ADVERTISEMENT

ഇന്ത്യയിൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകില്ലെങ്കിലും, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ അപൂര്‍വ സംഭവം ഓൺലൈനിൽ സൗജന്യമായി കാണാം.എല്ലാ വർഷവും, കുറഞ്ഞത് രണ്ട് മുതൽ അഞ്ച് വരെ സൂര്യഗ്രഹണങ്ങൾ ഉണ്ടാകും, എന്നാൽ പൂർണ്ണ ഗ്രഹണങ്ങൾ 18 മാസത്തിലൊരിക്കൽ മാത്രമേ സംഭവിക്കുകയുള്ളൂ, ഭൂമിയിലെ ഒരു സ്ഥലത്ത് 400 വർഷത്തിലൊരിക്കൽ മാത്രമേ പൂർണ സൂര്യഗ്രഹണം ഉണ്ടാകൂ. ഭൂമിയുടെ ഏകദേശം 70 ശതമാനവും വെള്ളത്തിനടിയിലായതിനാലും ഭൂമിയുടെ പകുതിയും വാസയോഗ്യമല്ലാതായതിനാലും, പൂർണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുന്നത് വളരെ അപൂർവമാണ്.

സമ്പൂർണ സൂര്യഗ്രഹണം ഓൺലൈനിൽ സൗജന്യമായി എങ്ങനെ കാണാം?

ഇന്ത്യയിലെ ആകാശ നിരീക്ഷകർക്ക് സൂര്യഗ്രഹണം ദൃശ്യമാകില്ലെങ്കിലും, കൊളംബിയ, സ്പെയ്ൻ, വെനിസ്വേല, അയർലൻഡ്, ഐസ്​ലൻഡ്, യുണൈറ്റഡ് കിംഗ്ഡം, ചില കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് ഭാഗിക ഗ്രഹണം കാണാൻ കഴിയും. പൂർണ്ണ സൂര്യഗ്രഹണം കാണാൻ താൽപര്യമുണ്ടെങ്കിൽ നാസയുടെ തത്സമയ സ്ട്രീമിലേക്ക് ട്യൂൺ ചെയ്യാവുന്നതാണ്. 

വിഭവസമൃദ്ധമായ സദ്യ

ഏപ്രില്‍ 8 ന് ഇന്ത്യന്‍ സമയം രാത്രി 9.13 മുതല്‍ ഏപ്രില്‍ 9 വെളുപ്പിന് 2.22 വരെയാണ് വിവിധ ഇടങ്ങളില്‍ ഗ്രഹണം ദൃശ്യമാകുന്നത്. ഈ പ്രതിഭാസത്തെക്കുറിച്ചുളള അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി, നാസ വിപുലമായ പല മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. അതിലൊന്നാണ് തത്സമയ ഓണ്‍ലൈൻ സ്ട്രീമിങ്. മൂന്നു മണിക്കൂര്‍ നേരത്തേക്ക് നിരവധി വടക്കനമേരിക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഫുട്ടേജ് നാസ തത്സമയം സംപ്രേക്ഷണം ചെയ്യും. 

(NASA/Aubrey Gemignani)
(NASA/Aubrey Gemignani)

കൂടാതെ, രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുമായി നടത്തുന്ന സംഭാഷണങ്ങള്‍, ഗ്രഹണവുമായി ബന്ധപ്പെട്ട് നാസ നടത്തുന്ന പരീക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒക്കെ ഈ സമയത്ത് പ്രക്ഷേപണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. അമേരിക്കയില്‍ പലയിടങ്ങളിലും ഗ്രഹണം ഒരുമിച്ചിരുന്നു കാണാന്‍ ആളുകളെ ക്ഷണിച്ചിട്ടുണ്ട്. സമ്പൂര്‍ണ ഗ്രഹണം വീക്ഷിക്കാവുന്ന പ്രദേശത്ത് നാസയുടെ ഒരു സെന്ററേ ഉള്ളൂ-ഒഹായോയിലെ ഗ്ലെന്‍ റീസേര്‍ച്ച് സെന്റര്‍. അവിടെനിന്ന ലൈവ് പ്രക്ഷേപണം ഉണ്ടായിരിക്കും. 

ഗ്രഹണ സമയത്ത് കമന്ററി കേള്‍ക്കണ്ട എന്നുള്ളവര്‍ക്കായി ടെലസ്‌കോപ്പില്‍ നിന്ന് നേരിട്ടുള്ള ഫുട്ടേജ് സംപ്രേഷണം ചെയ്യും. ഇത് നാസ ടെലിവിഷന്റെ മീഡിയ ചാനലിലും യൂട്യൂബിലും ലഭ്യമായിരിക്കും. ഡാളസ്, നയാഗ്ര ഫോള്‍സ്, മെക്‌സിക്കോ തുടങ്ങിയ ഇടങ്ങളില്‍ നിന്നായിരിക്കും വിഡിയോ. നാസാപ്ലസ് (NASA+), നാസാ ടിവി, നാസ വെബ്‌സൈറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇത് കാണാം. 

സ്‌പേസ് സ്റ്റേഷനിലിരുന്ന് വീക്ഷിക്കുന്നവരുടെ അനുഭവം, വിദഗ്ധരുടെ കാഴ്ചപ്പാടുകള്‍ തുടങ്ങി, സൂര്യഗ്രഹണത്തിന്റെ കാഴ്ചയും ഉള്‍ക്കാഴ്ചയും ഉള്‍പ്പെടുത്തിയുള്ള പ്രക്ഷേപണം ശാസ്ത്രപ്രേമികള്‍ക്ക് ആസ്വാദ്യമായിരിക്കുമെന്ന് നാസ കരുതുന്നു. നാസയുടെ ലൈവ് ഏപ്രില്‍ 8ന് രാത്രി 10.30 മുതല്‍ ഏപ്രില്‍ 9ന് വെളുപ്പിന് 1.30 വരെ ആയിരിക്കും. 

ചില കാര്യങ്ങള്‍

ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയ്ക്ക് കടന്നു പോകുന്ന സമയത്താണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് പൂര്‍ണ ഗ്രഹണം കാണാനാകുന്ന രാജ്യങ്ങളില്‍ സൂര്യൻ പൂര്‍ണമായി മറയുന്നു. ഈ സമയത്ത്, നേരം പുലരുമ്പോഴും ഇരുളുമ്പോഴും സംഭവിക്കുന്നതു പോലെ ആകാശം കാണപ്പെടും. ആകാശം മേഘാവൃതമല്ലെങ്കില്‍ ഗ്രഹണം നടക്കുമ്പോള്‍ സൂര്യന്റെ കൊറോണ അല്ലെങ്കില്‍ പുറമെയുള്ള മണ്ഡലം ദൃശ്യമാകും. സൂര്യപ്രഭ മൂലം ഇത് സാധാരണ സമയത്ത് കാണാനാവില്ല. പൂര്‍ണ ഗ്രഹണം നീണ്ടു നില്‍ക്കുക 4 മിനിറ്റും 27 സെക്കന്‍ഡും മാത്രമായിരിക്കും. കണ്‍ഡിഗ്യുയെസ് (contiguous) അമേരിക്കയില്‍ (രാജ്യത്തിന്റെ 'താഴെ' കിടക്കുന്ന 48 രാജ്യങ്ങള്‍ ഡിസ്ട്രിക്ടുകള്‍, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ, സെന്‍ട്രല്‍ നോര്‍ത് അമേരിക്ക എന്നീ പ്രദേശങ്ങള്‍) ഇനി 2044 ല്‍ മാത്രമേ ഇത്തരം ഒരു സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകൂ. 

The April 8, 2024, solar eclipse will be visible in the entire contiguous United States, weather permitting. People along the path of totality stretching from Texas to Maine will have the chance to see a total solar eclipse; outside this path, a partial solar eclipse will be visible. Credit: NASA
The April 8, 2024, solar eclipse will be visible in the entire contiguous United States, weather permitting. People along the path of totality stretching from Texas to Maine will have the chance to see a total solar eclipse; outside this path, a partial solar eclipse will be visible. Credit: NASA

സുരക്ഷ

വിദേശ മലയാളികള്‍ അടക്കം ഇത് വീക്ഷിക്കാനിടയുള്ളവരും ഇത്തരം സന്ദര്‍ഭങ്ങളില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ അറിഞ്ഞുവയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. സുരക്ഷിതമല്ലാത്ത ലെന്‍സുകള്‍ ഉപയോഗിച്ച് ഗ്രഹണം കണ്ടാല്‍ കാഴ്ചയ്ക്ക് സാരമായ തകരാര്‍ ഉണ്ടാകാം. അതിനാല്‍ ഇത് നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സന്ദര്‍ഭത്തിനായി ഉണ്ടാക്കിയ സോളാര്‍ ഫില്‍റ്ററുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. 

സേഫ് സോളാര്‍ വ്യൂവിങ് ഗ്ലാസസ് ആണ് വേണ്ടത്. ഇത് ഐഎസ്ഒ 12312-2 രാജ്യാന്തര ഗുണനിലവാരം ഉള്ളതായിരിക്കണം. സാധാരണ കൂളിങ് ഗ്ലാസുകള്‍ വച്ച് ഗ്രഹണം കാണാന്‍ ശ്രമിക്കരുത്. ഹാന്‍ഡ്‌ഹെല്‍ഡ് സോളാര്‍ വ്യൂവറുകളും വിപണിയില്‍ ലഭ്യമാണ്. ഗുണനിലവാരം ഉള്ളവ മാത്രം തിരഞ്ഞെടുക്കുക. വ്യാജ ഗ്ലാസുകള്‍ ധാരാളമായി ലഭ്യമാണ് എന്നും അതിനാല്‍ ശ്രദ്ധിച്ചു വേണം ഇത്തരം വ്യൂവറുകള്‍ വാങ്ങാന്‍.

മുകളില്‍ പറഞ്ഞവ ഇല്ലെങ്കില്‍ പിന്‍ഹോള്‍ പ്രൊജക്ടര്‍ പോലെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം. ഇത് സൂര്യന്റെ ഒരു ചിത്രം അടുത്തുള്ള ഒരു പ്രതലത്തിലേക്ക് പ്രൊജക്ട് ചെയ്യും. അതുവഴി, സൂര്യരശ്മികള്‍ നേരിട്ട് കണ്ണില്‍ പതിക്കുന്നില്ലെന്ന് ഉറപ്പാക്കാം.  ഇത്തവണ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ കണ്ടതിലേക്കും വച്ച് ഏറ്റവും ശ്രദ്ധേയമായ ദൃശ്യവിരുന്നു തന്നെ കാണാനായേക്കും. ഇത്തരം സന്ദര്‍ഭങ്ങളെ പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനുളള അവസരമായാണ് ശാസ്ത്രജ്ഞർ കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com