ADVERTISEMENT

"When men and women are able to respect and accept their differences then love has a chance to blossom"

മാനവരാശി നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ലോകമെങ്ങും നടക്കുന്നുണ്ട്. വൈദ്യശാസ്ത്ര ഗവേഷണങ്ങളുടെ കാതലായ ഘട്ടങ്ങളിലൊന്നാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ. ഭാവിയിൽ ലോകം മുഴുവനും സൗഖ്യം നൽകാമെന്ന് സ്വപ്നം കാണുന്ന ഗവേഷകർ പലപ്പോഴും പരിഗണിക്കാത്ത ഒരു മേഖലയാണ്, സ്ത്രീകളെ പ്രത്യേകം പരിഗണിക്കുന്ന വനിതാവൈദ്യശാസ്ത്ര ഗവേഷണം. മനുഷ്യ ജാതിയിൽ സ്ത്രീക്കും പുരുഷനും സവിശേഷമായ പ്രത്യേകതകൾ ഉണ്ടെന്നത് കണക്കിലെടുക്കാതെയാണ് പല ഗവേഷണങ്ങളും നടക്കാറുള്ളത്. ചുരുക്കിപ്പറഞ്ഞാൽ വൈദ്യശാസ്ത്ര ഗവേഷണം പോലും മിക്കവാറും പുരുഷ കേന്ദ്രീകൃതം തന്നെയാണെന്നതാണ് വാസ്തവം.

പുരുഷനും സ്ത്രീയും ഒരുപോലെയോ?

നാഷനൽ ജിയോഗ്രഫി മാഗസിനിൽ എഴുതിയ ഒരു ലേഖനത്തിൽ, ഫിസിഷ്യനും ടെലിവിഷൻ പരമ്പരയുടെ നിർമാതാവുമായ സൊആൻ ക്ലാക്ക് സ്ത്രീകളുടെ ആരോഗ്യപരിപാലനം നേരിടുന്ന  കുറവുകളെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നു. ചരിത്രപരമായിത്തന്നെ പുരുഷമേധാവിത്വം നിലനിൽക്കുന്ന വൈദ്യശാസ്ത്രമെന്ന തൊഴിലിടത്തിൽ, ഗവേഷണത്തിന്റെ ഭാഗമായി നടക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മനുഷ്യരെ പ്രതിനിധാനം ചെയ്യുന്നത് മിക്കവാറും പുരുഷൻമാരായിരിക്കുമെന്ന് ക്ലാക്ക് പറയുന്നു. പ്രസ്തുത ഗവേഷണത്തിന്റെ ഫലം പുരുഷൻമാർക്കും സ്ത്രീകൾക്കും ബാധകമായിരിക്കുമെന്ന വിധമാണ് അവതരിക്കപ്പെടുന്നത്. ഇത് എപ്പോഴും അങ്ങനെയാകണമെന്നില്ല. 

sports-couple1
Image Credit: ViDI Studio/Shutterstock

ഉദാഹരണത്തിന്, ഒരു പ്രത്യേക മരുന്നിനെതിരെ മനുഷ്യശരീരം പ്രതികരിക്കുന്നതെങ്ങനെയെന്നു പഠിക്കുന്ന പരീക്ഷണം പുരുഷൻമാരിൽ നടത്തുന്നു. അതിൽനിന്നു ലഭിക്കുന്ന ഫലപ്രകാരമായിരിക്കും സ്ത്രീ ശരീരവും പ്രതികരിക്കുകയെന്ന് ഗവേഷകർ അനുമാനിക്കുന്നു. പക്ഷേ സ്ത്രീയും പുരുഷനും തമ്മിൽ ജീവശാസ്ത്രപരമായ വ്യതിയാനങ്ങൾ ഉള്ളതിനാൽ ഇത് എപ്പോഴും ശരിയാകണമെന്നില്ല.

സ്ത്രീകൾ ഒഴിവാക്കപ്പെടുന്നത് എന്തുകൊണ്ട്?

പ്രായപൂർത്തിയെത്തുന്നതോടെ സുരക്ഷാ കാരണങ്ങൾ മുന്നിൽകണ്ട് സ്ത്രീകളെ  ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മിക്കവാറും ഉൾപ്പെടുത്താറില്ല. ഹോർമോൺ വ്യത്യാസങ്ങൾ ഗവേഷണഫലത്തെ സ്വാധീനിക്കുമെന്ന കാരണത്താൽ സ്ത്രീകൾ പൊതുവിൽ മാറ്റിനിർത്തപ്പെടുന്ന പതിവാണുള്ളത്. സ്ത്രീകളെ കൂടുതലായി ക്ലിനിക്കൽ ട്രയലുകളിൽ ഉൾപ്പെടുത്തണമെന്ന് 1993-ൽ യുഎസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് അഭ്യർഥിച്ചത് ഈ വിഷയം ചർച്ചയിൽ കൊണ്ടുവന്നു.

woman-and-men - 1
Image Credit:Canva

സ്ത്രീകൾ താരതമ്യേന കൂടുതലായി ട്രയലുകളിൽ ചേർക്കപ്പെടുന്നതായി 2016-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. എങ്കിലും ജനസംഖ്യാനുപാതികമായി സ്ത്രീകൾ ട്രയലുകളിൽ ഉൾപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. ഒരു പ്രത്യേക ഉൽപന്നം സ്ത്രീശരീരത്തിൽ ഉപയോഗിക്കുന്നതിന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും പ്രത്യേകം പഠിക്കുന്ന പതിവില്ലായെന്നതും ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

എന്തുകൊണ്ട് സ്ത്രീകൾ പരിഗണിക്കപ്പെടണം

വനിതകൾക്കു  വേണ്ടിയുള്ള പ്രത്യേക വൈദ്യശാസ്ത്ര ഗവേഷണം കേവലം സാമൂഹിക പ്രാതിനിധ്യത്തിന്റെ പ്രശ്നമല്ല. സ്ത്രീശരീരത്തിന്റെ ജീവശാസ്ത്രപരമായ പ്രത്യേകതകൾ കാരണം മരുന്നുകളും മറ്റും അവരിലുണ്ടാകുന്ന ഫലവും പ്രതിപ്രവർത്തനവും വ്യത്യസ്തമായിരിക്കും. പലപ്പോഴും പുരുഷമാരേക്കാൾ കൂടുതൽ ദീർഘകാല രോഗങ്ങളും ഇമ്യൂൺ തകരാറുകളും സ്ത്രീകളിലാണ് കാണപ്പെടുന്നത്. 

അമേരിക്കയിൽ 38 ശതമാനം സ്ത്രീകൾക്ക് ഒന്നോ അതിലധികമോ ദീർഘകാല രോഗങ്ങളുള്ളപ്പോൾ പുരുഷൻമാരിൽ അത് 30 ശതമാനമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹൃദയരക്തധമനികളുമായി ബന്ധപ്പെട്ട ഹൃദ്‌രോഗാവസ്ഥകളും മരണനിരക്കും സ്ത്രീകളിലാണ് കൂടുതൽ. പക്ഷേ പുരുഷൻമാരിലെ ഇത്തരം രോഗങ്ങളിൽ ഗവേഷണം നടത്താനാണ് കൂടുതൽ ഫണ്ട് അനുവദിക്കപ്പെടുന്നത് എന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.

സ്ത്രീകൾക്ക് പ്രയോജനപ്പെടുമെന്ന അവകാശവാദത്തോടെ വിപണിയിലെത്തുന്ന പല മരുന്നുകളും ആരോഗ്യഉൽപന്നങ്ങളും പലപ്പോഴും ഗുണത്തേക്കാൾ അധികം ദോഷമാണ് സ്ത്രീകളിൽ വരുത്താറുള്ളത്. സ്ത്രീശരീരവുമായി ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങളുടെ അഭാവമാണ് ഇതിനു പ്രധാനകാരണം. ഇക്കാലത്ത് ഏറ്റവും സാധാരണയായി ഉപയോഗിക്കപ്പെടുന്ന മരുന്നുകൾ പോലും സ്ത്രീകളിലും പുരുഷൻമാരിലും നൽകുന്നത് വ്യത്യസ്ത ഫലങ്ങളാണെന്ന് പറയപ്പെടുന്നു. എന്നാൽ ഇതേക്കുറിച്ച് മരുന്ന് കുറിക്കുന്നവരും കഴിക്കുന്നവരും പലപ്പോഴും ബോധവാൻമാരുമല്ല. 

അളവിൽപോലും വ്യത്യാസമോ?

വർഷങ്ങളായി അമേരിക്കക്കാർ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്നതാണ് zolpidem എന്ന ഉറക്കഗുളിക. 2013 ൽ എഫ്ഡിഎ നൽകിയ നിർദേശമനുസരിച്ച്, സ്ത്രീകൾ കഴിക്കേണ്ട മരുന്നിന്റെ അളവ് രണ്ടിരട്ടിയാക്കി. അതു വരെ ആണും പെണ്ണും കഴിച്ചിരുന്നത് ഒരേ ഡോസായിരുന്നു. അതുപോലെ സ്ത്രീകളിൽ മരുന്നുകളുടെ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത 1.5 -1.7 ശതമാനം കൂടുതലാണെന്നും റിപ്പോർട്ടുകളുണ്ട്. സർവസാധാരണയായി ഉപയോഗിക്കപ്പെടുന്ന പാരസെറ്റമോൾ അളവിൽ കൂടുതൽ കഴിച്ചാൽ കരളിനുണ്ടാകാവുന്ന പ്രശ്നങ്ങൾ സ്ത്രീകളിൽ കൂടുതലാണത്രേ. 

അസറ്റമിനോഫെൻ (paracetamol) ഉപയോഗിക്കാൻ പുരുഷൻമാരുടെ കരളിന് കഴിവ് കൂടുതൽ ഉള്ളതാണ് കാരണം. സ്ത്രീയുടെ മനസ്സും ശരീരവും തികച്ചും സവിശേഷമാണെന്ന വസ്തുത ഉൾക്കൊള്ളുന്ന ഗവേഷണതന്ത്രങ്ങൾ വൈദ്യശാസ്ത്ര മേഖലയിൽ ഉൾപ്പെടു‌ത്തേണ്ടത് സ്ത്രീകളുടെ ആരോഗ്യപരിപാലനത്തിൽ ഏറെ പ്രധാനമാണെന്ന് ലോകം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. പുരുഷ കേന്ദ്രീകൃതമാകരുത്  വൈദ്യശാസ്ത്ര ഗവേഷണമെന്നും ‘ഫെമിനിസ്റ്റ് വൈദ്യശാസ്ത്രം’ വേണമെന്നുമുള്ള ആവശ്യം വരുംകാലത്തുണ്ടാകുമെന്ന് ഉറപ്പ്

English Summary:

Feminism, gender medicine and beyond: a feminist analysis of "gender medicine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com