ADVERTISEMENT

വര്‍ഷങ്ങളോളം ഒരേ പാതയില്‍ ഒഴുകുന്ന നദികള്‍ പല കാരണങ്ങളെകൊണ്ട് വഴി മാറി ഒഴുകാറുണ്ട്. എക്കല്‍ വലിയ തോതില്‍ അടിയുന്നതും പെരുംമഴയും തുടങ്ങി ഭൂകമ്പം വരെ വഴിമാറാന്‍ നദികളെ പ്രേരിപ്പിക്കാറുണ്ട്. ഗംഗയെ പോലുള്ള മഹാനദികള്‍ ഇങ്ങനെ വഴി മാറിയാല്‍ ഇന്ന് പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ അത് നേരിട്ട് ബാധിക്കും. ഏതാണ്ട് 2,500 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഒരു ഭൂകമ്പത്തെ തുടര്‍ന്ന് ഗംഗ അങ്ങനെ മാറി ഒഴുകിയിരുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

നാച്ചുര്‍ കമ്മ്യൂണിക്കേഷനിലാണ് പഠനം പൂര്‍ണ രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാഹനിങ്കന്‍ സര്‍വകലാശാലയിലെ(Wageningen University) ഭൗമശാസ്ത്രജ്ഞയായ എലിസബത്ത് ചെംബര്‍ലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിനു പിന്നില്‍. നദികള്‍ സഹസ്രാബ്ദങ്ങളുടെ ഇടവേളകളില്‍ മാറിയൊഴുകുന്നത് സ്വാഭാവികമാണെന്ന് എലിസബത്ത് ചെംബര്‍ലിന്‍ പറയുന്നു.

ganga - 1

'പതിറ്റാണ്ടുകളെടുത്താണ് നദികള്‍ മാറി ഒഴുകുക. സാധാരണ ഇത് വലിയ നദികളുടെ കൈവഴികളിലാണ് സംഭവിക്കാറ്. ഗംഗയെ പോലുള്ള മഹാനദികള്‍ എളുപ്പം പുതുവഴി തെരഞ്ഞെടുക്കാറില്ല' പഠനത്തിന്റെ ഭാഗമായ കൊളംബിയ സര്‍വകലാശാലയിലെ ജിയോഫിസിസിസ്റ്റ് മൈക്കല്‍ സ്റ്റെക്ലര്‍ പറയുന്നു. അപൂര്‍വമായാണ് നദികളുടെ വഴി മാറലിനു പിന്നില്‍ ഭൂകമ്പമാണെന്ന് കണ്ടെത്താനായിട്ടുള്ളത്. അങ്ങനെയൊന്നാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

തികച്ചും അവിചാരിതമായാണ് ഇങ്ങനെയൊരു കണ്ടെത്തലുണ്ടായതെന്നതും ശ്രദ്ധേയമാണ്. ഗംഗയുടെ പഴയ കൈവഴികളെക്കുറിച്ചു പഠിക്കുന്നതിനിടെ എലിസബത്ത് ചെംബര്‍ലിന്റേയും കൂട്ടാളികളുടേയും ശ്രദ്ധയില്‍ ചില സാറ്റലൈറ്റ് ചിത്രങ്ങള്‍ സവിശേഷ ശ്രദ്ധ നേടി. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്നും നൂറുകിലോമീറ്ററോളം തെക്കുമാറിയുള്ള പ്രദേശത്ത് വലിയൊരു കുളം കുഴിക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളായിരുന്നു അത്. ഭൂകമ്പത്തെ തുടര്‍ന്നുള്ള സവിശേഷ അടയാളങ്ങള്‍ ഈ പ്രദേശങ്ങളിലെ ഭൗമ പാളികളിലുള്ളത് ഈ ചിത്രങ്ങളില്‍ വ്യക്തമായിരുന്നു.

കഴിഞ്ഞ ഇരുപതു വര്‍ഷമായി ഇത്തരമൊരു തെളിവിനായി തേടിക്കൊണ്ടിരിക്കുകയാണെന്നാണ് ചെംബര്‍ലിന്‍ പറുന്നത്. ആ പ്രദേശത്തെത്തി കൂടുതല്‍ പഠനം നടത്തിയതോടെ കൂടുതല്‍ രഹസ്യങ്ങള്‍ ഗവേഷകര്‍ക്കു മുമ്പാകെ തെളിഞ്ഞു വരികയായിരുന്നു. കുളം കുഴിച്ച പ്രദേശത്തിന്റെ മണ്ണില്‍ നടത്തിയ പഠനത്തില്‍ നിന്നും ഏകദേശം 2,500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂകമ്പം അവിടെ സംഭവിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ ലഭിച്ചു. മാത്രമല്ല ഇതിനു താഴെ നിന്നും ലഭിച്ച എക്കല്‍ മണ്ണിന് അത്രയും വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഗംഗയുടെ തീരത്തെ എക്കലിനോട് സാമ്യതയുണ്ടായിരുന്നു.

ഒറ്റനോട്ടത്തില്‍ നദിയുടെ യാതൊരു തെളിവുമില്ലാത്ത ആ പ്രദേശത്തെ മണ്ണിനടിയിലെ പാളികളില്‍ ഒളിച്ചിരുന്നിരുന്ന തെളിവുകളാണ് ഗവേഷകര്‍ ഇതോടെ തെരഞ്ഞു കണ്ടു പിടിച്ചിരിക്കുന്നത്. ഇന്ന് ഗംഗ ഒഴുകുന്നതിന്റെ 85 കിലോമീറ്റര്‍ അകലെ കൂടെയായിരുന്നു 2,500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒഴുകിയിരുന്നത് എന്നതാണ് കണ്ടെത്തല്‍. കാരണമാവട്ടെ അന്നുണ്ടായ ഭൂകമ്പവും.

ganga1 - 1

ബംഗ്ലാദേശില്‍ പത്മ എന്നറിയപ്പെടുന്ന ഗംഗാ നദി ഒഴുകുന്ന പ്രദേശങ്ങളില്‍ ഭൂകമ്പങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇനിയും വലിയ ഭൂകമ്പങ്ങള്‍ സംഭവിക്കാനും നദി പുതിയ മേഖലകളിലൂടെ ഒഴുകാനുമുള്ള സാധ്യത ഗവേഷകര്‍ തള്ളിക്കളയുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ അത് വലിയ ദുരന്തത്തിലാവും കലാശിക്കുക. ഗംഗയുടെ കൈവഴിയായ കോസി നദി 2008ല്‍ വഴി മാറി ഒഴുകിയത് ബീഹാറില്‍ ദുരന്തകാരണമായിരുന്നു. അന്ന് ഭൂകമ്പമല്ല മറിച്ച് ശക്തമായ മണ്‍സൂണ്‍ മഴയാണ് കോസിയെ വഴിതെറ്റിച്ചത്. ബിഹാറിന്റെ ചരിത്രത്തില്‍ 50 വര്‍ഷത്തിനിടെ സംഭവിച്ച ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ 500ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും പത്തു ലക്ഷത്തോളം മനുഷ്യര്‍ക്ക് പുതിയ താമസസ്ഥലം തേടി പോവേണ്ടി വരികയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com