ADVERTISEMENT

മനുഷ്യന് പൂര്‍വികനുള്ളതു പോലെ മറ്റു ജീവികള്‍ക്കും പൂര്‍വികനുണ്ടല്ലോ. അങ്ങനെ നോക്കിയാല്‍ എല്ലാ ജീവജാലങ്ങളുടേയും ഒരു പൊതു പൂര്‍വിക ജീവിയുണ്ടാവുമോ? ഉണ്ടാവുമെന്നാണ് ശാസ്ത്രം കരുതുന്നത്. അങ്ങനെയൊരു ജീവിക്ക് ലൂക്ക(Last Universal Common Ancestor) എന്നു പേരുമിട്ടിട്ടുണ്ട് ശാസ്ത്രജ്ഞര്‍. ലൂക്കയെക്കുറിച്ചുള്ള അന്വേഷണം വര്‍ഷങ്ങളായി തുടങ്ങിയിട്ടെങ്കിലും ഇപ്പോഴാണ് ശ്രദ്ധേമായ മുന്നേറ്റം നടത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചത്. 

നാച്ചുര്‍ ഇക്കോളജി ആന്റ് എവല്യൂഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ലൂക്കയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നത്.  ഭൂമിയില്‍ ഏതാണ്ട് 420 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൂക്കയെന്ന പൊതു പൂര്‍വിക ജീവി ജീവിച്ചിരുന്നുവെന്നാണ് ശാസ്ത്രം കണക്കുകൂട്ടുന്നത്. നേരത്തെ കരുതിയതിനേക്കാളും ഭൂമിയുടെ ഉത്ഭവത്തോടു ചേര്‍ന്നുള്ള കാലമാണിത്. ഏകദേശം 454 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്. 

ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കുമിടയില്‍ നൂറ്റാണ്ടുകളായി വിവാദ വിഷയമാണ് ലൂക്ക. ഭൂമിയില്‍ പിറന്ന ആദ്യ ജീവിയായിട്ടല്ല ലൂക്കയെ കണക്കാക്കുന്നത്. മറിച്ച് എല്ലാജീവികളുടേയും പൊതു പൂര്‍വിക ജീവിയെന്ന നിലയിലാണ്. പരമാവധി 340 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സൂഷ്മ ജീവികളുടേയും മറ്റും ഫോസിലുകളേ ഇതുവരെ നമുക്ക് വീണ്ടെടുക്കാനായിട്ടുള്ളൂ. ഇനിയുമേറെ പിന്നിലേക്കു പോവണം ലൂക്കയിലേക്കെത്താനെന്നാണ് പുതിയ പഠനം കാണിക്കുന്നത്. 

ഏതൊരു ജീവിയുടേയും സുപ്രധാന ഘടകങ്ങളാണ് ജനിതക കോഡും ഡിഎന്‍എയും. ഇത് ഭൂമി പിറന്ന് അധികം വൈകാതെ തന്നെ ഉടലെടുത്തുവെന്നാണ് കരുതപ്പെടുന്നത്. 700ഓളം ബാക്ടീരിയകളുടേയും ഫംഗസുകളുടേയും ജനിതകവിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ച് പരിശോധിച്ചു. ഇതില്‍ നിന്നും 57 ജനിതക കുടുംബങ്ങളില്‍ നിന്നുള്ളവയാണ് ഇവയെന്ന് തിരിച്ചറിഞ്ഞു. പ്രകാശ സംശ്ലേഷണത്തിനുള്ള കഴിവില്ലാത്ത ബാക്ടീരിയ വിഭാഗത്തില്‍ പെടുന്ന ജീവിയായിരുന്നിരിക്കണം ലൂക്കയെന്ന കണക്കുകൂട്ടലിലാണ് ഇപ്പോള്‍ ഗവേഷകര്‍. 

പ്രതീകാത്മക ചിത്രം. ( Credit:Divaneth-Dias/ Istock)
പ്രതീകാത്മക ചിത്രം. ( Credit:Divaneth-Dias/ Istock)

ഭൂമിയിലെ ജീവജാലങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും തിരിച്ചറിയുന്നതിനും പുതിയ പഠനം സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതികവിദ്യ കൂടുതല്‍ വികസിക്കുന്നതോടെ കൂടുതല്‍ പഴയകാലത്തു നിന്നുള്ള ജീവികളുടെ വിശദാംശങ്ങൾ ശേഖരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം. അങ്ങനെ വരുമ്പോള്‍ ലൂക്കയെന്ന പൊതു പൂര്‍വിക ജീവിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

English Summary:

The nature of the last universal common ancestor and its impact on the early Earth system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com