

phone-look - 1

സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തില്‍ വാവെയ്

അമേരിക്കന്‍ ഉപരോധങ്ങള്‍ കുമിഞ്ഞുകൂടുന്നതിനിടയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിലാണ് വാവെയ് എന്ന് സിനെറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. തങ്ങളുടെ ഫോണുകളില്‍ പരമാവധി ചൈനാ-നിര്‍മ്മിത ഘടകഭാഗങ്ങള്‍ ഉള്‍ക്കൊള്ളിക്കാനാണ് കമ്പനി ഇപ്പോള്‍ ശ്രമിക്കുന്നത്. അടുത്തിടെ വാവെയ് ഫോണുകള്‍ തുറന്ന് ഘടകഭാഗങ്ങള്‍ പരിശോധിച്ചവര്‍ക്ക് മനസിലായ കാര്യമാണിത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായിരുന്ന കമ്പനി ശക്തമായ തിരിച്ചുവരവ് നടത്തിയത് മെയ്റ്റ് 60 സീരിസ് അവതരിപ്പിച്ചതോടെയാണ്. മടക്കാവുന്ന ഫോണുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 

ഹാര്‍മണിഓഎസ് നെക്‌സ്റ്റ്, ഹാര്‍മണി ഓഎസ് 4.3

ആന്‍ഡ്രോയിഡ് കോഡുകളും ആപ് സപ്പോര്‍ട്ടുമില്ലാതെ വാവെയ് സ്വന്തമായി വികസിപ്പിച്ച ഹാര്‍മണിഓഎസ് നെക്സ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റമാണ് പുതിയ ഉപകരണങ്ങളുടെ ചാലകശക്തി. എന്നാല്‍ ഹാര്‍മണി ഓഎസ് 4.3 സോഫ്റ്റ്‌വെയറിന് ആന്‍ഡ്രോയിഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാകും. മെയ്റ്റ് 70 ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് ഹാര്‍മണിഓഎസ് നെക്‌സ്റ്റ് ഉള്ള ഫോണ്‍ വേണോ അതോ ഹാര്‍മണി ഓഎസ് 4.3 ഉള്ള മോഡല്‍ മതിയോ എന്ന് തീരുമനിക്കാമെന്ന് വാവെയ് കണ്‍സ്യൂമര്‍ ബിസിനസ് വിഭാഗം മേധാവി റിച്ചഡ് യു പറഞ്ഞു. 

മെയ്റ്റ് 70 സീരിസ് എഐ ഫീച്ചറുകള്‍

മറ്റൊരു ഫോണിലും നലവിലില്ലാത്ത മുകളില്‍ കണ്ട ഫയല്‍ കൈമാറ്റ ഫീച്ചറിനു പുറമെ, ഈ കാലത്ത് ഒരു പ്രീമിയം ഫോണില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളെല്ലാം അണിയിച്ചൊരുക്കിയാണ് മെയ്റ്റ് 70 സീരിസ് പുറത്തിറക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിര്‍മ്മിത ബുദ്ധിയില്‍ (എഐ) പ്രവര്‍ത്തിപ്പിക്കുന്ന പ്രൊഡക്ടിവിറ്റി, കമ്മ്യൂണിക്കേഷന്‍ ഫീച്ചറുകളും ഇവയിലുണ്ട്. 

എഐ-കേന്ദ്രീകൃത തത്സമയ തര്‍ജ്ജമ, രത്‌നച്ചുരുക്കം, ഫോണ്‍ കോളിന് സ്ഫുടത വരുത്താനുള്ള നോയിസ് റിഡക്ഷന്‍ തുടങ്ങി ഒട്ടനവധി ഫീച്ചറുകള്‍ ഉണ്ട്. ഫോണിന്റെ ഈടുനില്‍ക്കല്‍ റേറ്റിങ് ഐപി68 ആണെങ്കില്‍, വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ് ഐപി69 ആണ്. സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ ഫീച്ചറുമുണ്ട്. ഇതുപയോഗിച്ച് മൊബൈല്‍ ടവറില്‍ നിന്നുള്ള സിഗ്നല്‍ ഇല്ലെങ്കിലും കോളുകള്‍ നടത്താം, എസ്എംഎസ് അയയ്ക്കാം.  

3.5 മടങ്ങ് സൂം ക്യാമറ

വാവെയ് മെയ്റ്റ് 70 പ്രോ പ്ലസ് മോഡലിന് 6.9-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണ് ഉള്ളത്.16ജിബി റാം, 5700എംഎഎച് ബാറ്ററി തുടങ്ങിയവയും ഉണ്ട്. 50എംപി പ്രധാന ക്യാമറ, 48എംപി പെരിസ്‌കോപ് ടെലിഫോട്ടോ ലെന്‍സ്, 40എംപി അള്‍ട്രാ വൈഡ് എന്നീ സെന്‍സറുകളുള്ള പിന്‍ക്യാമറാ സിസ്റ്റമാണ്ഉള്ളതെന്ന ജിഎസ്എം അരീന റിപ്പോര്‍ട്ട് ചെയ്യുന്നു. 

തല്‍ക്കാലം വില്‍പ്പന ചൈനയില്‍ ഒതുങ്ങും

വാവെയ് മെയ്റ്റ് 70 സീരിസിന്റെ വില്‍പ്പന തത്കാലം ചൈനയില്‍ മാത്രമായിരിക്കുമെന്നാണ് സിനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

English Summary:

Discover Huawei's groundbreaking Mate 70 series with gesture-controlled file transfer, HarmonyOS Next, and advanced AI features. Explore the future of smartphones.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com