ഫോൺ നഷ്ടപ്പെട്ടോ?, പേരിൽ മറ്റൊരു കണക്‌ഷൻ ഉണ്ടോയെന്ന് സംശയം; നിരവധി കാര്യങ്ങള്‍ അറിയാൻ സഞ്ചാർസാഥി
Mail This Article
സ്വന്തംപേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോയെന്നറിയാം, അല്ലെങ്കില്‍ ഫോൺ നഷ്ടപ്പെട്ടെങ്കിൽ ബ്ലോക് ചെയ്യാം. ഇതിനെല്ലാം കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ സഹായിക്കും. നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്താൽ മോഷ്ടാവിന് മറ്റ് സിം കാർഡ് ഉപയോഗിച്ചും ഫോൺ ഉപയോഗിക്കാനാവില്ല. ഫോൺ തിരിച്ചുകിട്ടിയാൽ അൺബ്ലോക്ക് ചെയ്യാം. എന്തൊക്കെ സേവനങ്ങൾ ലഭിക്കുമെന്ന് പരിശോധിക്കാം.
'നോ യുവർ മൊബൈൽ കണക‍്ഷൻസ്'
sancharsaathi.gov.in എന്ന വെബ്സൈറ്റിൽ 'നോ യുവർ മൊബൈൽ കണക‍്ഷൻസ്' ക്ലിക് ചെയ്യുക. മൊബൈൽ നമ്പറും ഒടിപിയും നൽകുന്നതോടെ അതേ കെവൈസി രേഖകൾ ഉപയോഗിച്ച് എടുത്ത മറ്റു കണക‍്ഷനുണ്ടെങ്കിൽ അവ കാണിക്കും. നമ്മൾ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കിൽ ‘നോട്ട് മൈ നമ്പർ’ എന്നു കൊടുത്താലുടൻ ടെലികോം കമ്പനികൾ ആ സിം കാർഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടർനടപടി സ്വീകരിക്കും.
സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുമ്പോൾ
സെക്കൻഡ് ഹാൻഡ് വിപണിയിൽ നിന്നു ഫോൺ വാങ്ങുമ്പോൾ അവ കരിമ്പട്ടികയിൽപെട്ടതല്ലെന്ന് ഉറപ്പാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്. ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി) നമ്പറും മൊബൈൽ നമ്പറും bit.ly/imeiveri എന്ന ലിങ്കിൽ നൽകിയാൽ അതിന്റെ തൽസ്ഥിതി അറിയാം.ഐഎംഇഐ നമ്പർ അറിയാൻ *#06# ഡയൽ ചെയ്യണം.
ഐഎംഇഐ ഡ്യൂപ്ലിക്കേറ്റ്, ബ്ലാക് ലിസ്റ്റഡ്, ഓൾറെഡി ഇൻ യൂസ് എന്നിങ്ങനെ കാണിച്ചാൽ വാങ്ങരുത്.നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യാൻനഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ www.sancharsaathi.gov.in എന്ന സൈറ്റിൽ ‘ബ്ലോക് യുവർ ലോസ്റ്റ്/സ്റ്റോളൻ മൊബൈൽ’ എന്ന ടാബ് ഉപയോഗിക്കുക. പൊലീസിൽ നൽകിയ പരാതിയുടെ പകർപ്പും അപ്‍ലോഡ് ചെയ്യണം. ബ്ലോക്ക് ചെയ്താൽ പുതിയ സിം ഇട്ടാലും പ്രവർത്തിക്കില്ല.
ബ്ലോക്ക്/അൺബ്ലോക്ക് ചെയ്യാൻ
∙ പൊലീസിൽ പരാതി നൽകിയശേഷം അതിന്റെ പകർപ്പെടുത്ത് സൂക്ഷിക്കുക.
∙ നഷ്ടപ്പെട്ട സിം കാർഡിന്റെ ഡ്യൂപ്ലിക്കറ്റ് ഉടൻ എടുക്കുക. സഞ്ചാർ സാഥിയിൽ റജിസ്റ്റർ ചെയ്യുമ്പോൾ ഒടിപി ഇതിലേക്കായിരിക്കും വരിക.
∙ www.sancharsaathi.gov.in എന്ന സൈറ്റിൽ 'ബ്ലോക്ക് യുവർ ലോസ്റ്റ്/സ്റ്റോളൻ മൊബൈൽ' എന്ന ടാബ് തുറക്കുക. നഷ്ടപ്പെട്ട ഫോണിലെ മൊബൈൽ നമ്പറുകൾ, ഐഎംഇഐ നമ്പറുകൾ (*#06# ഡയൽ ചെയ്താൽ അറിയാം), പരാതിയുടെ പകർപ്പ്, ബ്രാൻഡ്, മോഡൽ, ഇൻവോയ്സ്, പൊലീസ് സ്റ്റേഷൻ വിവരം, ഐഡി പ്രൂഫ്, ഒടിപി അടക്കം നൽകി സബ്മിറ്റ് ചെയ്യുക. ലഭിക്കുന്ന റിക്വസ്റ്റ് ഐഡി സൂക്ഷിക്കുക.പൊലീസ് വഴി നിലവിൽ സമാന റിക്വസ്റ്റ് പോയിട്ടുണ്ടെങ്കിൽ "Request already exist for.." എന്ന മെസേജ് ലഭിക്കും.
∙ഫോൺ തിരികെ ലഭിച്ചാൽ Unblock found mobile എന്ന ഓപ്ഷനിൽ 'ബ്ലോക്കിങ് റിക്വസ്റ്റ് ഐഡി' അടക്കം നൽകുക.