ആയിരംപേരെ ശുക്രനിലേക്ക് അയക്കുമെന്ന് ഓഷൻഗേറ്റ് സഹസ്ഥാപകന്‍; ടൈറ്റൻപേടക ദുരന്തത്തിന്റെ ഓര്‍മയിൽ ലോകം
Mail This Article
2050 ആവുമ്പോഴേക്കും 1,000 മനുഷ്യരെ ശുക്രനിലേക്ക് അയക്കാനാവുമെന്ന അവകാശവാദവുമായി ഓഷൻഗേറ്റ് സഹസ്ഥാപകന്‍ ഗ്വില്ലര്‍മോ സോഹ്‌ലെന്‍. 2009ല്‍ സോഹ്‌ലെനും സ്‌റ്റോക്ടണ്‍ റഷും ചേര്‍ന്നാണ് ഓഷൻ ഗേറ്റ് സ്ഥാപിക്കുന്നത്. ആഴക്കടലില്‍ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയി ദുരന്തമായ ടൈറ്റന്‍ പേടകത്തിലെ യാത്രികരിലൊരാളായിരുന്നു സ്റ്റോക്ടണ്‍ റഷ്. അടിസ്ഥാനപരമായ സുരക്ഷയുടെ നിരവധി ചോദ്യങ്ങള്‍ ഉയരുമ്പോഴും ശുക്രനിലേക്കുള്ള യാത്രക്കായുള്ള 'രാജ്യാന്തര കൂട്ടായ്മ' സൃഷ്ടിച്ചെടുക്കാനുള്ള തിരക്കിലാണ് സോഹ്‌ലെന്‍.
സുരക്ഷിതമായും കുറഞ്ഞ ചിലവിലും ശുക്രനിലേക്കുള്ള യാത്ര നമുക്ക് ഇന്നു തുടങ്ങാമെന്നാണ് ബ്ലോഗ് പോസ്റ്റില്‍ സോഹ്‌ലെന്‍ പറയുന്നത്. ഭൂമിയുടെ ഇരട്ടയെന്ന വിളിപ്പേരുണ്ടെങ്കിലും ഉയര്‍ന്ന താപനിലയും മര്‍ദവുമുള്ള ശുക്രന്‍ മനുഷ്യന് വാസയോഗ്യമല്ലാത്ത ഗ്രഹമായാണ് പൊതുവില്‍ കണക്കാക്കപ്പെടുന്നത്. ഈയം വരെ ഉരുക്കുന്ന അന്തരീക്ഷ താപനിലയും സള്‍ഫ്യൂറിക് ആസിഡ് നിറഞ്ഞ അന്തരീക്ഷവുമുള്ള ഗ്രഹമാണിത്. എന്നാല്‍ വലുപ്പം അടക്കം ഭൂമിയോട് പലകാര്യങ്ങളിലും ചേര്‍ന്നു നില്‍ക്കുന്ന ഗ്രഹമാണ് ശുക്രന്‍.
ഭൂമിയില്‍ നിന്നും ഏകദേശം 24 ദശലക്ഷം മൈല്‍(3.86 കോടി കിമി) അകലെയുള്ള ശുക്രനിലെത്താന്‍ മാസങ്ങളെടുക്കും. യാത്രാ സമയത്തേക്കാള്‍ മോശം കാലാവസ്ഥയാണ് ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹമായിട്ടും ശുക്രനിലേക്കുള്ള യാത്രകളില്‍ നിന്നും ബഹിരാകാശ ഏജന്‍സികളെ പിന്നോട്ടു വലിക്കുന്നത്. 464 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയും ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 3,000 അടി വരെ താഴ്ച്ചയില്‍ അനുഭവപ്പെടുന്ന ഉയര്‍ന്ന മര്‍ദവുമാണ് ശുക്രനിലെത്തുന്നവരെ കാത്തിരിക്കുന്നത്.
അതിന് ശുക്രനില്‍ ആരിറങ്ങുന്നുവെന്നാണ് സോഹ്‌ലെന്റെ ചോദ്യം. ശുക്രന്റെ 50 കിമി അകലത്തിലായി അന്തരീക്ഷത്തില്‍ ഒഴുകുന്ന മനുഷ്യ കോളനികള്‍ സൃഷ്ടിക്കാമെന്നാണ് വാദം. ഈ ഉപരിതലത്തില്‍ ഏകദേശം ഭൂമിയുടേതിന് 98 ശതമാനം യോജിക്കുന്ന കാലാവസ്ഥായാവും ഉണ്ടാവുകയെന്നും ഇത് മനുഷ്യര്‍ക്ക് താമസിക്കാന്‍ അനുയോജ്യമാണെന്നുമാണ് സോഹ്‌ലെന്‍ വാദിക്കുന്നത്. ശുക്രനില്‍ നിന്നും ഈ അകലത്തില്‍ നിന്നാല്‍ ഭൂമിയുടേതിന് സമാനമായ വായു മര്‍ദവും താപനിലയും(30-50° സെല്‍ഷ്യസ്) ആണ് ഉണ്ടാവുക.
ആസിഡിനെ പ്രതിരോധിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് പേടകങ്ങള്‍ നിര്‍മിച്ചാല്‍ സള്‍ഫ്യൂരിക് ആസിഡ് മേഘങ്ങളേയും പ്രതിരോധിക്കാനാവും. ഈ മേഘങ്ങളില്‍ നിന്നും കുടിവെള്ളം വേര്‍തിരിച്ചെടുക്കാമെന്നു സോഹ്‌ലെന്‍ പറയുന്നു. മനുഷ്യന് താമസിക്കാനും കോളനികള്‍ സ്ഥാപിക്കാനും ചൊവ്വയേക്കാള്‍ മെച്ചപ്പെട്ട ഗ്രഹം ശുക്രനാണെന്നും സോഹ്‌ലെന്‍ വാദിക്കുന്നുണ്ട്. ഭൂമിയോട് കൂടുതല്‍ അടുത്തുള്ള ഗ്രഹം ശുക്രനാണ്. ഭൂമിയുടേതിന് ഏതാണ്ട് തുല്യമായ ഭ്രമണപഥമാണ് ശുക്രനുള്ളത് അതുകൊണ്ട് കുറഞ്ഞ ചിലവിലും എളുപ്പത്തിലും ഇവിടേക്കെത്താനാവുമെന്നുമാണ് സോഹ്‌ലെന്‍ പറയുന്നത്.
ശുക്രന്റെ അന്തരീക്ഷത്തില്‍ മനുഷ്യ കോളനികള്‍ സ്ഥാപിക്കുന്ന പദ്ധതി നാസക്കും ഉണ്ടായിരുന്നു. HAVOC(ഹൈ ആള്‍ട്ടിറ്റിയൂഡ് വീനസ് ഓപറേഷണല്‍ കണ്‍സെപ്റ്റ്) എന്നറിയപ്പെട്ടിരുന്ന ഈ പദ്ധതി 2015ലാണ് നാസ എന്‍ജിനീയര്‍മാര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ പിന്നീട് പ്രായോഗിക നിര്‍ദേശങ്ങളുടെ അഭാവത്തെ തുടര്‍ന്ന് ഇത് കടലാസില്‍ ഒതുങ്ങുകയായിരുന്നു. 2050 ആവുമ്പോഴേക്കും ആയിരം മനുഷ്യരെ ശുക്രനിലേക്ക് അയക്കാനാവുമെന്ന സ്വപ്‌നം കാണുകയാണ് ഗ്വില്ലര്‍മോ സോഹ്‌ലെന്‍.