10 ലക്ഷം മനുഷ്യരുമായി ചൊവ്വയിൽ പാര്‍ക്കാൻ മസ്ക്, താമസിക്കാൻ ഡോം വീടുകൾ; ആദ്യ യാത്രയിൽ കുട്ടികളെ കയറ്റില്ല!
Mail This Article
ഏകദേശം 20 വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ പത്തു ലക്ഷം മനുഷ്യരെ പാര്‍പ്പിക്കണം എന്ന ഉദ്ദേശത്തോടെ സ്പെയ്സ്എക്സ് മേധാവി ഇലോണ്‍ മസ്ക് ആരംഭിച്ച ദൗത്യം വിജയിപ്പിക്കാനുള്ള പരിശ്രമത്തിന് ആക്കം കൂട്ടിയെന്ന് റിപ്പോര്‍ട്ട്. യാഥാര്‍ത്ഥ്യമാകാന്‍ വളരെ സാധ്യത കുറഞ്ഞ സ്വപ്നമാണെങ്കിലും, അത്തരം ഒന്ന് ചിന്തിച്ചെടുക്കാന്‍ സാധിക്കുന്ന ചുരുക്കം ചില മനുഷ്യരില്‍ ഒരാളാണ്, വിചിത്ര സ്വപ്നങ്ങളുടെ തമ്പുരാനായ മസക്.
ചൊവ്വാ വാസത്തിനായി ചെറിയ താഴികക്കുടങ്ങളുടെ (dome) ആകൃതിയിലുള്ള പാര്‍പ്പിങ്ങളാണ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ പ്ലാന്‍ വരയ്ക്കുന്ന തിരക്കിലാണ് മസ്കിന്റെ ഒരു ടീം. മറ്റൊരു സംഘമാകട്ടെ ചൊവ്വായിലെ നിഷ്ഠുരമായ കാലാവസ്ഥയെ അതിജീവിക്കാനുള്ള സ്പെയ്സ് സൂട്ടുകള്ഉണ്ടാക്കിയെടുക്കുന്നതിനായി യത്നിക്കുന്നു. മെഡിക്കല്‍ ടീം പഠിച്ചുകൊണ്ടിരിക്കുന്നത് ചൊവ്വായില്‍ മനുഷ്യര്‍ക്ക് കുട്ടികളുണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന കാര്യമാണ്. ഈ പരീക്ഷണങ്ങള്‍ക്കായി തന്റെ ബീജം വരെ മസ്ക് പരീക്ഷണത്തിനായി നല്കിയെന്നു പോലും അവകാശവാദങ്ങളുണ്ട്.
ഭൂമിക്ക് വല്ലതും സംഭവിച്ചാല്‍ മനുഷ്യരാശിക്ക് എന്തു സംഭവിക്കും എന്നതാണ് ഇപ്പോള്‍ 270 ബില്ല്യന്‍ ഡോളര്‍ ആസ്തിയുളള കോടീശ്വരനെ അലട്ടുന്ന പ്രശ്നങ്ങളിലൊന്ന്. ഉദാഹരണത്തിന്, 2037ല്‍ ഭൂമിക്കു നേരെ പാഞ്ഞുവരാന്‍ 72 ശതമാനം സാധ്യതയുണ്ടെന്നു കരുതുന്ന ഛിന്നഗ്രഹം അപകടകരമായരീതിയില്‍ വലിപ്പമുള്ളതാണെങ്കില്‍, അത് തകര്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഭൂമിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.
ഏകദേശം 180 കിലോമീറ്റര്‍ വ്യാസവും, 20 കിലോമീറ്റര്‍ ആഴവും ഉള്ള അസ്റ്റെറോയിഡ് ഭൂമിയില്‍ ഇടിച്ചതു മൂലമാണ് ആ കാലത്ത് ഭൂമിയെ അടക്കിവാണ ദിനോസറുകള്‍ക്ക് വംശനാശം നേരിട്ടതെന്നുള്ള നിഗമനം ഓര്‍ക്കുക. അല്ലെങ്കില്‍ കോവിഡിനേക്കാള്‍ വലിയ മഹാമാരികള്‍ വരാം. കാലാവസ്ഥാ വ്യതിയാനവും ആണവ യുദ്ധവും ഒക്കെ മനുഷ്യരാശിയുടെ അന്ത്യത്തിനു കാരണമാകാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രശ്നകാരിയാകാം. ഇവയില്‍ ഒന്നിലേറെ പ്രശ്നങ്ങള്‍ ഒരുമിച്ചും വരാം. പരിണാമ പ്രക്രിയയില്‍ ഇത്രയധികം പുരോഗമിച്ച ജീവികളായ മനുഷ്യര്‍ക്ക് വംശനാശം വരാതിരിക്കാനായി മറ്റൊരു ഗ്രഹത്തില്‍ പാര്‍പ്പിടം ഒരുക്കാനാണ് മസ്ക് ശ്രമിക്കുന്നത്.
ചൊവ്വാ വാസത്തിനുള്ള ശ്രമം ത്വരിതപ്പെടുത്താനുള്ള കാരണങ്ങളിലൊന്ന് മസ്കിന് 53 വയസ് ആയി എന്നതാണ് എന്ന് ചിലര്‍ നിരീക്ഷിക്കുന്നു. എന്തായാലും അദ്ദേഹത്തിന്റെ സ്വപ്നം അദ്ദേഹത്തിന്റെ ജീവിതകാലത്ത് പൂവണിയാനുള്ള സാധ്യത പല വിദഗ്ധരും തള്ളിക്കളയുന്നു. ആരൊക്കെ എന്തൊക്കെ തളളിയാലും മസ്ക് തന്റെ ഉദ്യമത്തില്‍ മുന്നോട്ടു തന്നെയാണ്.
ചൊവ്വായുടെ ഉപരിതലത്തില്‍ മനുഷ്യരെ സ്വാഗതം ചെയ്യുന്നത്
ചൊവ്വായില്‍ ഇതുവരെ മനുഷ്യര്‍ കാലുകുത്തിയിട്ടു പോലുമില്ല. നാസ കരുതുന്നത് 2040കളില്‍ ആദ്യമായി ചൊവ്വായില്‍ മനുഷ്യരെ ഇറക്കാന്‍ സാധിക്കുമോ എന്നാണ്. ചൊവ്വായുടെ ഉപരിതലത്തില്‍ മനുഷ്യരെ സ്വാഗതം ചെയ്യാന്‍ പോകുന്നത് തരിശുപ്രതലവും, ഐസിന്റെ തണുപ്പുള്ള കാലാവസ്ഥയും, പൊടികൊടുങ്കാറ്റുകളും, ശ്വസിക്കാന്‍ സാധിക്കാത്ത വായുവുമെല്ലാമാണ്. ഇതൊക്കെയാണങ്കിലും താന്‍ ചൊവ്വായില്‍ മനുഷ്യ സംസ്കാരം സ്ഥാപിച്ചേ അടങ്ങൂ എന്ന വാശിയിലാണ് മസ്ക്.
താന്‍ ഏറ്റെടുത്ത ദൗത്യങ്ങളില്‍ ഒന്നും തന്നെ അമ്പേ പരാജയമായി തീരാത്ത ആള് എന്ന നിലയിലാണ് മസ്കിന്റെ പുതിയ സ്വപ്നത്തെ പരിഹസിക്കാന്‍ ആരും തയാറാകാത്തത്. ഇത്തരം സ്വപ്നങ്ങള്‍ കാണാനും ആരെങ്കിലും വേണം എന്നാണ് സുപ്രശസ്ത അസ്ട്രോ ഫിസിസിസ്റ്റ് ആയ നീല്‍ ഡിഗ്രാസ്-ടൈസണ്ഒരിക്കല് ഇതെക്കുറിച്ച് പ്രതികരിച്ചത്. ചൊവ്വാ വാസത്തിനുള്ള മുന്നൊരുക്കത്തിന് മസ്കിനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ തന്നെ ആറു കമ്പനികള്‍ ഉണ്ട്. ഇവയെ ആശ്രയിച്ചാണ് മസ്ക് ഇപ്പോള്‍ പണികള്‍ കൂടുതല്‍ വേഗത്തിലാക്കിയിരിക്കുന്നതെന്ന് ന്യൂയോര്‍ക് ടൈംസിന് ലഭിച്ച രേഖകള്‍ പറയുന്നു.
സ്റ്റീല്‍ കവചമുള്ള സൈബര്‍ ട്രക്കുകൾ
മസ്ക് സ്ഥാപിച്ച ടണല്‍ ഉണ്ടാക്കുന്ന ദി ബോറിങ് കമ്പനി (The Boring Co) ആയിരിക്കും ചൊവ്വായുടെ പ്രതലത്തില്‍ കുഴിക്കാനുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുക എന്ന് കമ്പനിയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാവുന്ന രണ്ടു പേര് പറഞ്ഞെന്നും എന്‍വൈടി പറയുന്നു. അഭിപ്രായഐക്യത്തോടെ പൗരന്മാര് തന്നെ നയിക്കുന്ന ഗവണ്മെന്റ് എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനുള്ള പരീക്ഷണം നടത്താനാണ് സമൂഹ മാധ്യമമായ ട്വിറ്റര്‍ (ഇപ്പോള്‍ എക്സ്) മസ്ക് വാങ്ങിയതത്രെ. മസ്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയാ ടെസ്ല നിര്‍മ്മിച്ച സ്റ്റീല്‍ കവചമുള്ള സൈബര്‍ ട്രക്കുകളായിരിക്കുംചൊവ്വാ വാസികള്‍ ഓടിക്കുക. താന്‍ ഉണ്ടാക്കുന്ന പണം ചൊവ്വായില്‍ കോളനി സ്ഥാപിക്കാനായിരിക്കും ഉപയോഗിക്കുക എന്നും മസ്ക് പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.
ഭൂമിയുമായി ബന്ധമില്ലാതെ സ്വതന്ത്രമായി നിലനില്ക്കാന് സാധിക്കുന്ന ഒരു സംസ്കാരം ചൊവ്വയില്‍ കെട്ടിപ്പെടുക്കാനാണ് മസ്ക് ഉദ്ദേശിക്കുന്നത്. എന്നാല്‍, പത്തു ലക്ഷം പേരെ പൊടുന്നനെ ചൊവ്വായില്‍ ഇറക്കാനൊന്നും സാധിക്കില്ലെന്നാണ് എയ്റോസ്പെയ്സ് എൻജിനിയറായ റോബര്‍ട് സുബ്രിന്‍ പറയുന്നത്. ഏതെങ്കിലും രീതിയില്‍ ചൊവ്വാ വാസം സാധ്യമായാല്‍ പോലും ലക്ഷക്കണക്കിനു പേരെ എത്തിക്കന്‍ പതിറ്റാണ്ടുകള്‍ എടുക്കുമെന്നും അദ്ദേഹം പറയുന്നു. കൂടാതെ, എക്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് മസ്കിന്റെ ശ്രദ്ധ ഇപ്പോള്‍ ചൊവ്വാ പരീക്ഷണങ്ങളില്‍ നിന്ന് മാറിനില്കുകകയാണെന്നും സുബ്രിന്‍ പറഞ്ഞു. അതേസമയം, ചൊവ്വാ പദ്ധതിയെക്കുറിച്ച് മസ്ക് വാചാലനാകാത്തതിന് ഒരു കാരണം നാസയുമായി മസ്കിന്റെ കമ്പനിയായ സ്പെയ്സ്എക്സ് ഏര്‍പ്പെട്ടിരിക്കുന്ന 2.9 ബില്ല്യന്‍ ഡോളറിന്റെ കാരാര്‍ മൂലമാണത്രെ. ചന്ദ്രനില്‍ ഇറക്കാനുള്ള റോക്കറ്റ് നാസയ്ക്ക് പണിതു നല്‍കാനുള്ള കരാറാണത്. അത്ആദ്യം പൂര്‍ത്തിയാക്കണം.
ബേസോസിന് മുമ്പേ വല്ലതും നടക്കുമോ?
മസ്കിന്റെ ജീവിത കാലത്ത് ചൊവ്വായില്‍ നഗരം പണിയുക എന്ന സാധ്യതയില്‍ മസ്കിന്റെ ജോലിക്കാര്‍ പോലും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല. അതേസമയം, അദ്ദേഹത്തിന്റെ അടുത്ത എതിരാളിയായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബേസോസ് ഭൂമിക്കു വെളിയില്‍ മനുഷ്യരെ പാര്‍പ്പിക്കുന്ന സ്വപ്നംകാണുന്നുണ്ട്. സൗരയൂധത്തില്‍ കൂറ്റന്‍ സ്പേസ് സ്റ്റേഷനുകളില്‍ മനുഷ്യരെ താമസിപ്പിക്കുന്ന കാര്യമാണ് ബേസോസ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
ഇങ്ങനെ വല്ലതും ബേസോസിന് സാധിക്കുന്നതിനു മുമ്പ് തന്റെ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമോ എന്നാണ് മസ്ക് ആരായുന്നതെന്ന് അദ്ദേഹത്തിന്റെ ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു എന്നും എ. അതിനാലാണ്, ചൊവ്വാ പദ്ധതി മസ്ക് ഇപ്പോള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നത്. ചൊവ്വാ വാസവുമായിബന്ധപ്പെട്ട് ചില രേഖാ ചിത്രങ്ങളും തയാറാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മസ്കോ സ്പെയ്സ്എക്സോ മറുപടി നല്കാന് വിസമ്മതിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൊവ്വ പ്രേമത്തിനു തുടക്കമിട്ടത് അസിമോവ്
മസ്ക് പത്താമത്തെ വയസിലാണത്രെ ഐസക് അസിമോവിന്റെ ശാസ്ത്ര നോവല്‍ ഫൗണ്ടേഷന് വായിക്കുന്നത്. ഇതിലെ നായകന് ആകാശവീഥിയില്‍ (galaxy) കോളനി പണിത് മനുഷ്യരാശിയെ രക്ഷിക്കുന്നു. ചൊവ്വാ ദൗത്യം എന്ന സ്വപ്നം മസ്ക് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത് ഇത് ആദ്യമായല്ല. അദ്ദേഹം 2001ല്‍ റഷ്യയില്‍ നിന്ന് ഒരു റോക്കറ്റ് വാങ്ങി ചൊവ്വായില്‍ ഇറക്കാന്‍ പദ്ധതി ഇട്ടിരുന്നു. എന്നാല്‍, റഷ്യക്കാര്‍ അത് മസ്കിന് വില്ക്കാന് വിസമ്മതിച്ചു. അതിന്റെ പ്രതികരണമായാണ് മസ്ക് 2002ല്‍ സ്പെയ്സ്എക്സ് സ്ഥാപിക്കുന്നത്.
ചൊവ്വയില്‍ ഇറക്കാന്‍ പുനരുപയോഗിക്കാവുന്ന ഒരു റോക്കറ്റ് സ്പെയ്സ്എക്സ് ഉണ്ടാക്കിയിട്ടുണ്ട്. എകദേശം 400 അടിയാണ് ഈ സ്റ്റാര്‍ഷിപ്പിന്റെ നീളം. എന്നാല്‍, ചൊവ്വാക്കുതിപ്പിനു മുമ്പ് നാസയുടെ ബഹിരാകാശ സഞ്ചാരികളുമായി ആദ്യം ചന്ദ്രനില്‍ ഇറങ്ങണം. ചന്ദ്രന് ഒരു സ്പെയസ്സ്റ്റേഷന് പോലെ പ്രവര്‍ത്തിപ്പിക്കാനാകുമോ എന്നും ആരായും.
ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന സ്റ്റാര്‍ഷിപ്പിന്റെ നോസില്‍ (nose) ആയിരിക്കും സഞ്ചാരികള്‍ക്കുള്ള ഇടം. ഇതില്‍ പല നിലകള്‍ ഉണ്ടായേക്കും. ഓടാനുള്ള ട്രാക്ക്, സിനിമാ തിയറ്റര്‍ തുടങ്ങിയവയും ഉണ്ടാക്കിയേക്കും. സ്റ്റാര്‍ഷിപ്പില്‍ 100 യാത്രികരെ വച്ചായിരിക്കും ഭൂമിയില്‍നിന്ന് ഏകദേശം 140 ദശലക്ഷം മൈല്‍ അകലെ സ്ഥിതിചെയ്യുന്ന ചൊവ്വായിലേക്ക് ആദ്യം കൊണ്ടുപോകാന്‍ ശ്രമിക്കുക. ചൊവ്വായിലെത്താന്‍ പ്രതീക്ഷിക്കുന്ന സമയം 9 മാസം.
ചൊവ്വയിലെ ഐസ് ശേഖരിച്ച് വെള്ളമുണ്ടാക്കുന്നതും ആ ഗ്രഹത്തില്‍ ഏതു ഭാഗമായിരിക്കും വാസയോഗ്യം എന്നു കണ്ടെത്തലും തുടങ്ങി പല ചര്‍ച്ചകളും ഗവേഷകരുമായി നടത്തിയിട്ടുണ്ട്. ആദ്യ പൊക്കുവരവില് സ്റ്റാര്‍ഷിപ്പില്‍ കുട്ടികളെ കയറ്റില്ലെന്ന് മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. കാരണംഅപകടം പിടിച്ച യാത്രയാണത്. എങ്കിലും ഒരുകാലത്ത് കുട്ടികള്‍ക്ക് ചൊവ്വായില്‍ വസിക്കാമെന്നും മസ്ക് സ്വപ്നം കാണുന്നു.
പുതിയ മനുഷ്യരെ സൃഷ്ടിക്കുമോ?
വിചിത്ര സ്വപ്നങ്ങളുടെ തമ്പുരാന് തന്റെ സ്വന്തം മനുഷ്യവംശത്തെ സൃഷ്ടിക്കുന്ന കാര്യവും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ചൊവ്വാ വാസത്തിനിണങ്ങിയ പുതിയ ഓര്‍ഗനിസങ്ങളെ ബയൊഎഞ്ചിനിയറിങ് നടത്തി സൃഷ്ടിക്കാനും മസ്ക് ആഗ്രഹിക്കുന്നു. ചൊവ്വായിലെ ഈ ഐസ് പ്രശ്നം എങ്ങനെ പരിഹരിക്കുംഎന്ന കാര്യത്തിനും മസ്കിന് പരിഹാര മാര്‍ഗ്ഗം ഉണ്ട്-ഒരു പറ്റം തെര്‍മോന്യൂക്ലിയര്‍ സ്ഫോടനങ്ങള്‍ നടത്തുക, കൃത്രിമ സൂര്യന്മാരെ വിന്യസിക്കുക. ചൊവ്വായിലെ പാര്‍പ്പിടങ്ങള്‍ക്ക് സോളാര്‍ പാനലുകളായിരിക്കും ഊര്‍ജ്ജം പിടിച്ചെടുക്കുക.
കമ്യൂണ്‍ ആയി ജീവിക്കാന്‍ ഒരു കൂറ്റന്‍ ഡോം ആയിരിക്കും ഉണ്ടാകുക. കൊച്ചു കൊച്ചു ഡോമുകള്‍ വേറെയും. എന്തു വസ്തുക്കള്‍ ഉപയോഗിച്ചാണ് നഗരം ഉണ്ടാക്കേണ്ടത് എന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുന്നു. എന്തുവച്ച് ഉണ്ടാക്കിയാലും നല്ല സ്റ്റൈലിഷ് ആയിരിക്കണം നഗരം എന്ന ഒറ്റക്കാര്യത്തില്മാത്രം മസ്ക് വിട്ടുവീഴ്ചയ്ക്ക് തയാറല്ല.
പകല്‍ക്കിനാവ് അല്ല
മസ്കിനെ പോലെ തന്നെ സ്പെയ്സ്എക്സിലെ 12,000ലേറെ ജോലിക്കാരും അന്യഗ്രഹ വാസം സാധ്യമാകുമെന്ന് കരുതുന്നു. ചൊവ്വായില്‍ വസിക്കുക, റോക്കറ്റ് പാരന്റ് തുടങ്ങിയ ടി-ഷര്‍ട്ടുകള്‍ ഇട്ടുകൊണ്ട് അവര്‍ ജോലിക്കെത്താറുണ്ട്. തങ്ങള്‍ക്ക് ചൊവ്വാ വാസത്തിന് ചേരുന്ന പുതിയ എന്തെങ്കിലുംആശയം തോന്നിയാല്‍ അത് കമ്പനിക്കുള്ളില്‍ മാത്രം ലഭിക്കുന്ന ഒരു വെബ്സൈറ്റല്‍ എഴുതിയിടുകയും ചെയ്യും.
ഇവരില്‍ പലരും ബൊക ചികയിലെ സ്പെയ്സ്എക്സിലാണ് ജോലിയെടുക്കുന്നത്. ഒരു തൊഴിലിടം എന്ന നിലയില്‍ ഇവിടെ പല കുറവുകളും ഉണ്ട്. എന്നാല്‍ ചൊവ്വാ വാസം സാധ്യമാക്കാനുള്ള യത്നത്തില്‍ പങ്കാളികളാകാന്‍ സാധിക്കുന്നതിനാല്‍ അത്തരം യാതനകള്‍ കുഴപ്പമില്ലെന്ന അഭിപ്രായമുള്ള ജോലിക്കാരുംഉണ്ട്.
ഇവിടെ നിന്ന് രാജിവച്ചു പോയ ഒരു സ്പെയ്സ്എക്സ് പെണ് മാനേജര്‍ തൊഴിലിടത്തെ മൃഗീയം എന്നാണ് വിവരിച്ചത്. എന്നാല്‍, ഒരു അമ്പരപ്പിക്കുന്ന സ്ഥലവുമാണിത്. ഇവിടെ ലഭിക്കുന്നതിന് പകരംവയ്ക്കാനാകുന്ന അനുഭവങ്ങള്‍ ഇല്ലെന്നും അവര്‍ പറയുന്നു.
ഇവിടേക്ക് മസ്ക് എത്തുന്നത് അടുത്തിടെയായി കുറവാണ്. മാസത്തില്‍ ഒരിക്കലൊക്കെ വന്നെങ്കിലായി. ചിലപ്പോഴൊക്കെ പാതിരാത്രിക്ക് ഏതാനും മണിക്കൂര്‍ നേരത്തേക്ക് കൈക്കുഞ്ഞായ മകനുമായി ആയിരിക്കും അദ്ദേഹം എത്തുക. ഇതൊക്കെയാണെങ്കിലും ചൊവ്വായില്‍ പുതിയ സംസ്കാരം തുടങ്ങുക എന്നകാര്യത്തില്‍ അദ്ദേഹത്തിന് ശങ്കയൊന്നുമില്ലത്രെ.