ADVERTISEMENT

ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്താനായി നാസ പദ്ധതിയിട്ടിരുന്ന റോവർ ദൗത്യമായ വൈപ്പർ റദ്ദാക്കി. ആസ്ട്രോബയോട്ടിക് ടെക്നോളജി എന്ന സ്വകാര്യകമ്പനിയുടെ ലാൻഡറുമായി ബന്ധിപ്പിക്കപ്പെട്ട നിലയിൽ റോവർ അയയ്ക്കാനായിരുന്നു നാസയുടെ ലക്ഷ്യം.ഇതുവരെ 45 കോടി യുഎസ് ഡോളർ ഈ റോവറിന്റെ നിർമാണത്തിനായി നാസ ചെലവാക്കിയിരുന്നു. എന്നാൽ വീണ്ടും വലിയ തോതിൽ ചെലവും കാലതാമസവും വരുമെന്ന അവസ്ഥ വന്നതോടെയാണ് പദ്ധതി റദ്ദാക്കിയത്.2023ൽ ഈ റോവർ ചന്ദ്രനിലേക്ക് വിടാനായിരുന്നു നാസയുടെ ലക്ഷ്യം. എന്നാൽ പിന്നീട് ഈ വർഷത്തേക്കു നീട്ടി. എന്നാൽ ഈ വർഷവും നടക്കില്ലെന്ന് ഉറപ്പായതോടെ നാസ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ചാന്ദ്രപര്യവേക്ഷണം എന്ന പ്രക്രിയയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് നാസ അറിയിച്ചിട്ടുണ്ട്. മറ്റു പദ്ധതികൾ പൂർവാധികം ഭംഗിയോടെ തുടരുമെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്

Credit: NASA
Credit: NASA

അരനൂറ്റാണ്ട് നീണ്ട ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്കു വീണ്ടും മനുഷ്യനെ എത്തിക്കുന്ന നാസ ദൗത്യമായ ആർട്ടിമിസ് സജീവമായി മുന്നോട്ടുപോകുകയാണ്.  ആർട്ടിമിസ് പുറപ്പെടുന്നത് സ്പേസ് ലോഞ്ച് സിസ്റ്റം അഥവാ എസ്എൽഎസ് എന്ന മെഗാറോക്കറ്റിലാണ്.നാസയുടെ ബഹിരാകാശ പദ്ധതിയിൽ നിർണായക വഴിത്തിരിവാകുന്ന പദ്ധതിയാണ് ആർട്ടിമിസ്. ഇത്രയും പ്രാധാന്യമുള്ള ദൗത്യമായതിനാൽ വളരെ ബൃഹത്തായി മികവുറ്റ രീതിയിലാണ് എസ്എൽഎസ് റോക്കറ്റ് തയാർ ചെയ്തത്.1972 വരെ അപ്പോളോ ദൗത്യങ്ങൾ തുടർന്നു. ആകെ 12 പേർ ഈ ദൗത്യങ്ങളിലായി ചന്ദ്രനെ തൊട്ടു. എന്നാൽ പിന്നീട് ചന്ദ്രനിലേക്ക് മനുഷ്യർ പോയില്ല. 

അപ്പോളോ ദൗത്യങ്ങൾ അമേരിക്കയുടെ സാങ്കേതിക കരുത്തിന്റെ പ്രദർശനമായിരുന്നെങ്കിൽ ആർട്ടിമിസ് ഇതിനപ്പുറം സൗരയൂഥത്തെ പ്രായോഗികമായും ഗവേഷണപരമായും ഉപയോഗിക്കാനുള്ള ശ്രമങ്ങളുടെ നാന്ദികുറിക്കലാണ്. ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പിക്കാനും ചൊവ്വ ഉൾപ്പെടെ മറ്റിടങ്ങളിലേക്കുള്ള ദൗത്യങ്ങൾക്ക് ഇടത്താവളമാകാനും അങ്ങനെ ഭൂമിക്കു വെളിയിലേക്കുള്ള മനുഷ്യരുടെ എല്ലാപ്രവർത്തനങ്ങളുടെയും അച്ചുതണ്ടാകാനുമാണു ദൗത്യം ലക്ഷ്യമിടുന്നത്.

ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ‘ചന്ദ്രയാൻ– 2’ ലക്ഷ്യംവച്ച, ജലസാന്നിധ്യം ഉൾപ്പെടെ പല അനുകൂല ഘടകങ്ങളുമുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ആർട്ടിമിസ് മനുഷ്യനെ എത്തിക്കുക. ഇപ്പോഴത്തെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ രീതിയിൽ ഗേറ്റ്വേ എന്ന ഒരു ചാന്ദ്രനിലയം ആർടിമിസ് ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടുമെന്നതാണ് പുതിയ നീക്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 1969ൽ ലൂണ 17 എന്ന ബഹിരാകാശപേടകത്തിലേറ്റി ചന്ദ്രനിലെത്തിച്ച ലൂണോഖോഡ് 1 എന്ന റോവറാണ് ചന്ദ്രനിലെത്തിയ ആദ്യ റോവർ. ചന്ദ്രനിലെ സീ ഓഫ് റെയിൻസ് എന്ന മേഖലയിലാണ് ഈ റോവർ ഇറങ്ങിയത്.

അപ്പോളോ 15,16,17 ദൗത്യങ്ങൾക്കായി 1971–1972 കാലയളവിൽ ലൂണാർ റോവിങ് വെഹിക്കിൾ എന്ന 4 വീലുള്ള റോവർ അമേരിക്ക ചന്ദ്രനിലിറക്കി. 2 യാത്രികരെ വഹിക്കാൻ കഴിവുള്ളതായിരുന്നു ഇത്. ചൈനയുടെ യുട്ടു റോവർ അവരുടെ ചാങ്ങി 3 ദൗത്യത്തിന്റെ ഭാഗമായാണ് ചന്ദ്രനിലിറങ്ങിയത്. ചൈനയുടെ ആദ്യ ചാന്ദ്ര റോവറാണ് ഇത് 2016ൽ ഈ റോവർ പ്രവർത്തനം നിർത്തി. ചന്ദ്രയാൻ 3ൽ ഏറി പ്രഗ്യാൻ ചന്ദ്രോപരിതലത്തിലെത്തിയതോടെ ഈ നേട്ടം സാധിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com