ഹബ്ബിൾ ഇനി അധികം ജോലി ചെയ്യേണ്ട, റിട്ടയർമെന്റ് ഓഫർ; പക്ഷേ ഒരുനാൾ ഭൂമിയിൽ ഇടിച്ചിറക്കും
Mail This Article
ആകാശത്തെത്തിയിട്ട് 34 വർഷം പിന്നിട്ട ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പിന്റെ ജോലി കുറയ്ക്കാൻ നാസ. ദൗത്യത്തിന്റെ ദിശ നിയന്ത്രിക്കുന്ന 3 ഗൈറോസ്കോപ് ഉപകരണങ്ങളിൽ ഒരെണ്ണം പണിമുടക്കിയിരുന്നു. ശേഷിക്കുന്ന രണ്ട് ഗൈറോസ്കോപ്പുകളിൽ ഒരെണ്ണം മാത്രം ഇനി ദൗത്യത്തിന്റെ ദിശാനിയന്ത്രണത്തിനുപയോഗിക്കുമെന്ന് നാസ അറിയിച്ചു.ഇതോടെ ഹബ്ബിളിന്റെ മികവിൽ 12 ശതമാനം കുറവ് വരും. ഓരോ ആഴ്ചയും 84 ഭ്രമണങ്ങൾ 74 ആക്കി മാറ്റും. ഒരു ഗൈറോസ്കോപ് പ്രവർത്തിപ്പിക്കാതെ മാറ്റി വയ്ക്കും. നിലവിലേതിന് കേടുവരുമ്പോൾ ഇതുപയോഗിക്കും. ഇത്തരത്തിൽ 2035 വരെ ഹബ്ബിളിനെ പ്രവർത്തിപ്പിക്കാനാണ് നാസയുടെ തീരുമാനം.
1990 ഏപ്രിൽ 20നാണ് പ്രപഞ്ചനിരീക്ഷണത്തിനായി ഈ ഉപഗ്രഹത്തെ ഡിസ്കവറി എന്ന പേടകത്തിലേറ്റി നാസ സൗരയൂഥത്തിനും പുറത്തുമുള്ള പല വസ്തുക്കളുടെയും ചിത്രങ്ങൾ ഹബ്ബിൾ നമുക്ക് അയച്ചുതന്നിട്ടുണ്ട്.ഒരു സ്കൂൾ ബസ്സിന്റെ വലിപ്പമാണ് ഹബ്ബിളിനുള്ളത്.44 അടി നീളം, 14 അടി വീതി.10 ടൺ ഭാരവും.8 അടി പൊക്കമുള്ള ഒരു ഫോട്ടോഗ്രഫിക് കണ്ണാടിയും ടെലിസ്കോപ്പിലുണ്ട്.ഓരോ 97 മിനിറ്റിലും ഹബ്ബിൾ ഭൂമിയെ ഒരുതവണ വലം വയ്ക്കും. ഇതിൽ 60 മിനിറ്റ് പകലുള്ള പ്രദേശത്തിനു മുകളിലും 30 മിനിറ്റ് രാത്രിയുള്ള പ്രദേശത്തിനു മുകളിലുമാണ് ടെലിസ്കോപ് സ്ഥിതി ചെയ്യുന്നത്.
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണു ഹബ്ബിൾ നാസയ്ക്ക് അയച്ചുകൊടുക്കുക.പിന്നീട് അതിനു നിറം കൊടുത്തു ഭംഗിയാക്കും.1990ൽ ഹബ്ബിൾ ബഹിരാകാശത്തെത്തി ആദ്യചിത്രങ്ങൾ അയച്ചപ്പോഴാണ് നാസയ്ക്ക് ഒരു കാര്യം പിടികിട്ടിയത്. ടെലിസ്കോപ്പിന്റെ ലെൻസ് അത്ര സ്മൂത്തല്ല. അയയ്ക്കുന്ന പടങ്ങളെല്ലാം നല്ലതുപോലെ മങ്ങിയവ. സംഭവം വിവാദമാകുകയും നാസ നാണം കെടുകയും ചെയ്തു.മൂന്നു വർഷത്തിനു ശേഷം ഒരു ബഹിരാകാശ യാത്രിക സംഘത്തെ അയച്ച് കേട് പരിഹരിച്ചു.
2014ൽ ജോലി അവസാനിപ്പിക്കേണ്ടതായിരുന്നു ഹബ്ബിൾ. ഹബ്ബിളിന്റെ ഭ്രമണപഥം താഴ്ന്നു കൊണ്ടിരിക്കുകയാണ്. ഒരുനാൾ ഭൂമിയിൽ ഇടിച്ചിറക്കേണ്ടി വരും.സൗരയൂഥത്തിലെ കുള്ളൻഗ്രഹമായ ഈറിസിനെ ആദ്യമായി കണ്ടെത്തിയത് ഹബ്ബിളാണ്. സൗരയൂഥത്തിലെ പത്താംഗ്രഹമെന്ന നിലയിൽ സംഭവം പ്രശസ്തമായെങ്കിലും പിന്നീട് കുള്ളനാണെന്നു തെളിയിക്കപ്പെട്ടു.
ഹബ്ബിൾ ടെലിസ്കോപ്പിന് ആ പേരു കിട്ടിയത് അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ എഡ്വിൻ ഹബ്ബിളിൽ(1889–1953) നിന്നാണ്. 100 വർഷങ്ങൾക്കു മുൻപ് 1920ൽ എഡ്വിൻ തന്റെ ടെലിസ്കോപ്പുമായി ആകാശത്തിലെങ്ങും നിരീക്ഷണം നടത്തി.അയൽ ഗാലക്സിയായ ആൻഡ്രോമീഡയിലെ സെഫീഡ് വേരിയബിൾ എന്ന നക്ഷത്രത്തെ അദ്ദേഹം അന്നു കണ്ടെത്തി.
വലിയ കണ്ടുപിടിത്തമായിരുന്നു അത്. അതോടെ ആകാശഗംഗ എന്നത് പ്രപഞ്ചത്തിലെ അനേകം ഗാലക്സികളിൽ ഒന്നു മാത്രമാണെന്നു തെളിയിക്കപ്പെട്ടു.ഗലീലിയോയ്ക്ക് ശേഷം ലോകം കണ്ട ഏറ്റവും മികച്ച വാനനിരീക്ഷകൻ എന്ന ബഹുമതി ഇതോടെ അദ്ദേഹത്തിനു സ്വന്തമായി.വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട് ഐൻസ്റ്റീന്റെ റിലേറ്റിവിറ്റി തിയറി പോലുള്ള കണ്ടെത്തലുകളെയും ഹബ്ബിളിന്റെ പഠനങ്ങൾ സഹായിച്ചിട്ടുണ്ട്.