സൗരയൂഥത്തിനു പുറത്ത് ഒരു സൂപ്പർഭൂമി; പാറക്കെട്ടുകൾ നിറഞ്ഞ ഗ്രഹത്തിന് അന്തരീക്ഷം
Mail This Article
സൗരയൂഥത്തിനു പുറത്ത് സ്ഥിതി ചെയ്യുന്ന എക്‌സോപ്ലാനറ്റ് അഥവാ പുറംഗ്രഹമായ 55 കാൻക്രിയിൽ അന്തരീക്ഷമുണ്ടാകുമെന്ന് ശാസ്ത്രജ്ഞരുടെ പഠനം. നാസ അടുത്തിടെ വിക്ഷേപിച്ചതും ലോകത്തെ ഏറ്റവും കരുത്തുറ്റതുമായ ജയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ് ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഈ സാധ്യത തെളിഞ്ഞത്. ഇതു സ്ഥിരീകരിച്ചാൽ സൗരയൂഥത്തിനു പുറത്ത് അന്തരീക്ഷത്തോടെ കണ്ടെത്തുന്ന ആദ്യ പാറക്കെട്ടുകൾ നിറഞ്ഞ ഗ്രഹമായി കാൻക്രി മാറും.
ഭൂമിയിലെ അന്തരീക്ഷം അതിലെ ജീവനെ നിലനിർത്തുന്നതിനും പരിപാലിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. സൂര്യന്‌റെ അപകടകരമായ കിരണങ്ങളിൽ നിന്നും ബഹിരാകാശത്തിന്‌റെ തീവ്രതയിൽ നിന്നും ഈ അന്തരീക്ഷം നമ്മെ രക്ഷിക്കുന്നു. നമ്മുടെ അയൽഗ്രഹമായ ചൊവ്വയ്ക്ക് വളരെ നേർത്ത അന്തരീക്ഷം മാത്രമാണ് ഉള്ളത്. ചൊവ്വയിൽ ജീവനില്ലാത്തതിനുള്ള ഒരു പ്രധാനകാരണം സാന്ദ്രതയേറിയ ഒരു അന്തരീക്ഷത്തിന്‌റെ അഭാവമാണെന്നു കാണാം.
എന്നാൽ ഇക്കാര്യങ്ങൾ വച്ചുകൊണ്ട് കാൻക്രിയിൽ ജീവനുണ്ടെന്ന വിലയിരുത്തലിലേക്ക് നമുക്ക് പോകാൻ കഴിയുകയില്ലെന്ന് ഗവേഷകർ പറയുന്നു.
ഉപരിതലത്തിൽ തിളച്ചുമറിയുന്ന ലാവാക്കടൽ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് കാൻക്രി. എന്നാൽ ഭൂമിയോട് സാമ്യമുള്ള പുറംഗ്രഹങ്ങളെ തേടാനുള്ള ജയിംസ് വെബിന്‌റെ ശ്രമങ്ങളിൽ നിർണായകമാണ് ഈ ഗ്രഹത്തിന്‌റെ കണ്ടെത്തൽ. ഭൂമിയുടെ ഇരട്ടിവലുപ്പവും ഏകദേശം 9 മടങ്ങ് ഭാരവുമുള്ള ഗ്രഹമാണ് കാൻക്രി. സൂര്യനെക്കാൾ വലുപ്പം കുറഞ്ഞ ഒരു നക്ഷത്രത്തെയാണ് ഇതു ചുറ്റിക്കറങ്ങുന്നത്. എന്നാൽ ഈ നക്ഷത്രവുമായി വളരെ അടുത്തു സ്ഥിതി ചെയ്യുന്നതിനാൽ കേവലം 18 മണിക്കൂറിൽ ഇതു ഭ്രമണം പൂർത്തിയാക്കും.
പക്ഷെ ഇത്രയും അടുത്തു സ്ഥിതി ചെയ്യുന്നതിനാൽ നക്ഷത്രത്തിൽ നിന്നുള്ള ചൂട് നല്ലരീതിയിൽ ഗ്രഹത്തിന്‌റെ ഉപരിതലത്തിൽ വീഴുന്നുണ്ട്. അതുകാരണം ഗ്രഹത്തിൽ പാറകൾ ഉരുകി മാഗ്മ സമുദ്രമായി മാറി. ധാരാളം അഗ്നിപർവതങ്ങൾ ഈ ഗ്രഹത്തിൽ സ്ഥിതി ചെയ്യുന്നുണ്ടെന്നാണു ഗവേഷകരുടെ പ്രാഥമിക വിലയിരുത്തൽ.
ഭൂമിയിലേക്ക് ചന്ദ്രന്‌റെ ഒരു വശം മാത്രമാണ് എപ്പോഴും തിരിഞ്ഞിരിക്കുന്നത്. ടൈഡൽ ലോക്കിങ് എന്ന പ്രതിഭാസം മൂലമാണിത്. ഇതേ പോലൊരു പ്രതിഭാസം താൻ ഭ്രമണം ചെയ്യുന്ന നക്ഷത്രവുമായി കാൻക്രി പുലർത്തുന്നുണ്ട്. അതിനാൽ തന്നെ ഗ്രഹത്തിന്‌റെ ഒരുഭാഗത്തേക്ക് എപ്പോഴും വെളിച്ചവും പ്രകാശവും പതിക്കുകയും മറ്റേഭാഗം ഇരുട്ടിൽ തുടരുകയും ചെയ്യുന്ന അവസ്ഥയാണ്.