ADVERTISEMENT

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗയ ദൗത്യമാണ് ക്ഷീരപഥത്തിലെ തമോഗര്‍ത്തം കണ്ടെത്തിയിരിക്കുന്നത്. ഗയ ബിഎച്ച്3 എന്നു പേരിട്ടിരിക്കുന്ന ഈ തമോഗര്‍ത്തത്തിന് 33 സൂര്യന്മാരുടെ ഭാരമുണ്ടെന്നാണ് കണക്കാക്കുന്നത്. ക്ഷീരപഥത്തില്‍ കണ്ടെത്തിയ ഏറ്റവും വലിയ തമോഗര്‍ത്തങ്ങളിലൊന്നാണിത്.

ഗയ ദൗത്യം വഴി ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്താണ് ഗയ ബിഎച്ച്3 തമോഗര്‍ത്തത്തെ കണ്ടെത്തിയതെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ ജ്യോതി ശാസ്ത്രജ്ഞനായ പാസ്‌ക്വലെ പനുസോ പറഞ്ഞു. 'ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കണ്ടെത്തലാണ്. ഗുരുത്വ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങള്‍ക്കു വേണം നന്ദി പറയാന്‍' പനുസോ വിശദീകരിക്കുന്നു. 

ഭൂമിയില്‍ നിന്നും 2,000 പ്രകാശ വര്‍ഷം അകലെയാണ് ഈ തമോഗര്‍ത്തം സ്ഥിതി ചെയ്യുന്നത്. മറ്റു താരാപഥങ്ങളില്‍ ഇത്തരത്തിലുള്ള വലിയ തമോഗര്‍ത്തങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് ക്ഷീരപഥത്തില്‍ ഇങ്ങനെയൊരു തമോഗര്‍ത്തം കണ്ടെത്തുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയിലെ അംഗരാജ്യങ്ങളെല്ലാം ഗയ ദൗത്യത്തിലും പങ്കെടുക്കുന്നുണ്ട്. 

ഗയ ദൗത്യം വഴി കൃത്യതയുള്ള വിവരങ്ങള്‍ ലഭിച്ചതോടെയാണ് തമോഗര്‍ത്തത്തിന്റെ ഭാരം വരെ അസാധാരണ കൃത്യതയോടെ കണ്ടെത്താന്‍ സാധിച്ചത്. ക്ഷീരപഥത്തിന്റെ ഏറ്റവും കൃത്യവും സമഗ്രവുമായ 3ഡി ഭൂപടം സൃഷ്ടിക്കുകയെന്നതാണ് ഗയ ദൗത്യം വഴി ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ ലക്ഷ്യത്തിനപ്പുറത്തേക്ക് ഗയ ദൗത്യം വളരുന്നുവെന്നതിന്റെ തെളിവുകളാണ് പുതിയ കണ്ടെത്തലുകള്‍. 

ഗയ ദൗത്യം വഴിയുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിടാനിരിക്കയാണ്. കോടിക്കണക്കിന് നക്ഷത്രങ്ങള്‍ എങ്ങനെ ചലിക്കുന്നു? ഇവക്കിടയില്‍ എന്തെങ്കിലും അസാധാരണമായി സംഭവിക്കുന്നുണ്ടോ? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിക്കും. ഗ്രഹങ്ങളുടേയോ ചെറു നക്ഷത്രങ്ങളുടേയോ തമോഗര്‍ത്തങ്ങളുടേയോ സാമീപ്യമുണ്ടെങ്കില്‍ നക്ഷത്രങ്ങള്‍ വ്യത്യസ്തമായ രീതിയിലാണ് ചലിക്കുക. 

ഗയ ദൗത്യം വഴി ശേഖരിക്കുന്ന വിവരങ്ങള്‍ പരമാവധി കാര്യക്ഷമമായ രീതിയില്‍ സംസ്‌ക്കരിക്കാനുള്ള വഴികള്‍ ശാസ്ത്ര സമൂഹം തിരയുകയാണെന്ന് സ്വറ്റ്‌സര്‍ലണ്ടിലെ ജനീവ സര്‍വകലാശാലയിലെ ഗയ കൂട്ടായ്മയിലെ അംഗമായ ബേറി ഹോള്‍ സൂചിപ്പിച്ചു. ക്ഷീരപഥത്തിലെ പുതിയ തമോഗര്‍ത്തത്തിന്റെ കണ്ടെത്തല്‍ ഗയ ദൗത്യം വഴിയുള്ള വിവരങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പരിശോധിക്കാനുള്ള പ്രചോദനം ശാസ്ത്ര സമൂഹത്തിന് നല്‍കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com