ADVERTISEMENT

കാലിഫോർണിയം എന്ന റേഡിയോ ആക്ടീവ് വസ്തുവെന്ന അവകാശ വാദത്തോടെ ചില പദാർഥങ്ങളുമായി ഒരു സംഘത്തെ ബീഹാറിലെ ഗോപാൽഗഞ്ചിൽ പൊലീസ് പിടികൂടിയിരുന്നു.'കൈലി മുണ്ടാൽ' മുഖം മറച്ച സംഘാഗങ്ങളെയും  ഒരു പ്ലാസ്റ്റിക് ജാറിൽ സമീപത്തെ മേശയിൽ 850 കോടി രൂപയുടെ കാലിഫോര്‍ണിയവും പൊലീസ് പുറത്തുവിട്ട ചിത്രത്തിൽ കാണാം.

850 കോടിയോളം വില വരുന്ന 50 ഗ്രാമോളം കാലിഫാർണിയമാണ് പൊലീസിനു ലഭിച്ച രഹസ്യവിവരത്തിൽ പിടികൂടിയത്. എന്താണ് കാലിഫോർണിയമെന്നും ,അതീവ റേഡിയേഷനുള്ള വസ്തുവാണെന്നതിനാൽ യഥാർഥ കാലിഫോർണിയമാണ് ഈ ചിത്രത്തിലുള്ളതെങ്കിൽ ഇങ്ങനെ കൈകാര്യം ചെയ്യാനാകുമോയെന്നും പരിശോധിക്കാം.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധനയ്ക്കിടെയാണ്  കാലിഫോര്‍ണിയം എന്ന അത്യുഗ്ര റേഡീയോ ആക്ടീവ് മൂലകം പിടികൂടിയത്.ഈ സംശയാസ്പദമായ റേഡിയോ ആക്ടീവ് പദാർത്ഥത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള പ്രത്യേക സംഘത്തെ വിളിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കാലിഫോർണിയമാണ് ഇതെന്നു ഉറപ്പിക്കുന്ന ഐഐടി മദ്രാസിന്റെ പേരിലുള്ള  സര്‍ടിഫിക്കറ്റ് ഒപ്പമുണ്ടായിരുന്നെങ്കിലും,ഈ രേഖ വ്യാജമാണെന്നു തെളിഞ്ഞു.

എന്താണ് കാലിഫോർണിയം?

ആറ്റോമിക നമ്പർ 98 ഉള്ള ഒരു സിന്തറ്റിക് റേഡിയോ ആക്ടീവ് മൂലകമാണ് കാലിഫോർണിയം (Cf). കലിഫോർണിയയുടെയും അത് കണ്ടെത്തിയ സർവകലാശാലയുടെയും പേരിലാണ് ഈ മൂലകത്തിന് പേര് നൽകിയിരിക്കുന്നത്. ആവർത്തനപ്പട്ടികയിലെ ആക്ടിനൈഡ് ശ്രേണിയിലെ അംഗമാണ് കാലിഫോർണിയം. ഇത് സ്വാഭാവികമായി കാണപ്പെടുന്നില്ല, ന്യൂക്ലിയർ പ്രതിപ്രവർത്തനങ്ങളിലൂടെയാണ് നിർമിക്കുന്നത്.

ന്യൂക്ലിയർ റിയാക്ടറുകളിൽ, ന്യൂക്ലിയർ പ്രതിപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ഒരു ന്യൂട്രോൺ സ്രോതസ്സായി ഇത് പ്രവർത്തിക്കുന്നു. മാത്രമല്ല എണ്ണ പര്യവേക്ഷണം പോലുള്ള വ്യവസായങ്ങളിൽ, അത് ഭൂഗർഭ സംഭരണികൾ കണ്ടെത്താൻ സഹായിക്കുന്നു.  മസ്തിഷ്കം, സെർവിക്കൽ ട്യൂമറുകൾ പോലുള്ള പ്രത്യേക തരം ക്യാൻസറുകൾ ചികിത്സിക്കുന്നതിനും ഈ മൂലകം ഉപയോഗിക്കാറുണ്ട്.

അതേസമയം കാലിഫോർണിയവുമായി സമ്പർക്കം പുലർത്തുന്നത് പൊള്ളൽ, അവയവങ്ങൾക്ക് കേടുപാടുകൾ, കാൻസർ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ റേഡിയേഷൻ രോഗങ്ങളിലേക്ക് നയിച്ചേക്കാം .

അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത്

കാലിഫോർണിയം കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ഉപകരണങ്ങളും ഉയർന്ന പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ആവശ്യമാണ്. പ്രധാന സുരക്ഷാ നടപടികളിൽ ഇവ ഉൾപ്പെടുന്നു:

മനുഷ്യരിലേക്കു റേഡിയേഷൻ എക്സ്പോഷർ കുറയ്ക്കുന്നതിന് റോബട്ടിക് ഉപകരണങ്ങളിലൂടെ കാലിഫോർണിയം കൈകാര്യം ചെയ്യുന്നതായിരിക്കും അഭികാമ്യം.

ഷീൽഡിങ്: വികിരണം ആഗിരണം ചെയ്യാൻ ലെഡിന്റെയും കോൺക്രീറ്റിന്റെയോ കട്ടിയുള്ള പാളികൾ ഉപയോഗിക്കുന്നു.

വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ: കൈകാര്യം ചെയ്യുന്നവർ പ്രത്യേക സ്യൂട്ടുകൾ, കയ്യുറകൾ, റെസ്പിറേറ്ററുകൾ എന്നിവ ഉപയോഗിക്കുന്നു.

റെഗുലർ മോണിറ്ററിങ്: ഏതെങ്കിലും അപാകതകൾ കണ്ടെത്തുന്നതിന് റേഡിയേഷൻ അളവ് തുടർച്ചയായി നിരീക്ഷിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com