ADVERTISEMENT

ഉഷ്ണമേഖലയിൽ ഓസോൺ ശോഷിക്കുന്നെന്ന് 2022ൽ പഠനം പുറത്തിറങ്ങിയതു വലിയ ആശങ്കയ്ക്ക് ഇടനൽകിയിരുന്നു. ഏഴുമടങ്ങ് വലുപ്പമുള്ള വിള്ളലുണ്ടായിരുന്നെന്നായിരുന്നു അവകാശവാദം. ഈ വിഷയത്തിൽ ഇപ്പോൾ സമഗ്രമായ പഠനം പൂർത്തീകരിച്ചിരിക്കുകയാണ് ഇന്ത്യൻ ഗവേഷകർ. ഭൂമിയുടെ ഉഷ്ണമേഖലയ്ക്ക് (ട്രോപ്പിക്കൽ ഏരിയ) മുകളിൽ ഓസോൺ പാളിയിൽ വിള്ളലുണ്ടെന്ന അഭ്യൂഹം തള്ളിയാണ് ഇന്ത്യൻ ഗവേഷകരുടെ പഠനഫലം. ഐഐടി ഖരഗ്പുരിലെ സെന്റർ ഫോർ ഓഷ്യൻ–റിവർ–അറ്റ്മോസ്ഫിയർ ആൻഡ് ലാൻഡ് സയൻസസിലെ പ്രഫസർ ജയനാരായണൻ കുറ്റിപ്പുറത്തും സംഘവുമാണു പുതിയ പഠനവുമായി രംഗത്തെത്തിയത്. 

Image Credit: Shutterstock
Image Credit: Shutterstock

ഗണ്യമായ ഓസോൺ വിള്ളലില്ലെന്നും ആ മേഖലയിൽ താമസിക്കുന്നയാളുകൾക്ക് ഇതു മൂലം ആരോഗ്യഭീഷണികളില്ലെന്നും തെളിഞ്ഞു. കേരളം ഈ മേഖലയിൽ പെടുന്നതാണ്. ജർമനിയിൽനിന്നും ഫ്രാൻസിൽ നിന്നുമുള്ള ശാസ്ത്രജ്ഞരും ഗവേഷണത്തിൽ പങ്കാളികളായിരുന്നു. ഭൗമനിലയങ്ങൾ, ബലൂൺ സംവിധാനങ്ങൾ, നിരീക്ഷണ ഉപഗ്രഹങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് 1980 മുതൽ 2022 വരെ ശേഖരിച്ച വിവരങ്ങൾ വിലയിരുത്തിയായിരുന്നു ഗവേഷണം. 

ഓസോണിലെ വിള്ളൽ സ്ഥിതി ചെയ്യുന്ന മേഖലയിൽ താമസിക്കുന്നവരിൽ കാൻസർ, ത്വക്‌രോഗങ്ങൾ, കാഴ്ചപ്രശ്നങ്ങൾ തുടങ്ങിയവയ്ക്കു കാരണമാകാറുണ്ട്. ഏറെ ജനസാന്ദ്രതയുള്ള ഉഷ്ണമേഖലയിൽ ഗണ്യമായ വിള്ളലില്ലെന്ന പഠനത്തിന് അതിനാൽ തന്നെ ആഗോള പ്രസക്തിയുണ്ട്. ട്രോപ്പിക്കൽ മേഖലകളിലെ ഓസോൺ സാന്നിധ്യം (260 ഡോബ്സൺ യൂണിറ്റ്) സ്ഥിരതയുള്ളതാണെന്നും ഓസോൺ ദ്വാരമെന്നു കണക്കാക്കാവുന്ന അളവിനെക്കാൾ (220 ഡോബ്സൺ യൂണിറ്റ്) ഉയർന്നതാണെന്നും തെളിഞ്ഞു. 

Representative Image. Image Credit: Kryuchka Yaroslav/ShutterStockphoto.com
Representative Image. Image Credit: Kryuchka Yaroslav/ShutterStockphoto.com

ക്വിങ് ബിൻ ലുവിന്റെ വിവാദപഠനം

ഭൂമിയിലെ ട്രോപ്പിക്കൽ മേഖലയ്ക്കു മുകളിലായി ഓസോൺ പാളിയിൽ വമ്പൻ ദ്വാരം നിലനിൽക്കുന്നുണ്ടെന്ന പഠനം കാനഡയിലെ ഒന്‌റാരിയോയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് വാട്ടർലൂവിലെ ശാസ്ത്രജ്ഞനായ ക്വിങ് ബിൻ ലുവാണ് മുന്നോട്ടുവച്ചത്.1980 മുതൽ തന്നെ ട്രോപ്പിക്കൽ മേഖലയ്ക്കു മുകളിലായി ഓസോൺ ദ്വാരം നിലനിൽക്കുന്നതായി പറഞ്ഞുള്ള ലേഖനം എഐപി അഡ്വാൻസസ് എന്ന ജേണലിലാണു പ്രസിദ്ധീകരിച്ചത്.

ലേഖനത്തെ മുൻനിര ഗവേഷകരും കാലാവസ്ഥാ ശാസ്ത്രജ്ഞരും അന്നേ വിമർശിച്ചിരുന്നു. കൃത്യമായ പഠനമില്ലാതെ ഇത്തരത്തിലൊരു പഠനം പ്രസിദ്ധീകരിച്ചത് സഹതാപാർഹമാണെന്ന് ബ്രിട്ടനിലെ ലീഡ്‌സ് സർവകലാശാലയിലെ ശാസ്ത്രജ്ഞനായ മാർട്ടിൻ ചിപ്പർഫീൽഡ് പറഞ്ഞിരുന്നു,മൂന്ന് ഓക്‌സിജൻ ആറ്റമുകളുടെ സംയുക്തമായ ഓക്‌സിജൻ സ്ട്രാറ്റോസ്ഫിയർ എന്ന ഉന്നത അന്തരീക്ഷ മേഖലയിലാണു സ്ഥിതി ചെയ്യുന്നത്.ഭൂമിയിൽ നിന്ന് 10 മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ഓസോൺ പാളി നമ്മെ രക്ഷിക്കുന്നു.

1980ൽ ക്ലോറോഫ്‌ളൂറോ കാർബണുകൾ എന്ന മലിനീകരണ രാസവസ്തുക്കൾ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ ക്ലോറിനും ബ്രോമിനുമായി മാറുന്നെന്നും ഇവ ഓസോൺ പാളിയുടെ നേർപ്പിക്കലിനു കാരണമാകുന്നെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ആഗോള പരിസ്ഥിതി രംഗത്തെ മാറ്റിമറിച്ച ഒരു കണ്ടെത്തലായിരുന്നു ഇത്. പ്രശസ്തമായ 1987ലെ മോൺട്രിയൽ പ്രോട്ടോക്കോളിന്‌റെ പിറവിക്ക് ഇതു കാരണമായി.

ഓസോണിന്‌റെ തീവ്രത 220 ഡോബ്‌സൺ യൂണിറ്റുകൾക്ക് താഴെപ്പോകുന്ന മേഖലകളെയാണ് ദ്വാരം എന്നു വിളിക്കുന്നത്. അന്തരീക്ഷത്തിൽ എത്രത്തോളം ഓസോൺ തന്മാത്രകളുണ്ടെന്നതിന്‌റെ അളവാണു ഡോബ്‌സൺ യൂണിറ്റ്. അന്‌റാർട്ടിക്കയ്ക്കു മുകളിൽ ഉണ്ടായിരുന്ന ഓസോൺ ദ്വാരമായിരുന്നു ഏറ്റവും പ്രശസ്തം. ഇതിന്‌റെ ഏഴുമടങ്ങ് വിസ്തീർണമുള്ള ദ്വാരമാണ് ട്രോപ്പിക്കൽ മേഖലയ്ക്കു മുകളിൽ ഉണ്ടായിരുന്നതെന്നായിരുന്നു ക്വിങ് ബിൻ ലുവിന്‌റെ പഠനം. സ്വന്തമായി സൃഷ്ടിച്ച ചില മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് ലു ഈ നിഗമനത്തിലെത്തിയത്. എന്നാൽ ഇതൊന്നും ശാസ്ത്രീയമല്ലെന്ന് ലുവിനെ പലരും വിമർശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com