ബുധനും സൂര്യനുമിടയിൽ സ്ഥിതി ചെയ്തെന്ന് കരുതിയ വൾക്കൻ! മോഹിപ്പിച്ച ഇല്ലാഗ്രഹം
Mail This Article
ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവയായിരുന്നു മനുഷ്യർക്ക് ഭൂമിയല്ലാതെ പണ്ട് അറിയാവുന്ന ഗ്രഹങ്ങൾ. എന്നാൽ ശാസ്ത്ര സാങ്കേതിക വിദ്യ വികസിച്ചതോടെ പത്തൊൻപതാം നൂറ്റാണ്ടിൽ യുറാനസ്, നെപ്റ്റിയൂൺ എന്നീ ഗ്രഹങ്ങളെയും കണ്ടെത്തി. ഗ്രഹങ്ങൾ ഇനിയും മറഞ്ഞിരിക്കാമെന്ന ചിന്ത ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രബലമായി.ഇന്നും നെപ്റ്റിയൂണിനപ്പുറം പ്ലാനറ്റ് 9 എന്നൊരു ഗ്രഹം ഉണ്ടാകാനുള്ള സാധ്യതയിൽ ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നുണ്ട്.
എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിലും മറ്റും സൂര്യനും ബുധഗ്രഹത്തിനുമിടയിൽ ഒരു ഗ്രഹം സ്ഥിതി ചെയ്യുന്നുണ്ടെന്നായിരുന്നു ജ്യോതിശ്ശാസ്ത്രജ്ഞരുടെ ചിന്ത. വൾക്കൻ എന്നാണ് ഈ ഗ്രഹത്തിനു നൽകപ്പെട്ട പേര്.ന്യൂട്ടോണിയൻ ഗുരുത്വനിയമങ്ങൾ അന്നു ജ്യോതിശ്ശാസ്ത്രജ്ഞർ തങ്ങളുടെ ഗവേഷണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന കാലമാണ്. ന്യൂട്ടോണിയൻ നിയമങ്ങൾ ഉപയോഗിച്ച് ബഹിരാകാശവസ്തുക്കളുടെ ഭ്രമണപഥങ്ങളും മറ്റും ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.
അക്കാലത്ത് അർബെയ്ൻ ലെ വെറിയർ എന്ന ശാസ്ത്രജ്ഞൻ നെപ്റ്റിയൂണിനെ ഈ വിധം കണ്ടെത്തി. യുറാനസിന്‌റെ സഞ്ചാരദിശ ന്യൂട്ടോണിയൻ തത്വങ്ങൾപ്രകാരം ഇങ്ങനെയായിരുന്നില്ല വേണ്ടതെന്നും ഏതോ ഒരു വലിയ ഗ്രഹം അതിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നുമായിരുന്നു വെറിയറുടെ പ്രാഥമിക നിഗമനം. പിന്നീട് ടെലിസ്‌കോപ് ഉപയോഗിച്ച് ഇതു കണ്ടെത്തുകയും ചെയ്തു.
ഇതോടെ വെറിയർ അക്കാലത്തെ ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രശസ്തനായി മാറി.
ബുധഗ്രഹത്തിന്‌റെ ഭ്രമണപഥത്തിലും ഇതുപോലൊരു പിഴവുണ്ടായിരുന്നു. ഇതിനു കാരണം സൂര്യനും ബുധനുമിടയിലുള്ള വൾക്കൻ എന്ന ഗ്രഹം മൂലമാണെന്ന് വെറിയർ പ്രഖ്യാപിച്ചതോടെ ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഇടയിൽ ഇതിനായുള്ള ഒരു വൻകിട തിരച്ചിൽ തുടങ്ങി.
ജ്യോതിശ്ശാസ്ത്ര ഗവേഷകരും അക്കാലത്തെ അമച്വർ ജ്യോതിശ്ശാസ്ത്രജ്ഞരുമൊക്കെ വൾക്കൻ കണ്ടെത്താനായി ടെലിസ്‌കോപ്പുകളുമായി നിരന്തര ഗവേഷണം തുടങ്ങി.
ഇടക്കാലത്ത് ഒരു ശാസ്ത്രജ്ഞൻ വൾക്കൻ കണ്ടെത്തിയെന്ന നിലയിൽ വെറിയറെ ബന്ധപ്പെട്ടു. വെറിയർ ഈ ഗ്രഹത്തിന്‌റെ ഭ്രമണപഥവും മറ്റും കണക്കാക്കുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിലെ ജ്യോതിശ്ശാസ്ത്രജ്ഞരിൽ പലരും വൾക്കൻ ഉണ്ടെന്നു തന്നെ വിശ്വസിച്ചു. സൂര്യന്‌റെ കടുത്ത പ്രകാശം കാരണം ഇതിനെ കാണാൻ പറ്റാത്തതാണെന്നായിരുന്നു അന്നത്തെ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. സൂര്യഗ്രഹണം ഉണ്ടാകുന്ന ഘട്ടത്തിൽ ഇതിനെ കൂടുതൽ വ്യക്തമായി കാണാമെന്നും പലരും കരുതി.
എന്നാൽ കാലങ്ങൾ കടന്നുപോയിട്ടും ഇതു വെളിപ്പെടാതായതോടെ വൾക്കൻ എന്ന ഗ്രഹസങ്കൽപം പതിയെ ഉപേക്ഷിക്കപ്പെട്ടു. പിൽക്കാലത്ത് ഭൗതികശാസ്ത്രത്തിൽ തന്നെ വിപ്ലവം സൃഷ്ടിച്ച് ഐൻസ്റ്റൈൻ ആപേക്ഷികതാ സിദ്ധാന്തം മുന്നോട്ടുവച്ചതോടെ മെർക്കുറിയുടെ ഭ്രമണപഥത്തിലെ പ്രശ്‌നവും വിശദീകരിക്കാൻ പറ്റി. ഇതോടെ വൾക്കൻ ഇല്ലാത്ത ഒരു സാങ്കൽപികഗ്രഹമാണെന്നുള്ള വസ്തുത സ്ഥിരീകരിക്കപ്പെട്ടു.